76 വയസ്സുള്ളയാളാണ്. പ്രോസ്‌റ്റേറ്റിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് പത്തുവര്‍ഷമായി. കുറച്ചു കാലമായി മൂത്രം പോകുന്നതിന് തടസ്സവും വേദനയുമാണ്. ഇതിനു മരുന്നുകള്‍ കഴിക്കുന്നു. ഇടയ്‌ക്കിടെ മൂത്രം പോകുന്ന അവസ്ഥ. ഇത് മറ്റു പ്രശ്‌നങ്ങള്‍കൊണ്ടാണോ. തിരുവല്ല സ്വദേശി ജോര്‍ജാണ്‌് സംശയം ഉന്നയിച്ചത്.
പ്രായമായവരില്‍ പൊതുവെ പ്രോസ്‌റ്റേറ്റിന്റെ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഇപ്പോള്‍ കഴിക്കുന്ന മരുന്നുകള്‍ തുടരുക. അള്‍ട്രാ സൗണ്ട് സ്‌കാന്‍ നടത്തി മൂത്രം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നാണ് പ്രശസ്‌ത യൂറോളജിസ്‌റ്റ് ഡോ. മഹേഷ് കൃഷ്‌ണസ്വാമിയുടെ (ഡോ. കെ. എം.ചെറിയാന്‍ ആശുപത്രി, കല്ലിശ്ശേരി) മറുപടി. യൂറോളജി സംബന്ധമായ സംശയങ്ങള്‍ക്കായി മനോരമ സംഘടിപ്പിച്ച ‘ഫോണ്‍ ഇന്‍’ പരിപാടിയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
? 2007ല്‍ ഉണ്ടായ അപകടത്തില്‍ സ്‌പൈനല്‍ കോഡ് മുറിഞ്ഞുപോയി. 10 വര്‍ഷമായി സുപ്രാ പ്യുവിക് ട്യൂബ് ഉപയോഗിച്ചാണ് മൂത്രം പോകുന്നത്. ഇപ്പോള്‍ കഴിഞ്ഞ 4 മാസമായി തുടര്‍ച്ചയായി ഇന്‍ഫെക്‌ഷന്‍ ഉണ്ടാകുന്നു. വയറിനു ചുറ്റും പുകച്ചില്‍ അനുഭവപ്പെടാറുണ്ട്. നടുഭാഗത്തും ഇങ്ങനെ തോന്നുന്നു. പ്രമേഹത്തിന് ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. (ലാല്‍ കാളിദാസന്‍, നെടുമൺകാവ്)
ന്യൂറോജനിക് ബ്ലാഡറിന്റെ പ്രശ്‌നങ്ങളാണ് പറഞ്ഞതില്‍ കൂടുതലും. ഇത്രയും വര്‍ഷങ്ങളായി ട്യൂബ് ഉപയോഗിക്കുമ്പോള്‍ ഇന്‍ഫെക്‌ഷന്‍ ഉണ്ടാകുക സ്വാഭാവികമാണ്. കൂടാതെ ബ്ലാഡര്‍ ചുരുങ്ങുന്നതിനും ഇത് കാരണമാകുന്നു. ട്യൂബ് കിടക്കുന്നതിനാല്‍ ഇന്‍ഫെക്‌ഷനു സാധ്യത കൂടുതലാണ്. ഇതു മരുന്നുകള്‍ കൊണ്ട് നേരെയാക്കുക ബുദ്ധിമുട്ടാണ്. ഇന്‍ഫെക്‌ഷന്‍ തുടര്‍ച്ചയായി വരുന്നത് മൂത്രത്തില്‍ കല്ല് ഉണ്ടാകുന്നതിനും കാരണമായേക്കാം. അള്‍ട്രാ സൗണ്ട് സ്‌കാന്‍ നടത്തി മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തണം. കിഡ്‌നി ഫങ്‌ഷന്‍ ടെസ്റ്റ് കൂടി നടത്തിയാൽ കിഡ്‌നിയുടെ പ്രവര്‍ത്തനം എങ്ങനെയെന്ന് മനസ്സിലാക്കാം. ഇന്‍ഫെക്‌ഷന്‍ മാറ്റിയെടുക്കണം. ഇതു ഉണ്ടാകാതിരിക്കാന്‍ കള്‍ച്ചര്‍ നടത്തിയ ശേഷം ആന്റിബയോട്ടിക്കുകള്‍ കഴിക്കാം. സിലിക്കണ്‍ നിര്‍മിതമായ ട്യൂബുകള്‍ ഉപയോഗിച്ചാല്‍ ഇന്‍ഫെക്‌ഷനു കുറവു വരുത്താം.
? 23 വയസ്സുണ്ട്. കലശലായ വയറുവേദനയായിരുന്നു. പരിശോധനയില്‍ ഗാള്‍ ബ്ലാഡറില്‍ കല്ല് കണ്ടെത്തി. ഇത് സര്‍ജറിയിലൂടെ നീക്കം ചെയ്‌തു. അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്‌തതില്‍ പ്രോസ്‌ട്രാറ്റിക് സിസ്‌റ്റിനെപ്പറ്റി എഴുതിയിരുന്നു. പക്ഷേ ഡോക്ടര്‍ അതിനെപ്പറ്റി കാര്യമായി ഒന്നും പറഞ്ഞില്ല. ഇത് പേടിക്കേണ്ടതാണോ. (അല്‍ത്താഫ് സിബീര്‍, തിരുവല്ല)
സാധാരണ കാണാറുള്ള അവസ്ഥയാണിത്. പ്രോസ്‌ട്രേറ്റില്‍ നിന്നുള്ള ഏതെങ്കിലും ഗ്രന്ഥികള്‍ ബ്ലോക്ക് ആയി അതില്‍ നിന്നുള്ള ഫ്‌ളുയിഡ് കെട്ടിക്കിടന്നാണ് ഇത്തരത്തിലുള്ള സിസ്റ്റുകള്‍ ഉണ്ടാകുന്നത്. ഇത് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതല്ല. മൂത്ര സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഇതിന് ചികിത്സ എടുത്താല്‍ മതി.
? 46 വയസ്സുണ്ട്. 2014ലും 2021ലും വലത്തെ കാലിന് ഡിവിറ്റി (ഡീപ് വെയിന്‍ ത്രോംബോസിസ്) വന്നിട്ടുണ്ട്. അതിനു മരുന്നു കഴിച്ചു. പക്ഷേ യൂറിക് ആസിഡ് ലെവല്‍ കൂടുതലാണ്. ഇതു നോര്‍മലാകാന്‍ മരുന്നു കഴിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇപ്പോള്‍ കലശലായ മൂത്രശങ്കയാണ്. (ബിനു ജോര്‍ജ്, തിരുവല്ല)
ഡിവിറ്റി പ്രശ്‌നമുള്ളതുകൊണ്ട് യൂറിക് ആസിഡ് കൂടാന്‍ സാധ്യതയില്ല. ജോയിന്റിലുണ്ടാകുന്ന യൂറിക് ആസിഡ് പ്രശ്‌നങ്ങള്‍ക്ക് എല്ലിന്റെ വിദഗ്‌ധ ഡോക്ടറിനെ കാണിച്ച് ചികിത്സ തേടാം. മൂത്രശങ്കയുടെ കാരണം പ്രോസ്‌റ്റേറ്റിലെ പ്രശ്‌നങ്ങളാകാം. യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് മൂത്രാശയത്തില്‍ യൂറിക് ആസിഡ് സ്റ്റോണുകള്‍ കണ്ടേക്കാം. യൂറിനറി ഇന്‍ഫെക്‌ഷന്‍ ഉള്ളവര്‍ക്കും ഇതുണ്ടാകാം. യൂറിന്‍ ടെസ്റ്റ് ചെയ്‌തു നോക്കുക. അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്‌ത് പ്രോസ്‌റ്റേറ്റില്‍ വളര്‍ച്ചയുണ്ടോയെന്നും പരിശോധിക്കുക. സ്‌റ്റോണ്‍ ഉണ്ടെങ്കില്‍ അതിനു മരുന്നെടുക്കണം.
? 2017ല്‍ ഹെര്‍ണിയയ്‌ക്ക് സര്‍ജറി കഴിഞ്ഞ് മൂത്രം പോകാന്‍ ട്യൂബ് ഇട്ടു. ഇപ്പോള്‍ മൂത്രം പോകുന്നതിനു ബുദ്ധിമുട്ടാണ്. സിസ്‌റ്റോസ്‌കോപിയും ചെയ്‌തു. യുറേത്ര ചുരുങ്ങിയിരിക്കുകയാണ്. എന്‍ഡോസ്‌കോപിക് ഇന്റേണല്‍ യുറേത്രോട്ടമി ചെയ്‌തു. പെര്‍മനന്റ് ട്യൂബ് ഇട്ടാണ് മൂത്രം പോകുന്നത്. ഇപ്പോള്‍ ഇടത്തേക്കാലിനു നീരുവയ്‌ക്കുന്നു. (തോമസ് ബാബു, അടൂര്‍)
ഒരു കാലിനു മാത്രം നീരുവരുന്നത് ആ കാലിലെ രക്തയോട്ടത്തിനുള്ള പ്രശ്‌നംകൊണ്ടാണ്. മൂത്ര സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കല്‍ രണ്ടു കാലിനും നീരുവരും. ഇതിന് കാലിലെ രക്തക്കുഴലുകളുടെ സ്‌കാനിങ് നടത്തി ബ്ലോക്ക് ഉണ്ടോയെന്നു കണ്ടെത്തണം. ഇപ്പോഴുള്ള ട്യബ് മാറ്റിയ ശേഷം ഭാവിയില്‍ വീണ്ടും മൂത്ര തടസ്സമുണ്ടാവുകയാണെങ്കില്‍ വീണ്ടും ഇന്റേണല്‍ യുറേത്രോട്ടമി ചെയ്യേണ്ടിവരും.
? പിതാവിന് 82 വയസ്സുണ്ട്. പ്രോസ്‌റ്റേറ്റിന് സര്‍ജറി ചെയ്‌തിരുന്നു. അതിനു ശേഷം പിഎസ്‌എ 25 ആണ്. ഇപ്പോള്‍ പിഎസ്‌എ കൂടിത്തുടങ്ങിയിട്ടുണ്ട്. കാന്‍സറിന്റെ ആരംഭമാണെു ഡോക്ടര്‍ പറഞ്ഞു. പിന്നീട് ചെക്ക് ചെയ്‌തപ്പോള്‍ 2.69 ആയി കുറഞ്ഞു. ഇനി തുടര്‍ചികിത്സ എങ്ങനെ വേണം. (ബിജു, പത്തനംതിട്ട)
പിഎസ്‌എ കുറഞ്ഞെങ്കിലും മരുന്നു തുടരണം. ഇപ്പോള്‍ കഴിക്കുന്ന മരുന്നുതന്നെ തുടരാം. മൂന്നുമാസം കൂടുമ്പോള്‍ പിഎസ്‌എ ചെക്ക് ചെയ്‌തു നോക്കിക്കൊണ്ടിരിക്കണം.

? 8 വര്‍ഷമായി പ്രോസ്‌റ്റേറ്റിനു മരുന്നു കഴിക്കുന്നുണ്ട്. മൂന്നു മാസമായി ഇതു നിര്‍ത്തി. ഭാവിയില്‍ പ്രശ്‌നമുണ്ടാകുമോ. (മാത്യു, പത്തനംതിട്ട)
മൂത്ര സംബന്ധമായ പ്രശ്‌നങ്ങളില്ലെങ്കില്‍ മരുന്നു നിര്‍ത്തുന്നതില്‍ കുഴപ്പമില്ല. പക്ഷേ പ്രോസ്‌റ്റേറ്റിന് പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടോ എന്നറിയാന്‍ അള്‍ട്രാ സൗണ്ട് സ്‌കാന്‍ നടത്തുന്നത് നന്നായിരിക്കും. പ്രോസ്‌റ്റേറ്റിന്റെ വലിപ്പം നമ്മള്‍ അറിയാതെതന്നെ കൂടിയേക്കാം. യൂറിന്‍ കെട്ടിക്കിടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇവ ലക്ഷണങ്ങളില്ലാതെയാണ് വരുന്നത്. അതിനാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പിഎസ്‌എയും അള്‍ട്രാ സൗണ്ട് സ്‌കാനും ചെയ്യുന്നത് നന്നായിരിക്കും.
