ADVERTISEMENT

ജൂലൈ 1 ഡോക്ടർസ് ഡേ. ഡോക്ടർമാരുടെ ദിവസം. നിങ്ങൾ ഞങ്ങളെപ്പോലുള്ള ഡോക്ടർമാരെ ഓർക്കുകയും വിളിക്കുകയും വിഷ് ചെയ്യുകയും ചെയ്യുന്ന ദിവസം.  അന്നെന്തായാലും ഡോക്ടേഴ്സിനെ വിഷ് ചെയ്യാനോ വിളിക്കാനോ വേണമെങ്കിൽ ആദരിക്കാനോ ആരും തന്നെ പിശുക്കു കാണിക്കാറില്ല . അല്ലാത്തപ്പോൾ ...ഒരു കൈ കൊണ്ടു തലോടുമ്പോൾ മറ്റേ കൈകൊണ്ടു ശിക്ഷിക്കുന്നആൾ  ദൈവങ്ങൾ അതാണ് ചിലർ.

 അല്ലെങ്കിൽ തന്നെ മാവേലിക്കരയിലെ ഡോ രാഹുലിന്റെ കാര്യം തന്നെ നോക്കാം ബ്രോട്ട് ഡെഡ് ആയ ഒരമ്മയെ ജീവിപ്പിക്കാനൊന്നും ആ ഡോക്ടർക്ക് കഴിയില്ലല്ലോ . ഇത്രയും സ്മാർട്ട് ആയ രാഹുലിന്റെ അവസ്ഥ ഇതാണെങ്കിൽ എന്തായിരിക്കും മറ്റുള്ളവരുടെ അവസ്ഥ  ..  വെറുതേയല്ല  ഡോക്ടർസ് എല്ലാവരും ഒരു ഡിഫെൻസിവ് മോഡിൽ പ്രാക്ടിസ് ചെയ്യുന്നത്. അല്ല നമുക്കീ ടോപിക്കിവിടെ നിർത്താം അല്ലേ അല്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ തെറ്റും .സ്വസ്ഥമായ സുന്ദരമായ റിലേഷൻസിനു പല വിട്ടു വീഴ്ചകളും വേണമെന്നാണല്ലോ . 

  ഡോക്ടർസ് ഡേ പ്രമാണിച്ചു ഒരനുഭവക്കുറിപ്പു പ്രതീക്ഷിക്കുന്നു   എന്ന് പറഞ്ഞു ഒരുപാടുപേർ മെസ്സേജിട്ടിരുന്നു കാണാഞ്ഞിട്ടല്ല . എഴുതാൻ ശ്രമിച്ചുതുടങ്ങിയിട്ടു കുറച്ചു ദിവസമായി . സമയം ഒരു വില്ലനാണ് . ഇന്നെന്തോ നല്ല മൂഡുണ്ട്. നമുക്കന്നാ തുടങ്ങിയാലോ. ഈ നട്ടപ്പാതിരക്കോ എന്നു ചോദിച്ചാൽ ഇതിനേക്കാൾ നല്ല സമയമുണ്ടാവില്ല എന്നു ഞാൻ പറയും .രാത്രിയും അവളുടെ മൗനവും ആ മൗനത്തിലൊളിഞ്ഞിരിക്കും വാചാലതയും ഈ ഞാനും പിന്നെ നിങ്ങളും . 

ഞാനെഴുതുന്നതെല്ലാം ഒരുതരത്തിൽ പറഞ്ഞാൽ അനുഭവക്കുറിപ്പുകളോ ഓർമക്കുറിപ്പുകളോ അതുമല്ലെങ്കിൽ എന്റെ ഡെയിലി ലൈഫിൽ നിന്നും കീറിയെടുത്ത  പേജുകളോ ആയിരിക്കും... അല്ല ആണ് . അതിലെ പേരുകളും  സ്ഥലങ്ങളും യഥാർഥത്തിലുള്ളതല്ല . കാരണം അവരുടെയൊന്നും ഐഡന്റിറ്റി വെളിപ്പെടുത്താൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല . പക്ഷെ എപ്പോഴും അവരോടു പെർമിഷൻ ചോദിക്കാറുണ്ട് . ചിലരത് വായിക്കുമ്പോൾ സാറെന്താ ഞങ്ങളുടെ ശരിക്കുള്ള പേര് വാക്കാത്തതെന്നു പറഞ്ഞു പരിഭവിക്കാറുണ്ട് . എന്നാൽ വേറെ ചിലർ തെറ്റായ പേരിലായാൽ പോലും അവരുടെ കഥകൾ വരുന്നതിഷ്ടമില്ല . അതുകൊണ്ടു മാത്രം വളരെ ഇൻട്രസ്റ്റിംഗ് ആയ പല കേസുകളും   എനിക്ക് ഡെവലപ്പ് ചെയ്യാൻ പറ്റാതെ പോയിട്ടുണ്ട് . 

അതങ്ങനെയാണ് ഒരു സംഭവത്തെ നാം കാണുന്നപോലെയായിരിക്കില്ല മറ്റുള്ളവർ കാണുന്നത് .അതുകൊണ്ടുതന്നെ ചിലപ്പോളെന്റെയീ തുറന്നെഴുത്ത് അവരോടു ചേർന്ന് നിൽക്കുന്ന ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയേക്കും . ഓരോരുത്തരുടെയും പെർസ്പെക്റ്റീവ് വ്യത്യസ്തമായിരിക്കും .നമ്മുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന പലതും മറ്റുള്ളവർക്ക് സ്റ്റുപ്പിഡ് ആയി തോന്നിയേക്കാം തിരിച്ചും . പക്ഷെ എന്റെ ഒരു സജഷൻ  നമ്മുടെ  കാഴ്ചപ്പാട് തെറ്റാണെന്നു തോന്നിയാൽ അത് തിരുത്താൻ മടിക്കരുത് . എന്നാലെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ  നല്ല തീരുമാനങ്ങൾ ഉണ്ടാവൂ .  “ right perspectives makes the impossible possible " എന്നല്ലേ .അതെ ശരിയായ കാഴ്ചപ്പാടുകൾ അസാധ്യമായതിനെ സാധ്യമാക്കും . അങ്ങനെ അസാധ്യമായ ദുഷ്കരമായ ഒരു കാര്യം തന്റെ കാഴ്ചപ്പാടിലുറച്ചു നിന്ന് തന്റേതായ തീരുമാനത്തിലൂടെ തന്റേതാക്കിയ  ഒരാളെ എനിക്കറിയാം . എല്ലാവരും പേടിക്കുന്ന ഡൗൺസിൻഡ്രോമെന്ന ജനറ്റിക് ഡിസോഡറിനെ തന്റെ. നെഞ്ചോട് ചേർത്ത ഒരമ്മയെ . ഗർഭിണികളായ എല്ലാ അമ്മമാരുടെയും പേടിസ്വപ്നമാണീ ഡൗൺസ് സിൻഡ്രോം  ഒരു പരിധി വരെ ഞങ്ങൾ ഡോക്ടർ മാരുടെയും . .ഗർഭിണികളിൽ ഏറ്റവും കൂടുതലായി കാണുന്ന ക്രോമോസോമൽ  അബ്നോർമാലിറ്റി .  അമ്മമാരുടെ പ്രായം കൂടുന്തോറും ഡൌൺ സിൻഡ്രോമിനുള്ള സാധ്യത കൂടിക്കൊണ്ടിരിക്കും  . 25 വയസ്സുള്ള സ്ത്രീകളിൽ ഇതിന്റെ ഇൻസിഡൻസ് 1200 പ്രെഗ്നൻസിയിൽ ഒന്നാണെങ്കിൽ അത് 35 വയസ്സവുമ്പോൾ 350 ൽ ഒന്നും 40 വയസ്സാവുമ്പോൾ  100 ൽ ഒന്നുമാവും ഒരു ഡൗൺ സിൻഡ്രോം ബേബിയെ വളർത്തുക എന്നത് next to impossible എന്നു  തന്നെ പറയാം അവിടെയാണ് ശരണ്യ നമ്മുടെയെല്ലാം കാഴ്ചപ്പാട് തിരുത്തിയെഴുതിയത്. 

dr-reji
ഡോ. റെജി ദിവാകർ

ശരണ്യ ആനന്ദ് 44 വയസ്സുള്ള ഒരു കോർപറേറ്റ് ബാങ്കുദ്യോഗസ്ഥ. അവളുടെ ഭർത്താവ് ആനന്ദും  വെൽ പ്ലേസ്ഡ്  ആണ്. ആകെ ഒരു പ്രശ്നം മാത്രം കുട്ടികളില്ല . കല്യാണം കഴിഞ്ഞിട്ട് പതിനെട്ടു വർഷങ്ങളായി ഐ യു ഐ യും ഐ വി ഫും ഒക്കെ ട്രൈ ചെയ്തു അവസാനം അഞ്ചു  വർഷമായി  അവർ ട്രീറ്റ്മെന്റ് എല്ലാം നിർത്തി . വല്ലാത്ത ഒരു ഡിപ്രെഷനിൽ കഴിയുമ്പോഴാണ് അവർ രാജിയെക്കാണുന്നത്. രാജി അവരെന്റെ പേഷ്യന്റായിരുന്നു ഇതുപോലൊരു ഇൻഫെർട്ടിലിറ്റി കേസ്. രാജിയുടെ ഓഫീസിലാണ് ശരണ്യ ജോലി ചെയ്തിരുന്നത് . അവരിൽ നിന്നുമാണ് അവരെന്നെപ്പറ്റി അറിഞ്ഞതും എന്നെ വിളിച്ചതും. ശരണ്യ  വിളിക്കുന്നതിന്‌ മുൻപ് രാജി എന്നെ വിളിച്ചിരുന്നു  ശരണ്യ വല്ലാത്ത ഡിപ്രെഷനിലാണെന്നും എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് പേടിയുണ്ടെന്നും രാജി പറഞ്ഞു.  അതുകൊണ്ടു ശരണ്യ വിളിച്ചപ്പോൾ എനിക്ക് പെട്ടെന്നു പിടികിട്ടി .  

ഒരുകുട്ടിക്കായി അവരെത്ര ഡെസ്പെരേറ്റ് ആണെന്ന് അവരുടെ സംസാരത്തിൽ  നിന്നുതന്നെ എനിക്ക് മനസ്സിലായി . അവസാനം അവർ പറഞ്ഞ ഒരുവാക്കുണ്ട് സാറെ വല്ലാത്ത പ്രതീക്ഷയോടെയാണ് ഞാൻ സാറിനെ വിളിച്ചത്  എന്റെ അവസാനത്തെ കച്ചിത്തുരുമ്പാണ് സാർ സാറുകൂടി കയ്യൊഴിഞ്ഞാൽ .. ബാക്കി അവൾ പറഞ്ഞില്ല പക്ഷേ എനിക്കത് ഊഹിക്കാമായിരുന്നു.   സത്യത്തിൽ  അവർക്ക് രണ്ടുപേർക്കും  കാര്യമായ തകരാറുകളൊന്നും  ഉണ്ടായിരുന്നില്ല. ചെറിയ ചില പ്രശ്നങ്ങൾ മാത്രം അല്ലെങ്കിലും മിക്ക ക്രോണിക്  ഇൻഫെർട്ടിലിറ്റി  കേസുകളും  ഇങ്ങനെയാണ്  കാര്യമായ കുഴപ്പങ്ങളൊന്നുമുണ്ടാവില്ല. പക്ഷേ അത്തരം കേസുകളിൽ നമുക്കൊന്നും  കൂടുതലായി ചെയ്യാനുണ്ടാവില്ല . എന്തെങ്കിലും ഡെഫിനിറ്റായ പ്രശ്നങ്ങളുണ്ടെങ്കിൽ അത് ക്ലിയർ ചെയ്താൽ നമുക്ക് റിസൾട്ട് ഉണ്ടാവും. ഇത്തരക്കാരുടെ  കാര്യം ഒന്നും പറയാനാവില്ല.  എങ്കിലും എനിക്കവരെ നിരാശപ്പെടുത്താൻ തോന്നിയില്ല. നമുക്ക് നോക്കാം എന്ന് ഞാൻ പറഞ്ഞു.

ശരണ്യയുടെ വീട് കാസർകോടായിരുന്നു. അതുകൊണ്ടു ട്രീട്മെന്റെല്ലാം വാട്സ് ആപ്പ് വഴിയായിരുന്നു. ഫോളിക്കുലാർ സ്റ്റഡിയും ഇൻവെസ്റ്റിഗേഷൻസും എല്ലാം.  അവസാനം അഞ്ചാമത്തെ മാസം അവർ പ്രഗ്നൻറ് ആയി എങ്ങനെയെന്നു ചോദിച്ചാൽ ഒരുത്തരമില്ല .  അല്ലെങ്കിലും ചില  ചോദ്യങ്ങൾക്കുത്തരമുണ്ടാവില്ല  അവർക്കുണ്ടായിരുന്നു  റെസിസ്റ്റൻസ് അഥവാ ഇൻഹിബിഷൻ  വാട്ടെവർ ഇറ്റ്  ഈസ്  ഈ സൈലന്റ്  ആയ  അഞ്ചു  വർഷം  കൊണ്ട് തന്നെ റിസോൾവ്ഡ്  ആയിട്ടുണ്ടാവും  .പിന്നേ നമ്മുടെ കൗണ്സിലിങ്ങും മരുന്നുകളും. എന്തായാലും അവരുടെ സന്തോഷം  അത് പറയാൻ  വാക്കുകൾ പോരാ. സത്യത്തിൽ അതവർ ആഘോഷിക്കുകയായിരുന്നു. ഒരു പത്തു കാർഡെങ്കിലും  വാങ്ങി പ്രെഗ്നൻസി ടെസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടായിരിക്കും. പ്രെഗ്നൻസി കാർഡിലെ ആ  രണ്ടു വരകൾ കാണുന്നതിന് വേണ്ടി മാത്രം. എല്ലാം എനിക്കയച്ചു തരുമായിരുന്നു . വല്ലാതെ എക്‌സൈറ്റഡ് ആയിരുന്നു അവർ രണ്ടു പേരും. അപ്പോഴൊക്കെ എന്തോ ഒരു ഭയം എനിക്ക് തോന്നിയിരുന്നു. അവരുടെ വയസ്സ്  അതെന്നെ വല്ലാതെ അലട്ടിയിരുന്നു. അവരുടെ സന്തോഷത്തിന്  12  ആഴ്ചയിലെ N T സ്കാനും  ഡബ്ബിൾ മാർക്കർ ടെസ്റ്റും ചെയ്യുന്നതു വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.  കുട്ടി ഡൗൺ ആണെന്നും മെഡിക്കൽ ടെർമിനേഷൻ ആണ് നല്ലതെന്നു അവരുടെ ലോക്കൽ ഗൈനീ പറഞ്ഞു. അതോടെ അവരുണ്ടാക്കിയ സ്വപ്നക്കൊട്ടാരം തകർന്നു വീണു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. റൗണ്ട്സിനിടയിലാണവൾ വിളിച്ചത്.  റിസൾട്ട് കണ്ടപ്പോൾ എനിക്കും വിഷമമായി. എന്താണവരോട്  ആദ്യം  പറയേണ്ടതെന്നു പോലും എനിക്കറിയില്ലായിരുന്നു. പിന്നെ അവരോടു വരാൻ പറഞ്ഞു. അവരതു കേൾക്കാൻ കാത്തു നിൽക്കുകയായിരുന്നെന്നെനിക്കു തോന്നി  പിറ്റേദിവസം തന്നെ അവരെത്തി. ഞാൻ സ്കാൻ ചെയ്തപ്പോൾ കാര്യം മനസ്സിലായി. അവരുടെ ഗൈനീ പറഞ്ഞതക്ഷരം പ്രതി  ശരിയായിരുന്നു. അതൊരു ടിപ്പിക്കൽ ഡൗൺ സിൻഡ്രോം പോലെയാണ് തോന്നിയത് ( നേസൽ ബോൺ  കാണാതിരിക്കുക, നൂക്കൽ  തിക്‌നെസ്സ്. 2 മില്ലീമീറ്ററിനേക്കാൾ കൂടുതലാവുക എല്ലാം ഡൗൺസിലേക്കായിരുന്നു വിരൽ ചൂണ്ടിയത്).  പോരാത്തേന് ഡബ്ബിൾ മാർക്കർ ടെസ്റ്റ് പൊസറ്റീവും.  ഇത് ഡൗൺ ആണല്ലോ ശരണ്യ  ഇനിയിപ്പോ എന്ത് ചെയ്യും. എന്തായാലും നമുക്ക് 14 ആഴ്ചയിൽ NIPT യും  ( Non Invasive Prenatal Test ) അമ്നിയോസിന്റെസിസും ചെയ്തു നോക്കീട്ടു തീരുമാനിക്കാം ( അമ്നിയോട്ടിക് ഫ്‌ളൂയിഡ് കുത്തിയെടുത്തു പരിശോധിക്കുന്ന ഇൻവേസീവ്  പ്രൊസീജിയാർ അതിലൂടെ നമുക്ക് ഡൌൺ സിൻഡ്രോം 100 ശതമാനവും കണ്ടുപിടിക്കാം )അവരൊന്നും പറഞ്ഞില്ല. ഞാനവർക്ക് ഡൗൺ സിൻഡ്രോമിനെക്കുറിച്ചു പറഞ്ഞു കൊടുത്തു. ബുദ്ധിവികാസക്കുറവും വളർച്ചക്കുറവും മാത്രമല്ല മറ്റുള്ള കോൺജനിറ്റൽ ഡിഫക്റ്റും ഉണ്ടാവാൻ ചാൻസുണ്ടെന്നും അവരെ വളർത്തുക വലിയ ഒരു ടാസ്കായിരിക്കുമെന്നും പറഞ്ഞു. 

എല്ലാം കേട്ടതിനു ശേഷം അവളെന്നോടു പറഞ്ഞു  സാറീപറഞ്ഞതെല്ലാം ഒരു ഡോക്ടർ എന്നനിലയിൽ സാറിന്റെ കാഴ്ചപ്പാടാണ്.  കഴിഞ്ഞ 18 വർഷമായി ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ഒരമ്മക്ക് അതൊരു ടിഫിക്കൽട്ട് ടാസ്കല്ല  സാർ . അവനെന്തു ഡിഫെക്ട് ഉണ്ടെങ്കിലും എത്ര ബുദ്ധി കുറവാണെങ്കിലും ഒരു ദിവസമേ അവനായുസ്സുള്ളൂ എങ്കിലും എനിക്കവനെ വേണം. ഞാനവനെ നോക്കിക്കൊള്ളാം. ഞാനിതബോർട്ട് ചെയ്യുന്നില്ല . ഇനി ഒരു ടെസ്റ്റും ചെയ്യുന്നുമില്ല.  ഡെലിവറി കഴിഞ്ഞെ ഞാനിനി സാറിനെക്കാണാൻ വരൂ. എന്റെ മോനെയും കൊണ്ട്. വല്ലാത്ത നിശ്ചയദാർഢ്യമായിരുന്നവരുടെ വാക്കുകൾക്ക്. അതിലേറെ ഉറപ്പും ധൈര്യവും.  അവർ പറഞ്ഞപോലെ പിന്നീടവർ ടെസ്റ്റുകളൊന്നും ചെയ്തില്ല. മുഴുവൻ സമയവും ഡൗൺ സിൻഡോമിന്റെ ഗവേഷണത്തിലായിരുന്നു. എനിക്ക് പറ്റാവുന്ന ഇൻഫർമേഷൻസെല്ലാം ഞാനവർക്കയച്ചു കൊടുത്തു. ബ്രിട്ടീഷ് ആക്ട്രസ്  പോള സെയ്ജ്, ആദ്യമായി യൂണിവേഴ്സിറ്റി ഡിഗ്രി  നേടിയ  ഡൗൺ ആയ പാബ്ലോ പിനെദ എന്നിവരെ ക്കുറിച്ചും അവരെപ്പോലെയുള്ള ഡൗണുകളുടെ കഥകൾ വായിക്കാൻ കൊടുത്തു. ഡൗൺ സിൻഡ്രോമിലെ മൊസൈക് വറൈറ്റിയിലെ കുട്ടികൾക്ക് 70  മുതൽ എൺപതു വരെ   ഐ. ക്യു   ഉണ്ടാവുമെന്ന് അറിഞ്ഞപ്പോൾ അവൾക്ക് വലിയ സന്തോഷമായി. എല്ലാമറിഞ്ഞ്  എല്ലാം  മനസ്സിലാക്കി  അവളാ കുട്ടിയെ ഉദരതിൽ കൊണ്ടു നടന്നു സ്നേഹിച്ചു പ്രസവിച്ചു. അവളുടെ നിശ്ചയ ദാർഢ്യം കൊണ്ടോ വിശ്വാസം കൊണ്ടോ എന്തോ അവൻ മൊസൈക് ഡൗൺ ആയിരുന്നു മാത്രമല്ല അവന്  കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസവം കഴിഞ്ഞ് എകദേശം ഒരുമാസം കഴിഞ്ഞപ്പോളവരെന്നെ കാണാൻ വന്നു. വലിയ സന്തോഷത്തിലായിരുന്നു അവർ രണ്ടുപേരും. അതിലേറെ സന്തോഷത്തിലായിരുന്നു അവനും അവരുടെ ‘നിധിൻ’. അവർക്കു കിട്ടിയ നിധി. 

അവനിപ്പോൾ അഞ്ചു വയസ്സുണ്ട്. അവന്റ ബെറ്റർ  കെയറിനും മറ്റുമായി അവർ യു എസ്  ലേക്ക് ഷിഫ്റ്റ് ചെയ്തു. ചെറിയ ഒരു ഹാർട്ട് ഡിഫെക്ട് ഉണ്ട് എന്നല്ലാതെ അവനു മറ്റുള്ള ഹെൽത്ത് പ്രശ്നങ്ങളൊന്നുമില്ല . അന്നവരെന്നെ കാണാൻ വന്നപ്പോൾ ശരണ്യ എനിക്ക് ഒരു ഗിഫ്റ്റ് തന്നു. കുറച്ചു നാരങ്ങാമിട്ടായികൾ .. ഈ മിട്ടായിപോലെ മധുരമുള്ള ഓർമകളാണ് ഞാനവർക്കെന്നു പറഞ്ഞു. സത്യത്തിൽ ആ നാരങ്ങാമിട്ടായിയോളം വിലപിടിപ്പുള്ള ഒരു ഗിഫ്റ്റും എനിക്കിതുവരെ കിട്ടിയിട്ടില്ല.  അതിനേക്കാൾ മാധുര്യമുള്ള ഒരു മിട്ടായിയും ഞാനിതുവരെ കഴിച്ചിട്ടുമില്ല . എന്നും ശരണ്യയും ആനന്ദും അവരുടെ പ്രിയപെട്ട നിധിനും എന്റെ ലൈഫിലുണ്ടാവും അവർ തന്ന നാരങ്ങാമിട്ടായിയുടെ  മാധുര്യവും.

English Summary : Dr. Reji Divakar on Doctors' Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com