ആരോഗ്യപ്രവർത്തകരെ അക്രമിച്ചാൽ കേസെന്ന ബോധ്യം സമൂഹത്തിനുണ്ടാവണം

dr bibin mathew
ഡോ. ബിബിൻ പി. മാത്യു
SHARE

ആരോഗ്യപ്രവർത്തകർക്ക് നേരേയുള്ള അതിക്രമങ്ങൾക്കു തക്കതായ ശിക്ഷ ലഭിക്കുമെന്ന് പൊതുസമൂഹത്തിന് ബോധ്യം വരാത്ത കാലത്തോളം അക്രമസംഭവങ്ങൾ തുടരുമെന്ന് എംഎംഎ കോട്ടയം സെക്രട്ടറി ബിബിൻ പി.മാത്യൂ. ‘ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിന്നിലെന്താണ്’ എന്ന വിഷയത്തിൽ മനോരമ ഒാൺലൈൻ സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

16 ന് വൈകിട്ട് നടന്ന ചർച്ചയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്, ഇൻഫോക്ലിനിക്ക് കോ – ഫൗണ്ടർ ഡോ. പി.എസ്. ജിനേഷ്, മാവേലിക്കര ജില്ലാ ആശുപത്രി ജൂനിയർ കൺസൽറ്റന്റ് ഡോ. രാഹുൽ മാത്യു, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, അഡ്വ. എം.സി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ജേണലിസ്റ്റും  പോസിറ്റീവ് സൈക്കോളജിസ്റ്റുമായ സന്തോഷ് ശിശുപാലായിരുന്ന ചർച്ചയുടെ മൊഡറേറ്റർ.

മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോ. രാഹുലിനെ ആക്രമിച്ച സംഭവത്തിന് ഒരു മാസത്തിന് ശേഷം സിനിമാതാരങ്ങളടക്കം സമൂഹത്തിലെ പ്രമുഖർ ഇത്തരം അക്രമങ്ങൾക്കെതിരെ #StopAttackOnDoctors എന്ന ഹാഷ്ടാഗുമായി സമൂഹമാധ്യമങ്ങളിൽ ക്യാംപെയ്ൻ നടത്തിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ഗുരുതര വീഴ്ചയായി ആരോഗ്യപ്രവർത്തകർ കരുതുന്നു. കോവിഡ് സ്ഥിരീകരിച്ചു വീട്ടിൽ കഴിയവേ ബുദ്ധിമുട്ട് അനുഭവപ്പെട്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച ഉമ്പർനാട് അഭിലാഷ് ഭവനം ലാലി (56) മേയ് 14ന് ആണ് മരിച്ചത്. 

അമ്മ മരിച്ചതറിഞ്ഞെത്തിയ ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായ അഭിലാഷ്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവുമായി തർക്കമുണ്ടായെന്നും ഡോക്ടറെ കയ്യേറ്റം ചെയ്തെന്നുമാണ് കേസ്. പൊലീസ് സേനയിലെ അംഗമായതിനാൽ അറസ്റ്റ് നീട്ടിക്കൊണ്ടു പോകുവാൻ പൊലീസ് ബോധപൂർവം ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. പ്രതി കോവിഡ് പോസിറ്റീവായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആദ്യം പറഞ്ഞതെങ്കിൽ ഇപ്പോൾ പ്രതി ഒളിവിലാണെന്നാണ് പറയുന്നത്. കേസിന്റെ തൽസ്ഥിതി തിരക്കിയപ്പോൾ ഡിജിപിയുടെ ഒാഫിസിൽനിന്നും ആലപ്പുഴ എസ്പി ഒാഫിസിൽനിന്നും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിക്കുന്നത്. 

ആരോഗ്യ പ്രവർത്തകർക്കു നേരേയുളള ആക്രമണങ്ങൾ വർധിച്ചപ്പോഴാണ് 2012 ൽ കേരള ഹെൽത്ത് കെയർ സർവീസ് പഴ്സൻസ് ആൻഡ് ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഒാഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപർട്ടി) ആക്ട് നിലവിൽ വരുന്നത്. അന്നു മുതൽ ഇന്നേവരെ റജിസ്റ്റർ ചെയ്ത  82 കേസുകളിൽ 2 എണ്ണം മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഡോ. രാഹുൽ മാത്യുവിന് നേരിട്ട ആക്രമണം കേവലം ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. വർഷങ്ങൾക്ക് മുൻപ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ആക്രമിക്കപ്പെട്ട ഡോക്ടർ രാവിലെ പരാതി നൽകിയെങ്കിലും പ്രതിഭാഗത്തിന്റെ ഭീക്ഷണിയെ തുടർന്ന് കേസ് വൈകിട്ട് പിൻവലിക്കുകയായിരുന്നു. പലപ്പോഴും പൊലീസിന്റെ ഭാഗത്തുനിന്നു കേസ് പിൻവലിപ്പിക്കാനുള്ള ശ്രമം നടക്കാറുണ്ട് – ഡോ. ബിബിൻ പറയുന്നു

