വിശക്കുന്ന ഇന്ത്യയിലെ മരിക്കുന്ന കുഞ്ഞുങ്ങൾ; ടൂൾകിറ്റ് പ്രയോജനപ്പെടുത്താം, പിന്തുടരാം ഈ വിവരങ്ങൾ

Poverty | Representational image | Image Credit - Shutterstock
SHARE

ജനങ്ങളുടെ പോഷകാഹാരം സംബന്ധിച്ച ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്റെർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (FlP) ഫാർമസിസ്റ്റുകൾക്കുള്ള ടൂൾകിറ്റ് പുറത്ത് വിട്ടിരുന്നു, കുറച്ച് നാളുകൾക്ക് മുമ്പ്. ' People Centred Care' എന്ന FlP യുടെ Goal-15 ന്റെ ഭാഗമായാണിത്. ജനങ്ങൾക്ക് ഏറ്റവും അടുത്തിടപഴകാൻ പറ്റുന്ന ആരോഗ്യ പ്രവർത്തകർ എന്ന നിലയിൽ ഫാർമസിസ്റ്റുകൾക്ക് ഈ വിഷയത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും അവരീ ടൂൾകിറ്റ് പ്രയോജനപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം. ഫാർമസിസ്റ്റിനു മാത്രമല്ല, സാമൂഹിക പ്രവർത്തകർക്കും ജനങ്ങളുടെ ആരോഗ്യ- ഭക്ഷ്യ വിഷയങ്ങളിൽ ഇടപെടുന്ന മറ്റുള്ളവർക്കും പിന്തുടരാവുന്ന വിവരങ്ങളാണ് അതിന്റെ ഉള്ളടക്കം. അടുത്ത അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം തുടച്ചു നീക്കുമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഈ വിവരങ്ങളെ പ്രസക്തമാക്കുന്നു. ഈ ടൂൾകിറ്റ് എന്തുകൊണ്ട് പ്രധാനപ്പെട്ടതാണെന്നും ജനങ്ങളും ഫാർമസിസ്റ്റുകളും തമ്മിൽ ഇക്കാര്യങ്ങൾ നിരന്തരം സംവദിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്നും വ്യക്തമാക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങി ഏത്  behavioral risk factor കാരണം ഉള്ളതിനേക്കാൾ മരണം Poor diet കാരണം സംഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സ്ഥിരീകരിക്കുന്നത്. പോഷകാഹാരവും വ്യായാമവും ഉണ്ടായിരുന്നെങ്കിൽ തടയാമായിരുന്നത് 5 മില്യൻ മരണങ്ങളായിരുന്നെന്നും ഈ പഠനങ്ങൾ വ്യക്തമാക്കുന്നു.

195 രാജ്യങ്ങളിലായി 2017ൽ ലാൻസെറ്റ് നടത്തിയ പഠനമനുസരിച്ച് 11 മില്യൻ മരണങ്ങളാണ്, അതായത്, ആകെ മരണങ്ങളിലെ അഞ്ചിലൊന്ന്, പോഷകാഹാരക്കുറവ് മൂലം സംഭവിച്ചത്. ഏറ്റവുമധികം പട്ടിണി മരണങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 77 -ാം സ്ഥാനത്താണ്. ഓരോ ഒരു ലക്ഷം ഇന്ത്യക്കാരിലും 310 പേർ ഈ വിധം മരണത്തിന് കീഴടങ്ങുന്നു. ഇന്ത്യയിലെ മരണങ്ങളിൽ ഭൂരിഭാഗവും ഒരു ദിവസം 125ഗ്രാം ധാന്യമെന്ന ഡയറ്റ് ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് പഠനം വ്യക്തമാക്കുന്നു. 

2018ലെ യൂനിസെഫിന്റെ കണക്കുകൾ പ്രകാരം, അഞ്ച് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണ്. അന്നത്തെ കണക്കുകളനുസരിച്ച്, ഒരു വർഷം 8.8 ലക്ഷം കുഞ്ഞുങ്ങൾ ഇന്ത്യയിൽ മരിച്ചു വീഴുന്നുണ്ട്. അതേസമയം, ഡെൻമാർക്ക്, അയർലൻഡ്, ഖത്തർ, മൗറീഷ്യസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് പൂജ്യമാണ്. കുഞ്ഞുങ്ങളുടെ വിശപ്പിനും ജീവനും പരിഗണന നൽകുന്നവരെ എന്നാണ് നമ്മൾ മാതൃകയാക്കുന്നത്. കുഞ്ഞുങ്ങൾ ഭക്ഷണമില്ലാതെ മരിച്ചു വീഴുമ്പോൾ നമ്മൾ എന്ത് പുരോഗതി നേടിയെന്നാണ് വീമ്പു പറയുന്നത്?

സാധാരണ മുതിർന്നവരിൽ കണ്ടുവരുന്ന കിഡ്നി രോഗങ്ങളും (Chronic Kidney diseases) ഉയർന്ന രക്തസമ്മർദവും ( hypertension ) ഇന്ത്യയിൽ കുഞ്ഞുങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിൽ അഞ്ചിലൊരാൾ വൈറ്റമിൻ എ ഡെഫിഷ്യൻസിയും, മൂന്നിലൊരാൾ വൈറ്റമിൻ B 12 ഡെഫിഷ്യൻസിയും അനുഭവിക്കുന്നു. കുട്ടികളിൽ അഞ്ചിൽ രണ്ട് പേരും, സ്ത്രീകളിൽ രണ്ടിലൊരാളും അനീമിയ (രക്തക്കുറവ് ) നേരിടുന്നു.

കാര്യങ്ങൾ ഇത്രയേറെ ഗുരുതരാവസ്ഥയിൽ നിൽക്കുമ്പോഴും, കണക്കുകൾ ഞെട്ടിക്കുമ്പോഴും 2017-18 സാമ്പത്തിക വർഷത്തിൽ മുന്നോട്ടുവച്ച പോഷൺ അഭിയാൻ, അനീമിയ മുക്ത് ഭാരത് പദ്ധതികളിലൂടെ ഇത് പരിഹരിച്ചു തുടങ്ങാനായേക്കുമെന്ന് യൂനിസെഫ് പ്രതീക്ഷിച്ചിരുന്നു. ഈ പദ്ധതികൾക്ക് അന്നവർ അഭിനന്ദനവും പ്രോത്സാഹനവും നൽകുകയും ചെയ്തിരുന്നു. എന്നാൽ, മൂന്ന് വർഷത്തേക്ക് പ്രഖ്യാപിച്ച പ്രോജക്ട് ഏതാണ്ട് അവസാനത്തോടടുക്കുമ്പോൾ, ആകെ അനുവദിച്ച ഫണ്ടിന്റെ 24.2% മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്ന് കഴിഞ്ഞ വർഷമാദ്യം ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു. 

ഇതെല്ലാം തന്നെ കോവിഡിനു മുമ്പുള്ള കണക്കുകളാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് വ്യക്തതയോടെ ലഭ്യമാകുന്ന ഒരു സോഴ്സ് പോലുമില്ല നമുക്കെന്നത് എന്ത് മാത്രം നിർഭാഗ്യകരമാണ്. ഭക്ഷണവും കോവിഡ് പ്രതിരോധവും പരസ്പര ബന്ധിതമായ സാഹചര്യത്തിൽ ഇന്ത്യയിലത് ഏറെ പ്രസക്തമാണ്. 

യൂനിസെഫിന്റെ 2020-ലെ കണക്കുകൾ പ്രകാരം, കോവിഡ് ബാധിച്ച് ഏറ്റവുമധികം ശിശുമരണങ്ങൾ നടന്ന ആറ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഏറ്റവുമധികം മറ്റേണൽ ഡെത്തും മറ്റൊരിടത്തല്ല. 2021 ലെ കണക്കുകൾ പുറത്ത് വരുമ്പോൾ മരവിച്ച് പോവും നമ്മൾ.

കേരളം സുഭിക്ഷമാണെന്നും അതുകൊണ്ട് നമ്മൾ സുരക്ഷിതരാണെന്നുമൊക്കെയുള്ള ആശ്വാസങ്ങൾക്ക് അല്പായുസ്സേയുള്ളൂ. പോഷകാഹാരക്കുറവെന്ന് പറയുമ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ പട്ടിണിക്കോലങ്ങളെയൊന്നും സങ്കല്പിക്കേണ്ടതില്ല, ഒരു ശരാശരി മലയാളിയുടെ പൊണ്ണത്തടിയും കുടവയറും ഇതിൽ പെടും. 

കോവിഡ് കാലത്ത്, ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിലേർപ്പെട്ടിരിക്കുന്ന യു കെ യിലെ എൻഎച്ച്എസ് അംഗമായ ഡോ. അസീം മൽഹോത്ര പഠനങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്ത കാര്യങ്ങൾ അത് വ്യക്തമാക്കുന്നു. പ്രമേഹം ( Type II DM ), ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗങ്ങൾ എന്നിവ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് കൂട്ടുന്നതിൽ വലിയ പങ്കു വഹിച്ചെന്ന് അദ്ദേഹം പറയുന്നു. നാച്വർ സയൻസ് ജേണലിന്റെ അടുത്തിടെ ഇറങ്ങിയ പതിപ്പിൽ പ്രമേഹ രോഗികൾ കോവിഡ് ബാധിതരാകുമ്പോൾ മരണ സാധ്യത മറ്റുള്ളവരേക്കാൾ 10% കൂടുതലാണെന്ന് വ്യക്തമാക്കുന്നുണ്ട്. മരുന്ന് ജോലി ചെയ്ത് അസുഖം മാറ്റുമെന്ന അലസതയിലും അശ്രദ്ധയിലും കഴിയുന്നവരോട്, ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നേടുന്ന നിയന്ത്രണത്തിന്റെ ബാക്കിയേ മരുന്ന് കൊണ്ട് സാധിക്കൂ എന്ന് ഓർമിപ്പിക്കേണ്ടി വരുന്നതിൽ ഖേദമുണ്ട്.

ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ലോകാരോഗ്യ സംഘടന നിർദേശങ്ങൾ നൽകുന്നുണ്ട്. അവയുടെ അളവിലുണ്ടായ കുറവാണ് 14% ഉദര സംബന്ധമായ കാൻസർ ബാധിച്ചുള്ള മരണങ്ങളുടെയും 11% ഹൃദ്രോഗ മരണങ്ങളുടെയും, 9% സ്ട്രോക്ക് മൂലമുള്ള മരണങ്ങളുടെയും കാരണമായി പറയുന്നത്.

എന്തെങ്കിലും കഴിച്ചോ എന്ന സ്നേഹാന്വേഷണത്തോളം തന്നെ പ്രധാനമാണ് എന്ത് കഴിച്ചുവെന്ന ചോദ്യവും. വിശപ്പ് മാറുന്നതു കൊണ്ടു മാത്രം ആരോഗ്യം നില നിൽക്കില്ലെന്ന് മാത്രമല്ല, അത് ചിലപ്പോൾ ആരോഗ്യം നശിപ്പിക്കുകയും ചെയ്യാം. ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നവരും, അതിന് സഹായിക്കുന്നവരും പോഷകാഹാരം  ലഭ്യമാക്കുന്നുവെന്ന് ഉറപ്പു വരുത്തുമല്ലോ?

ചില മരുന്നുകളുടെ പാർശ്വഫലമായിത്തന്നെ അമിത വണ്ണവും ഭാരവും രൂപപ്പെടാറുണ്ട്. അത്തരം മരുന്നുകളെ തിരിച്ചറിയാനും വേണ്ട മാർഗനിർദേശങ്ങൾ നൽകാനും നിങ്ങളുടെ ഫാർമസിസ്റ്റിനാവും. അവരുമായി കൂടുതൽ സംവദിക്കാനും, അവസരങ്ങൾ പ്രയോജനപ്പെടുത്താനും ശ്രമിക്കുക. പ്രത്യേകിച്ച്, മഹാമാരിയുടെയും ജീവിത ശൈലീ രോഗങ്ങളുടെയും കാലത്ത് നമുക്കവരെ കൂടുതൽ ആവശ്യമുണ്ട്.

പ്രയാസപ്പെടുത്തുന്ന മറ്റൊരു കാര്യമെന്തെന്നാൽ, ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ, ഇന്ത്യയടക്കം ലോകമാകെ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ലാത്തതിന്റെ പ്രതിസന്ധി നേരിടുന്നു.  ഇപ്പോഴുള്ള ദൗർലഭ്യം 2030-ഓടു കൂടി 15 മിലയാനിയി ഉയരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതുകൊണ്ട്, നമുക്ക് ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താം. ആരോഗ്യ പ്രവർത്തകർ അവരുടെ പരമാവധി ഊർജവും സാധ്യതകളും ഉപയോഗപ്പെടുത്താൻ സന്നദ്ധരായിരിക്കുക. ഉത്തരവാദിത്തമുള്ള രോഗികൾ ഉദാത്തമായ വഴികാട്ടികളാണ്. അവർ നിങ്ങളെ മെച്ചപ്പെട്ട പ്രൊഫഷനലുകളാക്കുന്നു.

English Summary : Health care system

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA