ADVERTISEMENT

ആറു വയസ്സിനു മുകളിൽ പ്രായമുള്ള ഇന്ത്യക്കാരിൽ മൂന്നിൽ രണ്ട് പേർക്കും ഇതിനകം കോവിഡ് വന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്( ഐസിഎംആർ)പഠനം. എന്നാൽ അപ്പോഴും കോവിഡ് ബാധിക്കാനിടയുള്ള 40 കോടിയോളം പേർ രാജ്യത്തുണ്ടെന്ന് ഐസിഎംആർ രാജ്യവ്യാപകമായി നടത്തിയ സീറോളജിക്കൽ സർവേയിൽ കണ്ടെത്തി.

കോവിഡ് രണ്ടാം തരംഗം കുറഞ്ഞു തുടങ്ങിയ 2021 ജൂൺ -ജൂലൈ മാസങ്ങളിലാണ് സീറോളജിക്കൽ സർവേ നടത്തിയത്. ഐസിഎംആർ ഇത്തരത്തിൽ നടത്തുന്ന നാലാമത് സർവേയാണ് ഇത്. 28,975 പേരിൽ പരിശോധന നടത്തിയപ്പോൾ 67.6 % പേരിലും സാർസ് കോവ്– 2ന് എതിരായ  ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതാദ്യമായി 6-17  വയസ്സ് പ്രായ വിഭാഗത്തിൽ ഉള്ളവരെ കൂടി സീറോ സർവേയിൽ ഉൾപ്പെടുത്തി. ഈ വിഭാഗത്തിലുള്ളവരിൽ പകുതി പേരിലും ആന്റിബോഡി കണ്ടെത്താനായി.

2020 ഡിസംബർ -2021 ജനുവരി മാസത്തിൽ നടത്തിയ മൂന്നാമത് സീറോ സർവേയിൽ 25% പേരിലാണ് ആന്റിബോഡികൾ കണ്ടെത്തിയത്. 2020 മെയ് - ജൂൺ മാസത്തിൽ നടത്തിയ സീറോ സർവേയിൽ ഇത് 0.7% ആയിരുന്നു.2020 ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തിൽ നടത്തിയ സർവേയിൽ ആന്റിബോഡികൾ കണ്ടെത്തിയവരുടെ എണ്ണം  7.1 ശതമാനമായി ഉയർന്നു.

ജനസംഖ്യയിൽ മൂന്നിൽ രണ്ടിനും കോവിഡ് ഇതിനകം ബാധിച്ചത് രണ്ടാം തരംഗത്തിന് സമാനമായ വ്യാപക അണുബാധ ഇനി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. 32 കോടി പേർക്കെങ്കിലും വാക്സീന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചവരും വാക്‌സീൻ എടുത്തവരും എല്ലാം കൂടി ചേർത്ത് 70 ശതമാനത്തിനു മുകളിലുള്ളവർ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധം കോവിഡിനെതിരെ കൈവരിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.

ഈ പ്രതിരോധത്തെ വെട്ടിച്ചു കടക്കാൻ കഴിയും വിധം കാര്യമായ ജനിതകവ്യതിയാനം വൈറസിന് ഉണ്ടായിട്ടില്ലെങ്കിൽ രണ്ടാം തരംഗം ഇനി ആവർത്തിക്കില്ല. എന്നാൽ പ്രാദേശികമായി ചില ജില്ലകളിലും സംസ്ഥാനങ്ങളിലും കേസുകൾ ഉയരാനുള്ള സാധ്യത ഐസിഎംആർ തള്ളിക്കളയുന്നില്ല. 40 കോടി പേരെങ്കിലും ഇപ്പോഴും രാജ്യത്ത് വൈറസ് ബാധിതരാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്ന കാര്യത്തിൽ പ്രാഥമിക വിദ്യാലയങ്ങൾ ആദ്യം തുറക്കുന്നതാകും നന്നാകുകയെന്ന് ഡോ. ഭാർഗവ ശുപാർശ ചെയ്തു. എസിഇ 2 റിസപ്റ്ററുകൾ കുറവായതിനാൽ ചെറിയ കുട്ടികൾക്ക് വൈറസ് കാര്യമായ സങ്കീർണതകൾ ഉണ്ടാക്കുന്നില്ല എന്നത് പരിഗണിച്ചാണ് ഈ നിർദ്ദേശം. വിവിധ തരംഗങ്ങൾക്കിടയിലും  പ്രാഥമിക വിദ്യാലയങ്ങൾ അടയ്ക്കാത്ത സ്കാൻഡിനേവിയൻ രാജ്യങ്ങളിലെയും യൂറോപ്പിലെ ചില രാജ്യങ്ങളിലെയും ഉദാഹരണം ഡോ. ഭാർഗവ ചൂണ്ടിക്കാട്ടി. അതേസമയം സ്കൂളിലെ അധ്യാപകർ, മറ്റ് ജീവനക്കാർ, ബസ് ഡ്രൈവർമാർ തുടങ്ങിയവർക്കെല്ലാം വാക്സീൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു. 6-9 വയസ്സുകാരിൽ 57.2 ശതമാനവും 10 -17 വയസുകാരിൽ 61.6 ശതമാനവും സീറോ പ്രിവലൻസ്( ആന്റി ബോഡികൾ ശരീരത്തിൽ ഉള്ളവരുടെ ശതമാനം) കണ്ടെത്തി.

കോവിഡ് വാക്സീൻ എടുത്തവരിൽ 62.3% സീറോ പ്രിവലൻസ് ആണ് കണ്ടെത്തിയത്. ആദ്യ ഡോസ് മാത്രം എടുത്തവരിൽ ഇത് 81 ശതമാനവും രണ്ടു ഡോസും എടുത്തവരിൽ 89.8 ശതമാനവും ആണ്. പുരുഷന്മാരെ (65.8%)അപേക്ഷിച്ച് സ്ത്രീകളിൽ(69.2%) സീറോ പ്രിവലൻസ് കൂടുതലാണെന്നും പഠനം പറയുന്നു. വിവിധ പ്രായ വിഭാഗക്കാരിൽ 45-60 പ്രായക്കാരിലാണ് സീറോ പ്രിവലൻസ്  കൂടുതൽ; 77.6%. സർവേ ചെയ്യപ്പെട്ട 7252 ആരോഗ്യപ്രവർത്തകരിൽ 85 ശതമാനത്തിനും ശരീരത്തിൽ ആന്റിബോഡികൾ കണ്ടെത്തി.

English Summary : Two-Thirds Of Indians Over Six Have Covid Antibodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com