? രണ്ടുവര്‍ഷം മുന്‍പ് ഗര്‍ഭപാത്രം എടുത്തുകളയുന്നതിന് ഓപ്പറേഷന്‍ നടത്തിയിരുന്നു. ഓപ്പറേഷനിടയില്‍ മൂത്രസഞ്ചി മുറിഞ്ഞ് ആശുപത്രിയില്‍ അഡ്‌മിറ്റായി. അന്ന് മൂത്രം പോകുന്നതിന് ട്യൂബ് ഇട്ടിരുന്നു. അത് എടുത്തശേഷം നിയന്ത്രണമില്ലാതെ മൂത്രം പോകുന്നു. (സജിത, ചിറ്റാര്‍)
ബ്ലാഡറിനു പുറത്തേയ്ക്ക് മൂത്രം ലീക്ക് ചെയ്യുന്ന ഫിസ്റ്റുല എന്ന അവസ്ഥയാണോ ഇതെന്ന് പരിശോധിക്കണം. ഇത്തരത്തില്‍ ലീക്കുണ്ടാക്കുന്ന ദ്വാരങ്ങള്‍ ഉണ്ടോയെന്നറിയാന്‍ സിടി സ്‌കാന്‍ ചെയ്‌തു നോക്കാം. ഇതാണു പ്രശ്‌നമെങ്കില്‍ ഓപ്പറേഷനിലൂടെ മാറ്റാം. അല്ലെങ്കില്‍ ബ്ലാഡറില്‍ മൂത്രം പിടിച്ചുനിര്‍ത്താനുള്ള മരുന്നുകള്‍ കഴിക്കാം.
∙ പ്രായമായവരിലെ പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍
സാധാരണ പ്രായമായവരില്‍ കണ്ടുവരുന്നതാണ് പ്രോസ്‌റ്റേറ്റ് സംബന്ധിയായ പ്രശ്‌നങ്ങള്‍. ഭൂരിഭാഗം ആളുകളിലും ഇത് പ്രായാധിക്യം മൂലം കാന്‍സര്‍ അല്ലാത്ത ഗ്രന്ഥി വീക്കം ആയിട്ടാണ് ഉണ്ടാകുന്നത്. അപൂര്‍വം ചിലരില്‍ കാന്‍സര്‍ കൊണ്ടും ആകാം. കാന്‍സര്‍ ഉണ്ടോയെന്ന് അറിയാന്‍ ഈ പ്രായം കഴിഞ്ഞവര്‍ പിഎസ്‌എ ടെസ്റ്റ് നടത്തി നോക്കുന്നത് നല്ലതാണ്.
പിഎസ്‌എ രണ്ടു കാരണങ്ങള്‍കൊണ്ട് കൂടാം. ഒന്നാമത് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ മൂലം, രണ്ടാമത് പ്രോസ്‌റ്റേറ്റിലെ ഇന്‍ഫെക്‌ഷന്‍ മൂലം. ഇന്‍ഫെക്‌ഷന്‍ ആണെങ്കില്‍ ആന്റിബയോട്ടിക്ക് കൊണ്ട് കുറയും. പിഎസ്‌എ കുറഞ്ഞില്ലെങ്കില്‍ പ്രോസ്‌റ്റേറ്റ് ബയോപ്‌സി ചെയ്‌ത് കാന്‍സറാണോയെന്ന് ഉറപ്പാക്കാം. കാന്‍സര്‍ അല്ലാതെയുള്ള പ്രോസ്‌റ്റേറ്റ് വളര്‍ച്ച മരുന്നുകള്‍കൊണ്ട് നിയന്ത്രിക്കാം. മരുന്നുകള്‍ ഫലപ്രദമല്ലാത്തവര്‍ക്ക് എന്‍ഡോസ്‌കോപിക് സര്‍ജറി വേണ്ടിവരാം.
English Summary : Prostate problems; Common doubts