ADVERTISEMENT

ജൂലൈ ഒന്ന്. ഇന്ന് ഇന്ത്യയിൽ ഡോക്ടർ ദിനം. മറ്റു രാജ്യങ്ങളിൽ ഈ ദിനം മാർച്ച് 30 നാണ്  ഇന്ത്യൻ വൈദ്യശാസ്ത്രരംഗത്തെ അതികായൻ എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഡോ. ബി.സി. റോയിയുടെ  ജന്മദിനമാണ്. ഇന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനവും. 1882 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം എൺപതാം വയസിൽ 1962  ജൂലൈ ഒന്നിനാണ്  അന്തരിച്ചത്. ഡോ. ബി.സി. റോയി ഇന്ത്യൻ വൈദ്യശാസ്ത്രരംഗത്തു നൽകിയ സേവനങ്ങൾക്കുള്ള ആദരമായാണ് ജൂലൈ ഒന്ന് ഡോക്ടർ ദിനമായി  ഇന്ത്യയിൽ ആചരിക്കുന്നത്. 1961 ൽ രാജ്യം ഡോ. ബി.സി. റോയിയെ ഭാരതരത്‌നം നൽകി ആദരിച്ചു. ലോകത്തെ ആദ്യത്തെ ഡോക്ടർ ക്രിസ്തുവിനു മുൻപ് 460-370 ൽ ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസ് ആയിരുന്നെന്നാണ് ചരിത്രം പറയുന്നത്. ചരകനാണ് ഭാരതത്തിലെ ആദ്യ വൈദ്യനും ഭിഷഗ്വരനും അല്ലെങ്കിൽ  ഡോക്ടറും എന്ന് നമുക്ക് വിശേഷിപ്പിക്കാം.

ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ

ഇംഗ്ലീഷ് വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിത ആനന്ദി ഗോപാൽ ജോഷിയാണ്  ആനന്ദിബായ് ജോഷി എന്നും അറിയപ്പെടുന്നു. (ജനനം : മാർച്ച് 31, 1865  മരണം:  ഫെബ്രുവരി 26, 1887) .അമേരിക്കയിൽ  നിന്നും പാശ്ചാത്യ വൈദ്യത്തിൽ രണ്ടുവർഷത്തെ  ബിരുദം നേടിയ ആദ്യ വനിതയായിരുന്നു അവർ. പൂണെയിലെ സമ്പന്ന ബ്രാഹ്മണ കുടുംബത്തിലാണ് യമുന എന്ന് ബാല്യകാലത്തു പേരുണ്ടായിരുന്ന ആനന്ദിയുടെ ജനനം.  ഗണപത് റാവു അമൃത്‌സ്വർ ജോഷി, ഗംഗുബായ് ജോഷി എന്നിവരായിരുന്നു യമുനയുടെ മാതാപിതാക്കൾ. ശൈശവ വിവാഹം നിലനിന്നിരുന്ന അക്കാലത്തു ഒൻപതാം വയസിൽ ആയിരുന്നു യമുനയുടെ  വിവാഹം.  ഒമ്പതാം വയസ്സിൽ തന്നേക്കാൾ ഇരുപത് വയസു മുതിർന്ന ആദ്യ ഭാര്യ മരിച്ച  ഗോപാൽ റാവു ആയിരുന്നു വരൻ. മുംബൈയ്ക്ക്  സമീപമുള്ള കല്യാണിൽ തപാൽ വകുപ്പിൽ ഗുമസ്തനായിരുന്നു ഗോപാൽ. ഭർത്താവാണ് യമുനയുടെ പേര് ആനന്ദിബായ് എന്നു മാറ്റിയത്.  പുരോഗമനവാദിയായ ഗോപാലിന്റെ നിർബന്ധമാണ് ആനന്ദിയെ ഒരു ഡോക്ടറാക്കി മാറ്റുന്നത്.സംസ്കൃതത്തിലും പ്രയോജനപ്രദം ഇംഗ്ലീഷ് പഠിക്കുന്നതാണെന്ന് മനസിലാക്കിയ ഗോപാൽ തന്റെ ഭാര്യയെ ഇംഗ്ലിഷ് വിദ്യാഭ്യാസം നേടുവാൻ വളരെയധികം ഉത്സാഹിപ്പിച്ചു.

പതിനാലാം വയസിൽ ആനന്ദി ഒരു ആൺകുട്ടിക്ക് ജന്മം നൽകി. എന്നാൽ മതിയായ വൈദ്യ സഹായം ലഭിക്കാതിരുന്നതിനാൽ ജനിച്ചതിന്റെ പത്താം ദിനം കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മരണം ആനന്ദിയുടെ ജീവിതത്തിൽ ഒരു മുറിപ്പാടായി മാറി. ഗോപാൽ ആനന്ദിയെ ഒരു ഡോക്ടറാകാൻ നിർബന്ധിച്ചു. ഇതിനിടയിൽ ഗോപാലിന്‌ കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റം ഉണ്ടായി. അവിടെ വച്ച് ആനന്ദി സംസ്കൃതവും ഇംഗ്ലീഷും വായിക്കാനും സംസാരിക്കാനും പഠിച്ചു.1883-ൽ ഗോപാൽറാവുവിനെ തപാൽ വകുപ്പ്  സെറാംപൂരിലേക്ക് മാറ്റി, ആരോഗ്യം മോശമായിരുന്നിട്ടും ആനന്ദിബായിയെ വൈദ്യപഠനത്തിനായി അമേരിക്കയിലേക്ക് അയയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. ആശങ്കയുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസം നേടിക്കൊണ്ട് മറ്റ് സ്ത്രീകൾക്ക് മാതൃകയാകാൻ ഗോപാൽറാവു ആനന്ദിയെ ബോധ്യപ്പെടുത്തി.

കത്തുകൾ വഴി യാദൃച്ഛികമായി ഗോപാൽ പരിചയപ്പെട്ട അമേരിക്കയിലെ ന്യൂ ജഴ്സിയിലുള്ള തിയോഡിഷ കാർപെന്റർ എന്ന അമേരിക്കൻ വനിതയുടെ സഹായത്തോടെ, വൈസ്രോയിയടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ സാമ്പത്തിക സഹായവുമായി 1883 ജൂണിൽ അവർ  ഇന്ത്യയിൽ നിന്നും കപ്പൽ മാർഗം ന്യൂയോർക്കിൽ എത്തി. പത്തൊൻപതാം വയസ്സിൽ ആനന്ദി വിമൻസ് മെഡിക്കൽ കോളജ് ഓഫ് പെൻസിൽ‌വാനിയയിൽ തന്റെ  മെഡിക്കൽ പഠനം ആരംഭിച്ചു. അവിടെ തണുത്ത കാലാവസ്ഥയും പരിചിതമല്ലാത്ത  ഭക്ഷണക്രമവും ആനന്ദിയുടെ ആരോഗ്യത്തെ ബാധിച്ചു ക്ഷയരോഗം പിടിപ്പെട്ടു. ഇതിനിടയിൽ  1886 മാർച്ചിൽ  ആനന്ദി എംഡി ബിരുദം നേടി.  ഭാരതീയ ആയുർവേദ ഗ്രന്ഥങ്ങളിൽ നിന്നും അമേരിക്കൻ മെഡിക്കൽ പാഠപുസ്തകങ്ങളിൽ നിന്നും പഠനങ്ങൾ നടത്തി  ‘ആര്യൻ ഹിന്ദുക്കൾക്കിടയിലെ പ്രസവചികിത്സ’ എന്ന വിഷയത്തിൽ ആയിരുന്നു പ്രബന്ധം. ഈ നേട്ടത്തിൽ  വിക്ടോറിയ രാജ്ഞി ആനന്ദിക്ക് അഭിനന്ദന സന്ദേശം അയച്ചത് ചരിത്രം.

1886 അവസാനത്തോടെ ആനന്ദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. കോലാപ്പൂരിലെ രാജാവ്  അവിടുത്തെ ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിലെ സ്ത്രീകളുടെ  വാർഡിന്റെ മുഖ്യ ചുമതല ആനന്ദിയെ എൽപിച്ചു.  ഇതിനടയിൽ ആനന്ദി ശാരീരികമായി വളരെ ക്ഷീണിതയായി ക്ഷയരോഗം മൂർച്ഛിച്ചു. 1887 ഫെബ്രുവരി 26 ന്  ആനന്ദി മരണത്തിനു കീഴടങ്ങി. ആനന്ദിയുടെ ചിതാഭസ്മം തിയോഡിഷ്യ കാർപെന്ററിനു ഗോപാൽ അയച്ചു കൊടുത്തു  ന്യൂയോർക്കിലെ പോവ്‌കീപ്സി സെമിത്തേരിയിലെ തിയോഡിഷ്യയുടെ കുടുംബ ശ്മശാനത്തിൽ പ്രതിഷ്ഠിച്ചു. 

മുകളിൽ വിവരിച്ചത് വിദേശത്ത് വിദ്യാഭ്യാസം നേടുകയും മെഡിക്കൽ ബിരുദം നേടുകയും ചെയ്ത ആദ്യത്തെ ഇന്ത്യൻ വനിതയുടെ ചരിത്രം.

ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ എന്ന ബഹുമതിക്ക് വേണ്ട വിധത്തിൽ ഉള്ള ആദരമൊന്നും നമ്മുടെ കേന്ദ്ര സർക്കാരുകൾ മരണാനന്തരം പോലും ആനന്ദിക്ക്  നൽകിയില്ല. ലക്നൗവിലെ സർക്കാരിതര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ ഇൻ സോഷ്യൽ സയൻസസ് (ഐആർഡിഎസ്) ഇന്ത്യയിൽ മെഡിക്കൽ സയൻസ് പരിപോഷിക്കുന്നതിൽ നൽകിയ ആദ്യകാല സംഭാവനകളെ മാനിച്ചുകൊണ്ട് മെഡിസിനുള്ള ആനന്ദിബായ് ജോഷി അവാർഡ് നൽകുന്നു. സ്ത്രീകളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന യുവതികൾക്കായി മഹാരാഷ്ട്ര സർക്കാർ ആനന്ദിയുടെ പേരിൽ ഒരു ഫെലോഷിപ്പ് സ്ഥാപിച്ചു. ആനന്ദിയോടുള്ള ബഹുമാനാർത്ഥം ശുക്രനിലെ  34.3 കിലോമീറ്റർ വ്യാസമുള്ള  ഒരു ഗർത്തത്തിന് ജോഷി എന്ന് പേരിട്ടു. 

ആദ്യ വിശേഷണങ്ങൾ നിറഞ്ഞ അയ്മനംകാരി

മെഡിക്കൽ ബിരുദം നേടിയ ആദ്യ മലയാളി വനിതയാണ്‌ കോട്ടയം അയ്മനം സ്വദേശി ഡോ. മേരി പുന്നൻ ലൂക്കോസ് (ജനനം : 1886  – മരണം : 1976). തിരുവനന്തപുരം മഹാരാജാസ് കോളജിലെ (ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി കോളജ്) ആദ്യ വിദ്യാർഥിനി. 1909 ൽ ബി.എ  ബിരുദം ജയിച്ചപ്പോൾ തിരുവിതാംകൂറിലെ ആദ്യ ബിരുദധാരിണി, തിരുവിതാംകൂറിൽനിന്നും ആദ്യമായി ഉപരിപഠനത്തിന് ഇംഗ്ലണ്ടിൽ പോയ വനിത, ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ലോകത്തിലെ ആദ്യ വനിതാ സർജൻ ജനറൽ, ഇന്ത്യയിലെ  ആദ്യ വനിതാ നിയമസഭാംഗം എന്നീ വിശേഷണങ്ങൾ എല്ലാം ഈ അയ്‌മനംകാരിയുടെ പേരിലാണ്.

തിരുവിതാംകൂറിലെ ആദ്യ സർജൻ ജനറലായിരുന്നു.തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാപ്രതിനിധിയും ഡോ. മേരി പുന്നൻ ലൂക്കോസാണ്. റീജന്റ് മഹാറാണി സേതുലക്ഷ്മിഭായിയുടെ കാലത്താണ്  (1924-1931  ആദ്യമായി ഒരു വനിതയെ തിരുവിതാംകൂർ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. വിവിധ കാലയളവുകളിലായി ഏഴുതവണ അവർ നിയമനിർമ്മാണസഭകളിലുണ്ടായിരുന്നു. ശ്രീമൂലം പ്രജാസഭയിലും ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിലും അംഗമായിരുന്ന കാലവും ഇതിൽ ഉൾപ്പെടുന്നു. 1975 ൽ രാജ്യം പത്മശ്രീ നൽകി മേരിയെ ആദരിച്ചു. ജഡ്ജിയായിരുന്ന കുന്നുകുഴിയിൽ കെ.കെ ലൂക്കോസാണ്  ഭർത്താവ്.