വൈകാരിക വിക്ഷോഭത്തിന്റെ പേരിൽ രോഗിയുടെ അടുത്ത ബന്ധുക്കളോ കൂടെയുള്ളവരോ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ ആക്രമിക്കുമ്പോൾ ശരീരവേദനയെക്കാൾ മനസിനേൽക്കുന്ന മുറിവിനെക്കുറിച്ച് ആരും ചിന്തിക്കാറില്ല. രോഗിയെ രക്ഷിക്കാനുള്ള ഡോക്ടറുടെ ആത്മാർഥ ശ്രമത്തെ പിഴവായി ചിത്രീകരിച്ച് ആക്രമിക്കുമ്പോൾ ശാരീിരക – മാനസിക പീഡനത്തിൽനിന്നു കരകയറാൻ ആ ഡോക്ടർ എത്ര ദിവസമമെടുക്കും? ജോലിയിൽനിന്നും ചിലപ്പോൾ ജീവിതത്തിൽനിന്നും തന്നെ പിൻവാങ്ങിയ സംഭവങ്ങളുമുണ്ട്. ആക്രമണം ഉണ്ടാകുമ്പോൾ തിരിച്ചു പ്രതികരിച്ച് കൂടേ എന്ന് ചോദിക്കുന്നവരുമുണ്ട്. ആരോഗ്യപ്രവർത്തകർ എല്ലാം കായികമായി പരിശീലനം നേടിയവരല്ല എന്നാണ് അതിനുളള ഉത്തരം. കോവിഡ് മഹാമാരി കാലത്ത് മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർ രോഗാതുരമായ സാഹചര്യത്തിൽ ജോലി ചെയ്യുമ്പോൾ ഇത്തരം ആക്രമണങ്ങളിൽ മനോവീര്യം കെടാനും സാധ്യതയുണ്ട്.

എല്ലാ ആശുപത്രികളിലും കേരള ഹെൽത്ത് കെയർ സർവീസ് പഴ്സൻസ് ആൻഡ് ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഒാഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപർട്ടി) ആക്ട് 2012–നെ ഉദ്ധരിച്ച്, ആശുപത്രിയിൽ നാശനഷ്ടമുണ്ടാക്കിയാൽ വരുന്ന കേസിനെക്കുറിച്ചും ശിക്ഷയെകുറിച്ചും വിശദമായി പറയുന്നുണ്ടെങ്കിലും ആരും അത് ശ്രദ്ധിക്കാറില്ല. ഇത്തരം നിയമത്തെക്കുറിച്ച് സമൂഹത്തിന് അവബോധം ലഭിച്ചാൽ ആക്രമണ സംഭവങ്ങൾ തടയാനാകും. രോഗിയുടെ അവകാശങ്ങളെക്കുറിച്ചും ആശുപത്രികളിൽ പരസ്യമായി എഴുതി പ്രദർശിപ്പിക്കാറുണ്ട്. രോഗിയുടെ അവകാശത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ കായികമായിട്ടല്ല, നിയമപരമായിത്തന്നെ നേരിടണം. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് നടപടി സ്വീകരിച്ചില്ലെന്നു പറഞ്ഞ് ആരെങ്കിലും പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാറുണ്ടോ? ‘രോഗി മരിച്ചാൽ എന്നാൽ ഡോക്ടർക്കിട്ട് ഇരിക്കട്ടെ തല്ല്’ എന്ന ചിന്ത പൊതുസമൂഹത്തിൽനിന്നു മാറുന്നത് വരെ ആക്രമണങ്ങൾ തുടരും. ഡോക്ടർമാർക്ക് നേരെ അതിക്രമം നടന്നാൽ നിയമം അനുശാസിക്കുന്നത് പോലെ ഉടനെ നടപടി സ്വീകരിച്ചാൽ സമൂഹത്തിന് അതൊരു പാഠമാകും. കോവിഡ് മഹാമാരികാലത്ത് പൊലീസ് സേനാംഗങ്ങൾ ചെയ്യുന്ന മാതൃകപരമായ സേവനങ്ങളുടെ പകിട്ട് ഇത്തരം കേസുകളിലൂടെ ഇല്ലാതാകും.

English Summary : Attack on doctors - IMA Kottayam Branch Secretary Dr. Bibin P Mathew's response

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA