ADVERTISEMENT

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമായും കാരണമായത് ഡെല്‍റ്റ വകഭേദം തന്നെയാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം. 

മഹാരാഷ്ട്ര സംസ്ഥാനത്ത് 2021 ജനുവരിക്കും ഫെബ്രുവരിക്കും ഇടയില്‍ ഉണ്ടായ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണം ഡെല്‍റ്റയാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. അക്കാലയളവില്‍ സംസ്ഥാനത്ത് നിന്ന് ശേഖരിച്ച സാംപിളുകളില്‍ 60 ശതമാനത്തിനും ഡെല്‍റ്റ( B.1.617.2 ), കപ്പ (B.1.617.1 ) വകഭേദങ്ങള്‍ കണ്ടെത്തി. 2021 ഏപ്രില്‍ ആയപ്പോഴേക്കും ഡെല്‍റ്റ വകഭേദം രാജ്യത്ത് പ്രബലമായെന്നും ഇന്ത്യയില്‍ ആ സമയത്ത് ജനിതക സീക്വന്‍സിങ്ങ് നടത്തിയ 99 ശതമാനം സാംപിളുകളിലും ഡെല്‍റ്റ കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വാക്‌സീന്‍ എടുത്തവര്‍ക്കും കോവിഡ് ബാധിച്ച ബ്രേക്ക്ത്രൂ അണുബാധയില്‍ ഏറിയ പങ്കും ഡെല്‍റ്റ മൂലമായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. വാക്‌സീന്‍ എടുത്തവര്‍ക്ക് ഉണ്ടായ ബ്രേക്ക്ത്രൂ അണുബാധയില്‍ 86.09 ശതമാനമാണ് ഡെല്‍റ്റ മൂലം ഉണ്ടായത്. വാക്‌സീന്‍ എടുത്ത ശേഷം കോവിഡ് ബാധിച്ച 677 പേരില്‍ നിന്നെടുത്ത ജനിതക സാംപിളുകള്‍ പഠനത്തിന്റെ ഭാഗമായി വിലയിരുത്തി. വാക്‌സിനേഷന്‍ രോഗത്തിന്റെ തീവ്രതയും ആശുപത്രിവാസത്തിനുള്ള സാധ്യതയും മരണനിരക്കും കുറയ്ക്കുമെന്നും പഠനം കണ്ടെത്തി. 677 പേരില്‍  9.8 ശതമാനം പേര്‍ക്ക് മാത്രമേ ആശുപത്രി വാസം വേണ്ടി വന്നുള്ളൂ. മരണപ്പെട്ടവര്‍ 0.4 ശതമാനം മാത്രമായിരുന്നു. 677 പേരില്‍ 85 പേര്‍ക്ക് വാക്‌സീന്റെ ആദ്യ ഡോസ് എടുത്ത ശേഷം രോഗം വന്നപ്പോള്‍ 592 പേര്‍ക്ക് രണ്ട് ഡോസും ലഭിച്ച ശേഷമാണ് കോവിഡ് ഉണ്ടായത്.

604 പേര്‍ കോവിഷീല്‍ഡ് എടുത്തപ്പോള്‍ 71 പേര്‍ കോവാക്‌സീനും രണ്ടു പേര്‍ സിനോഫാം വാക്‌സീനും എടുത്തു. 677 പേരില്‍ 71 ശതമാനം പേര്‍ക്ക് ഒന്നോ രണ്ടോ ലക്ഷണങ്ങളോട് കൂടിയാണ് കോവിഡ് അണുബാധ ഉണ്ടായത്. 29 ശതമാനം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായില്ല. ഏറ്റവും കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലക്ഷണം പനിയാണ്(69 ). പേശീവേദന, തലവേദന, മനംമറിച്ചില്‍, ചുമ, തൊണ്ട വേദന, മണവും രുചിയും നഷ്ടമാകല്‍, അതിസാരം, ശ്വാസംമുട്ടല്‍, കണ്ണിന് ചൊറിച്ചില്‍, ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളും ഇവരില്‍ കണ്ടെത്തി. കൂടുതല്‍ മാരകമായ കോവിഡ് തരംഗത്തെ തടയാന്‍ അതിവേഗമുള്ള വാക്‌സിനേഷന്‍ യജ്ഞം രാജ്യത്തെ സഹായിക്കുമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

English Summary : Delta variant majorly responsible for rising cases in COVID- 19 second wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com