കേരളത്തിൽ നിന്നും ഇംഗ്ലണ്ടിൽ എത്തിയ ആദ്യ  മലയാളി ഡോ. മേരി പുന്നന്റെ പിതാവ് ഡോ. ടി.ഇ. പുന്നനാണ്.

സിസേറിയൻ കേരളത്തിൽ

കേരളത്തിലെ ആദ്യ സിസേറിയൻ ശസ്തക്രിയ നടന്നത് മേരിയുടെ നേതൃത്വത്തിലാണ് ശസ്തക്രിയക്കു വിധേയായ  തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശി മിഖായേലിന്റെ ഭാര്യയുടെ പേരും മേരി എന്നത് യാദൃച്ഛികം. പ്രസവവേദന കലശലായ മേരിയെ ആദ്യം പരിശോധിച്ച ഡോക്ടർ പറഞ്ഞു ‘ഒന്നുകിൽ കുട്ടി അല്ലെങ്കിൽ അമ്മ...’ ഇവരിൽ ഒരാളെ മാത്രമേ ഈ പ്രസവത്തിൽ  ജീവനോടെ ലഭിക്കുകയുള്ളൂവെന്ന്. എന്നാൽ മേരിയെ പരിശോധിച്ച ഡോക്ടർ മേരി അമ്മയ്ക്കും കുഞ്ഞിനും  യാതൊരു പ്രശ്നവുമില്ലാതെ ശസ്തക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള മാർഗം സർജനായ തനിക്കു അറിയാം എന്ന് പറഞ്ഞു. അങ്ങനെ 1920  മാർച്ച്  ജനനം വാർത്ത അല്ലാത്ത കാലത്തു തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ  അമ്മയുടെ വയറു കീറി പുറത്തു വന്ന  ആ കുഞ്ഞിന്റെ പേര് മിഖായേൽ സവരിമുത്തു എന്നായിരുന്നു. സൈനിക സേവനത്തിനു ശേഷം സർക്കാർ പ്രസിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.  മലയാള നാട്ടിലെ ആദ്യ സിസേറിയന്റെ ശതാബ്‌ദിക്കു കാത്തു നിൽക്കാതെ അപ്പുക്കുട്ടനെന്ന് ചെല്ലപ്പേരുള്ള സവരിമുത്തുവെന്ന  ‘ആദ്യ സിസേറിയൻ ബേബി’  2019 മെയ്‌ മാസം  യാത്രയായി.

kerala-s-first-caesarean-baby-michael-shavarimuthu
മിഖായേൽ സവരിമുത്തു

അമ്മയുടെ ജീവൻ രക്ഷിക്കാനായി സിസേറിയൻ എന്ന രീതി പണ്ടേ നിലവിലുണ്ടായിരുന്നു. സിസേറിയൻ അഥവാ‘സി സെക്ഷൻ’ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തി ആയുർവേദാചാര്യനായ സുശ്രുതനാണെന്നു കരുതപ്പെടുന്നു. 1881-ൽ ജർമൻ ഗൈനക്കോളജിസ്റ്റായ ഫെർഡിനാൻഡ് അഡോൾഫ് കേഹ്രെർ (Ferdinand Adolf Kehrer) ആണ് ലോകത്തിൽ  ആദ്യമായി സിസേറിയൻ ചെയ്ത ഡോക്ടർ.

ജൂലിയസ് സീസറിന്റെ പൂർവ പിതാമഹന്മാരിൽ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നർത്ഥമുള്ള കയ്ഡോ-എരേ അല്ലെങ്കിൽ കയ്സുസ് സും എന്ന ലത്തീൻ പദത്തിൽ നിന്നാണ് കയ്സർ എന്ന സ്ഥനപ്പേര് വന്നത് എന്നാണ് പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ആംഗലേയ രൂപ വ്യതിയാനാമാണ് 'സീസർ' എന്ന പേര്. കോവിഡ് കാലത്ത്  ഡോക്ടർ ദിനം വന്നത് സമർപ്പിത സേവനം ചെയ്യുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഉള്ള  ആദരമായി മാറി. സ്വന്തം ജീവൻ പണയം വച്ചുകൊണ്ട് സേവനം ചെയ്യുന്ന  ആരോഗ്യപ്രവർത്തകർക്കു മുഴുവൻ ആദരം അർപ്പിക്കുന്നു.

Content Summary : National Doctor's Day -  The legacy of women doctors in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com