ADVERTISEMENT

ചിലപ്പോൾ ബിരിയാണി കിട്ടിയാലോയെന്നാണ് വൈദ്യശാസ്ത്രരംഗത്തെ ചിലരെങ്കിലും ഇപ്പോഴും ചിന്തിക്കുന്നത്! അതിന്റെ സാധ്യത തള്ളിക്കളയാനാവില്ലയെന്നവർ  വിശ്വസിക്കുന്നു.

എന്നാലും അത് ഉറപ്പില്ലാത്ത ബിരിയാണിയാണെന്നുറപ്പ്!

പറഞ്ഞുവന്നത്  ‘ഹെർഡ്ഇമ്മ്യൂണിറ്റി’യെന്ന മട്ടൻ ബിരിയാണിയെ കുറിച്ചാണ്. ആദ്യകാലത്ത് ഈ മട്ടൻ ബിരിയാണി ഉടൻ കിട്ടുമെന്ന് ചിലരെങ്കിലും അടിയുറച്ചു വിശ്വസിച്ചു. എല്ലാം തുറന്നിട്ട്, എല്ലാവർക്കും രോഗം വന്ന്, എല്ലാവർക്കും ഹെർഡ് ഇമ്മ്യൂണിറ്റി  കിട്ടുമെന്ന് മട്ടൻ ബിരിയാണി ഇഷ്ടക്കാർ ധരിച്ചുവശായി.

ബട്ട്, മട്ടൻ ബിരിയാണി കിട്ടിയില്ലെന്നു മാത്രമല്ല, അങ്ങനെ തുറന്നിട്ടാൽ ലക്ഷങ്ങളെ കൊന്നൊടുക്കാൻ ആ തുറന്നിടൽ മാത്രം കാരണമാകുമെന്നറിഞ്ഞ ശാസ്ത്രലോകം ആ  മട്ടൻ ബിരിയാണിയെടുത്ത് തൽക്കാലം ഫ്രീസറിൽ വച്ചു. വർഷം ഒന്നര കഴിഞ്ഞു. മട്ടൻ ബിരിയാണി പാകമായിട്ടില്ല.

ഹെർഡ്  ഇമ്മ്യൂണിറ്റിയെന്ന ആ മട്ടൻ ബിരിയാണിയെക്കുറിച്ച് പുതിയ ചില കഥകളാണ് ഇപ്പോൾ ‘എയറിൽ’ ഉള്ളത്. മട്ടൻ ബിരിയാണി പാകമാകാത്തതിന്റ കാരണം അന്വേഷിക്കുന്നവർ അതിന്റെ റെസിപ്പിയൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും

സമൂഹത്തിൽ ഒരു ‘അനിശ്ചിത’ ശതമാനം ആൾക്കാർക്ക് പൊതുവേ രോഗപ്രതിരോധശേഷി ലഭിച്ചാൽ അത് മറ്റുള്ളവർക്ക് കൂടി രോഗപ്രതിരോധം നൽകുന്നുവെന്നുള്ളതാണല്ലോ  ഈ മട്ടൻ ബിരിയാണിയുടെ പ്രധാന റെസിപ്പി രഹസ്യം

അതിനെ ഹെർഡ് ഇമ്യൂണിറ്റി ത്രഷോൾഡ് എന്ന് വിളിക്കും. ഇപ്പോൾ ഹെർഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹോൾഡ്  മാറിമറിയുന്നു .

‘R’ എന്നതാണ് ഒരു രോഗി  എത്ര ആൾക്കാർക്ക് രോഗബാധ പകർത്തുന്നുവെന്നതിന്റെ സൂചന നൽകുന്നത്. അത് ഒന്നിന് താഴെയാകുമ്പോൾ രോഗം ഏതാണ്ട്  നിയന്ത്രണവിധേയമായെന്നു പറയാം.

ഏറ്റവും പ്രധാന്യമുള്ള, ഭയപ്പെടുത്തുന്ന വിഷയം ഡെൽറ്റാ വേരിയേന്റിന്  R  കണക്ക് 6ന് മുകളിലാണെന്നുള്ളതാണ്. ഈ R കണക്കാണ്  ത്രഷോൾഡ് കണക്കു കൂട്ടാൻ ഉപയോഗിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത്. അങ്ങനെ വരുമ്പോൾ ഹെർഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹോൾഡ് 85% മായി മാറുന്നു. റസിപ്പി കുഴഞ്ഞുമറിഞ്ഞുവെന്നർഥം. 

അതായത് സമൂഹത്തിലെ 85 ശതമാനം ആൾക്കാർക്കെങ്കിലും  വാക്സീനിലൂടെയോ  രോഗം വന്നുപോയതിലൂടെയോ രോഗപ്രതിരോധം ലഭിച്ചാൽ മാത്രമേ മട്ടൻ ബിരിയാണി റെഡിയാകൂവെന്നർഥം.

മറ്റു ചില കണക്കുകൾ കൂടി ഈ 85 ശതമാനത്തിലേക്ക് കൂട്ടുമ്പോൾ ഈ ത്രഷ്ഹോൾഡ് പിന്നെയും കൂടിപ്പോയെന്ന് വന്നേക്കാം.

വാക്സീന്റെ രോഗപ്രതിരോധശേഷിയുടെ തോത്, രോഗബാധയിലൂടെ ഉണ്ടാകുന്ന രോഗപ്രതിരോധശേഷി വാക്സീനിലