മാവേലിക്കരയിൽ ഡോക്ടർക്കു നേരേ നടന്നത് ആരോഗ്യ സംവിധാനത്തിനു നേരേയുള്ള ആക്രമണം

jaik c thomas
ജെയ്ക്ക് സി തോമസ്
SHARE

ഡോ. രാഹുലിന് നേരിടേണ്ടി വന്ന വെല്ലുവിളി പോലെ ആരോഗ്യപ്രവർത്തകർക്ക്, പ്രത്യേകിച്ച് കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ, നേരിടേണ്ടി വന്ന അവസ്ഥകൾ അർഹിക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ് പറഞ്ഞു. ‘ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിന്നിലെന്താണ്?’ എന്ന വിഷയത്തിൽ മനോരമ ഓൺലൈൻ സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 16 ന് വൈകിട്ട് 7 ന് നടന്ന ചർച്ചയിൽ ഇൻഫോക്ലിനിക്ക് കോ – ഫൗണ്ടർ ഡോ. പി.എസ്. ജിനേഷ്, മാവേലിക്കര ജില്ലാ ആശുപത്രി ജൂനിയർ കൺസൽറ്റന്റ് ഡോ. രാഹുൽ മാത്യു, ഐഎംഎ കോട്ടയം സെക്രട്ടറി ഡോ. ബിബിൻ പി. മാത്യു, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, അഡ്വ. എം.സി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.ഹെൽത്ത് ജേണലിസ്റ്റും  പോസിറ്റീവ് സൈക്കോളജിസ്റ്റുമായ സന്തോഷ് ശിശുപാലായിരുന്ന ചർച്ചയുടെ മൊഡറേറ്റർ.

ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന ഹീനമായ ഏത് ആക്രമണത്തെയും, നമ്മുടെ നാട്ടിലെ ആരോഗ്യ സംവിധാനത്തിനു നേരേ നടക്കുന്ന ആക്രമണമായിട്ടാണ് ലോകാരോഗ്യ സംഘടന കാണുന്നത്. രാഹുലിന്റെ കേസ് ഒരു ഒറ്റപ്പെട്ട സംഭവമായിട്ടല്ല ഞാൻ കാണുന്നത്. നിശ്ചയമായും ഇത് നമ്മുടെ നാട്ടിലെ ആരോഗ്യ സംവിധാനത്തിനു നേരേയുള്ള ആക്രമണം തന്നെയാണ്. ഈ അക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. അദ്ദേഹം ഇപ്പോൾ മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. പൊലീസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്, അദ്ദേഹം ഒളിവിൽ ആണെന്നുള്ള മറുപടിയാണ് നമുക്ക് ലഭിക്കുന്നത്. അദ്ദേഹത്തെ ഡിപ്പാർട്മെന്റ് എൻക്വയറി നടത്തി സസ്പെൻഡ് ചെയ്‌തിട്ടുണ്ട്‌ എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ഒരു നിമിഷം പോലും വൈകാതെ നിയമമനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങൾക്കും അദ്ദേഹത്തെ വിധേയനാക്കേണ്ടതുണ്ടെന്നും ജെയ്ക് പറഞ്ഞു.

ദ് വയർ മുതൽ റോയിട്ടേഴ്‌സ് വരെയുള്ള മാധ്യമങ്ങളിൽ കോവിഡിന്റെ രണ്ടാം വ്യാപന ഘട്ടത്തിൽ പ്രസിദ്ധീകരിച്ച കണക്കെടുപ്പിൽ നമ്മൾ ഭയാശങ്കകളോടെ നോക്കിക്കാണേണ്ട ഒരു വസ്‌തുത, ലോകത്തിൽ ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. അതായത് പല അരാജകത്വങ്ങളുടെയും കൊള്ളസംഘങ്ങളുടെയും ആക്രമണങ്ങളുടെയും വാർത്തകൾ കേൾക്കുന്ന രാജ്യമായ  മെക്‌സിക്കോയേക്കാൾ മുന്നിൽ. ഇതെന്തുകൊണ്ടാണ് എന്നതിനെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കേണ്ടതുണ്ട്. 

ഇത്തരം ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്ന പ്രതികൾ ആരായാലും അവരെ സംരക്ഷിക്കുന്നവരെ– അത് രാഷ്ട്രീയ പ്രസ്ഥാനമോ സംഘടനയോ വ്യക്തികളോ ആരായാലും – സമൂഹം  ഒറ്റപ്പെടുത്തണം. അവരെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തി സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടിക്കൊണ്ടു മാത്രമേ നമുക്ക് ഇത്തരം ആക്രമണങ്ങളെ  അവസാനിപ്പിക്കാൻ കഴിയൂ. അല്ലെങ്കിൽ ഇത് തുടർക്കഥയാകാൻ സാധ്യത ഉണ്ട്. റാന്നിയിൽ നടന്ന അക്രമസംഭവത്തിലും തൃശൂർ മെഡിക്കൽ കോളജിലുണ്ടായ സംഭവത്തിലും മറ്റും സ്വാഭാവികമായി നിയമ നടപടികൾ മുൻപോട്ടു പോവുകയും  പ്രതികൾ അറസ്റ്റിലാകുകയും ചെയ്‌തു. പക്ഷേ രാഹുലിന്റെ കേസിൽ പ്രതി പൊലീസ് ആണെന്നുള്ള പ്രിവിലേജ് ലഭിക്കുന്നു എന്നാണ് ആദ്യ വായനയിൽ നമുക്ക് മനസ്സിലാകുക. അത് ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല എന്നുള്ള അതിശക്തമായ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. 

സ്വകാര്യ ആശുപത്രി മേഖലയെ സംബന്ധിച്ച് നമ്മുടെ നാട്ടിലെ പൊതുബോധം സ്വീകരിക്കുന്ന സമീപനം പാടേ വ്യത്യസ്‌തമാണ്‌. എന്നാൽ സർക്കാർ ആശുപത്രികളുടെ പൊതുബോധ നിർമിതിയിൽ മാധ്യമങ്ങൾക്കുള്ള പങ്ക് തന്നെയാണ് അതിന്റെ മൂല കാരണം.  എന്നാൽ സർക്കാർ ആശുപത്രിയോടും അവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരോടും (സ്വീപ്പിങ് സ്റ്റാഫ് മുതൽ ഡോക്ടർമാർ വരെയുള്ളവർ) സ്വീകരിക്കുന്ന സമീപനം വ്യത്യസ്‌തമാണ്‌. പലപ്പോഴും ഓഡിറ്റ് ചെയ്യപ്പെടുന്നത് സർക്കാർ ആശുപത്രി സംവിധാനങ്ങളും അതിന്റെ ഭാഗമായി നിൽക്കുന്ന ആരോഗ്യപ്രവർത്തകരും മാത്രമാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ ഏതെങ്കിലും കാരണവശാൽ ആരോഗ്യപ്രവർത്തകരോ ആശുപത്രി മാനേജ്മെന്റോ പ്രതിസ്ഥാനത്ത് നിൽക്കുന്ന അനാരോഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്നു എന്നു  കരുതുക. ആ സംഭവത്തോട് നമ്മുടെ പൊതുബോധം, പൊതുബോധ സൃഷ്ടിയിൽ പ്രധാന പങ്കു വഹിക്കുന്ന മാധ്യമം എന്നിവരൊക്കെ സ്വീകരിക്കുന്ന സമീപനം പാടേ വ്യത്യസ്തമാണ്. ആശുപത്രിയുടെ പേര് പറയാത്തതു മാത്രമല്ല അതിനു കരണക്കാരായേക്കാമെന്നവരുടെ വിവരങ്ങൾ പറയുമ്പോൾ പോലും അവർ മറ്റൊരു തരത്തിലുള്ള സമീപനം സ്വീകരിക്കുന്നു. 

ഇതിന്റെ നാലിലൊന്ന് ജനാധിപത്യ പൂർണമായ, മര്യാദപൂർവമായ ഒരു സമീപനം സർക്കാർ ആശുപത്രികളോടോ അവിടുത്തെ ആരോഗ്യപ്രവർത്തകരോടോ നമ്മുടെ നാട്ടിലെ പൊതുബോധത്തിന്റെ നിർമാതാക്കളായ മാധ്യമങ്ങൾ സ്വീകരിക്കാറില്ല എന്നത് വലിയ പ്രശ്‌നം തന്നെയാണ്. നിയമനത്തിന്റെ കാര്യത്തിൽ കേരളം പ്രതീക്ഷാ നിർഭരമായ രീതിയിൽ ഏറെ മുന്നോട്ടു പോയ ഒരു കാലമാണ് നമ്മുടെ മുന്നിലൂടെ കടന്നു പോയത്. എല്ലാം പൂർണമായി എന്നല്ല, മറിച്ച് അർഥസമ്പൂർണമായ നിലയിൽ കാര്യങ്ങൾ നടന്നു. ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇനിയും പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുകയും ആ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പരിഗണന ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

English Summary : Attack on doctors, Jaik C Thomas's version

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS