ADVERTISEMENT

അതിവേഗം ജനിതകവ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. യഥാർഥ കൊറോണ വൈറസിന് പുറമേ ആൽഫ, ഡെൽറ്റ, കപ്പ തുടങ്ങിയ നിരവധി വകഭേദങ്ങൾ പല രാജ്യങ്ങളിൽ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്നു. ഒരേ പ്രദേശത്ത് തന്നെ നിരവധി വകഭേദങ്ങൾ പല കോണുകളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിരവധി വകഭേദങ്ങൾ നമുക്കു ചുറ്റും ഇത്തരത്തിൽ പടരവേ ഒരു രോഗിക്ക് ഒന്നിലധികം വകഭേദങ്ങൾ ഒരുമിച്ച് പിടിപെടാമോ  എന്ന സംശയം ഉയർന്നിരുന്നു. ഈ സംശയങ്ങളെ സ്ഥിരീകരിക്കുകയാണ് ബെൽജിയത്തിൽ നിന്നുള്ള 90 വയസ്സുകാരിക്ക് പിടിപെട്ട ഇരട്ട അണുബാധ.

ഈ വർഷം മാർച്ചിൽ കോവിഡ് ബാധിതയായ ഈ രോഗിയിൽ ഒരേ സമയം ആൽഫ, ബീറ്റ വകഭേദങ്ങൾ കണ്ടെത്തി.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് അഞ്ചു ദിവസങ്ങൾക്കു ശേഷം ഇവർ മരണപ്പെടുകയും ചെയ്തു. ഇത്തരം ഇരട്ട അണുബാധ അപൂർവമാണെങ്കിലും അസാധ്യമല്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

രോഗബാധിതരായ ഒന്നിലധികം പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് അവരിൽ നിന്നെല്ലാം വൈറസ് പിടിപെടാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എഞ്ചിനീയറിങ് ആൻഡ് ബയോടെക്നോളജി മുൻ ഡയറക്ടർ വി.എസ്. ചൗഹാൻ പറയുന്നു. വൈറസ്  ഒരു ശരീരത്തിൽ കയറി എല്ലാ കോശങ്ങളെയും ബാധിക്കാൻ കുറച്ചു സമയമെടുക്കും. ഇത് സംഭവിക്കും മുമ്പ് മറ്റൊരു വ്യക്തിയിൽ നിന്ന് പുതിയ വകഭേദം ശരീരത്തിലെത്തിയാൽ ഇവയെ സ്വീകരിക്കാനും ചില കോശങ്ങൾ തയാറായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്ഐവി രോഗികളിൽ ഇത്തരം ഇരട്ട അണുബാധ  കേസുകൾ സാധാരണമാണെന്നും ചൗഹാൻ  ചൂണ്ടിക്കാട്ടി.

എന്നാൽ ഇരട്ട അണുബാധ സാധാരണ അണുബാധയെ അപേക്ഷിച്ച് രോഗിയെ കൂടുതലായി ബാധിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എല്ലാ വകഭേദങ്ങളും ഒരേ തരത്തിലാണ് രോഗിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. രണ്ട് സ്രോതസ്സിൽ നിന്നു രണ്ട് വകഭേദം വരുന്നുവെന്നത് അധികം പ്രഭാവം ഉണ്ടാക്കില്ല. രോഗത്തിന്റെ തീവ്രത രോഗിയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയും വൈറസിന്റെ പ്രഹരശേഷിയും ആശ്രയിച്ചിരിക്കുമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

English Summary : When two Covid-19 variants infect someone at the same time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com