ADVERTISEMENT

മറയൂരിൽ ആക്രമണത്തിന് ഇരയായ സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ ജീവിതത്തിലേക്കു മടങ്ങി വരുന്നത് വലിയൊരു പോരാട്ടത്തിനു ശേഷമാണ്. സഹപ്രവർത്തകരെയും ഡോക്ടർമാരെയും ആശങ്കയിലാക്കി ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലത്തിൽ നടത്തിയ മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം അജീഷിന്റെ പക്ഷത്തു തന്നെയെത്തി. തലയോട്ടി തകർന്ന് തലച്ചോറിനു പരുക്കേറ്റ് ആശുപത്രിയിൽ എത്തുമ്പോൾ ശരീരത്തിന്റെ ഒരു വശം തളർന്നിരുന്നു, സംസാരശേഷി ഏതാണ്ട് പൂർണമായും നഷ്ടമായി. കൃത്യസമയത്തു ലഭിച്ച പ്രഥമ ശുശ്രൂഷകളും എറണാകുളം രാജഗിരി ആശുപത്രിയിൽ ലഭിച്ച വിദഗ്ധ ചികിത്സകളും അജീഷിനു പുതുജീവൻ സമ്മാനിക്കുകയായിരുന്നു.

24 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം അജീഷ് മടങ്ങുമ്പോൾ ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. തലച്ചോറിനേറ്റ പരുക്ക് ഓർമകളെ ഇടയ്ക്കു മറയ്ക്കുന്നുണ്ട്. വാക്കുകൾ കൃത്യമായി പ്രയോഗിക്കാനാവാത്തതു കേൾക്കുന്നവർക്കു തിരിച്ചറിയാം. തലച്ചോറിനു പരുക്കേൽക്കുന്നതു മൂലം ഭാഷാവൈകല്യം സംഭവിക്കുന്ന അഫേസ്യയുടെ രണ്ടാം ഘട്ടത്തിലാണ് അജീഷ് ഇപ്പോൾ. ആശയ വിനിമയം നടത്താനുള്ള ശേഷി തകരാറിലാകുന്നതാണ് അഫേസ്യ. മികച്ച ശസ്ത്രക്രിയയും ചികിത്സയും ലഭിച്ചതും സ്പീച്ച് തെറാപ്പിയുമെല്ലാം ഇതിന്റെ ആദ്യ ഘട്ടത്തിൽനിന്നു രണ്ടാം ഘട്ടത്തിലേക്കെത്താൻ സഹായിച്ചതായി ഡോക്ടർ പറയുന്നു. തുടർ ചികിത്സയിലൂടെ ഇതു മെച്ചപ്പെടും എന്നു പറയുമ്പോഴും സാധാരണ നിലയിലേക്കെത്തില്ലെന്നാണ് ചികിത്സ നൽകിയ രാജഗിരി ന്യൂറോ സർജറി വിഭാഗം തലവൻ ഡോക്ടർ ജഗത്‍ലാൽ ഗംഗാധരൻ പറയുന്നത്. 

ദുരന്തം വന്ന വഴി

ajeesh-doctors1

ജൂൺ ഒന്നാം തീയതിയാണ് അജീഷിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം. രാവിലെ പതിവു പട്രോളിങ്ങിന് ഇൻസ്പെക്ടർക്കും സഹ പ്രവർത്തകർക്കുമൊപ്പം മറയൂരിലെത്തുമ്പോൾ മാസ്ക് ധരിക്കാതെ നിൽക്കുന്ന യുവാവിനെ കണ്ട് ചോദ്യം ചെയ്തു. തലേദിവസം അയാൾ അമ്മയുമായി പ്രശ്നമുണ്ടാക്കിയതിന് പൊലീസുകാർ വീട്ടിലെത്തി പ്രശ്നം പരിഹരിച്ചു മടങ്ങിയതാണ്. അതിന്റെ പകയുമായാണ് അയാൾ നടക്കുന്നതെന്ന് പൊലീസും പ്രതീക്ഷിച്ചില്ല. മാസ്ക് ധരിക്കാത്തതെന്ത് എന്നു ചോദിച്ചപ്പോൾ മര്യാദയില്ലാതെ പെരുമാറി. പിടിച്ചു ജീപ്പിൽ കയറ്റാമെന്ന് ആദ്യം ചിന്തിച്ചെങ്കിലും ഡ്രൈവർ നിരുൽസാഹപ്പെടുത്തിയതിനാൽ അതു ചെയ്തില്ലെന്ന് ഇൻസ്പെക്ടർ ജി.എസ്. രതീഷ് പറയുന്നു. 

തിരിച്ചു ജീപ്പിൽ കയറാനൊരുങ്ങുമ്പോൾ അയാളോടു സംസാരിക്കുക പോലും ചെയ്യാതെനിന്ന അജീഷിന്റെ തലയിൽ, അടുത്തുകിടന്ന കല്ലെടുത്ത് അടിക്കുകയായിരുന്നു. അജീഷ് വീഴുന്നതു കണ്ട് ഓടിച്ചെന്നപ്പോൾ ഇൻസ്പെക്ടറേയും ആക്രമിച്ചു. ഉടൻ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരുമെത്തി അജീഷിനെ ജീപ്പിൽ കയറ്റി ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് അടിമാലിയിലെ ആശുപത്രിയിലും എത്തിച്ചു. അവസ്ഥ ഗുരുതരമാണെന്ന് അറിയിച്ചതോടെ രാജഗിരി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ajeesh-doctors

എന്താണ് സംഭവിച്ചതെന്ന് ഓർക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, തലയ്ക്ക് അടിക്കുന്നതു വരെയുള്ള കാര്യങ്ങൾ വ്യക്തമായി ഓർമയുണ്ട്. പറയുമ്പോൾ വാക്കുകൾ തിരിഞ്ഞു പോകുന്നുണ്ടെന്നു മാത്രം.

സമയത്ത് എത്തിയതു രക്ഷയായി

അജീഷുമായി ആംബുലൻസ് എത്തുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജോ മാർഷൽ ലിയോയാണ് അഡ്മിറ്റ് ചെയ്തത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി,  പ്രാഥമിക ചികിത്സയ്ക്കു ശേഷം ന്യൂറോ സർജറി വിഭാഗം തലവനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അടിയന്തര ചികിത്സ വേണ്ടി വരുമെന്നു മനസ്സിലായി. ഡോക്ടർ ഉടനെത്തി ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ചു. ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ചു. ആദ്യ രണ്ടു ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാതെ ഒന്നും പറയാനാവാത്ത അവസ്ഥ. 

തലയോട്ടി തകർന്നു തലച്ചോറിനു കാര്യമായി പരുക്കേറ്റിരുന്നു. സാധാരണ അപകടങ്ങൾ ഉണ്ടാകുമ്പോൾ തലയോട്ടി ഇതുപോലെ തകർന്നു പോകാറില്ലെന്നു ഡോക്ടർ പറയുന്നു. തലച്ചോറിനേറ്റ പരുക്ക് പൂർണമായും ഭേദപ്പെടാറില്ല എന്നതാണ് വെല്ലുവിളി. അതുകൊണ്ടുതന്നെ ഡിസ്ചാർജ് ചെയ്താലും തുടർചികിത്സ ആവശ്യമുണ്ട്. തലയോട്ടിയുടെ ഒരു ഭാഗം അജീഷിന്റെ വയറിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. ചികിത്സ പൂർത്തിയാക്കിയ ശേഷം തിരികെ സ്ഥാപിക്കാനാണിത്. രണ്ടു മാസത്തിനകം ചികിത്സ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഡോക്ടർ പങ്കുവയ്ക്കുന്നത്. 

ജോലിക്കു കയറാൻ തയാറെന്ന് അജീഷ്

ajeesh-nurse

‘ഇപ്പോൾ വേണമെങ്കിലും ജോലിക്കു കയറാൻ റെഡിയാണ്.. പറഞ്ഞാൽ മതി..’ ഡിസ്ചാർജ് ചെയ്യും മുമ്പു കാണാനെത്തിയ നഴ്സ് ടി.ഡി.ഷിജിമോളോടാണ് ആത്മവിശ്വാസത്തോടെ അജീഷിന്റെ മറുപടി. ‘ഞങ്ങളെ ഒന്നും മറക്കല്ലേ കേട്ടോ..’ എന്നു പറയുമ്പോൾ ‘മറക്കില്ല, മറയൂർക്കു വരണം’ എന്ന് ക്ഷണിക്കുകയും ചെയ്തു അജീഷ്. ഡിസ്ചാർജ് വിവരമറിഞ്ഞ് മന്ത്രി പി. രാജീവും രാജഗിരി ആശുപത്രിയിൽ എത്തി. ചികിത്സയ്ക്കു ചുക്കാൻ പിടിച്ച ആരോഗ്യപ്രവർത്തകരേയും കൂടെ നിന്ന പൊലീസ് സേനയിലെ സഹപ്രവർത്തകരെയും പൊലീസ് സംഘടനാ ഭാരവാഹികളേയും അഭിനന്ദനമറിയിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. 

തോളോടു തോൾ ചേർന്നു കോവിഡ് പോരാളികൾ

കോവിഡ് കാലത്ത് മുൻനിരപ്പോരാളികളായ പൊലീസിനുണ്ടായ പങ്കപ്പാടിൽ ഒപ്പംനിന്ന് ഒരു സിവിൽ പൊലീസ് ഓഫിസറെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനായത് അഭിമാനമായാണ് രാജഗിരി ആശുപത്രി മാനേജ്മെന്റും കരുതുന്നത്. കോവിഡ് കാലത്ത് പൊലീസിനൊപ്പം തോളോടു തോൾ ചേർന്നു നിന്നാണ് ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പ്രവർത്തിക്കുന്നതെന്ന് ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. സ്വന്തം ജീവനു പോലും വിലകൽപിക്കാതെയാണ് പല അടിയന്തര സാഹചര്യങ്ങളിലും ഡോക്ടർമാർ രോഗികളെ സമീപിക്കുന്നത്. അതുകൊണ്ടു തന്നെ ഡോക്ടർമാർക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങൾ അംഗീകരിക്കാവുന്നതല്ലെന്ന് ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ പറയുന്നു.

English Summary : Attack on police; Ajeesh paul's life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com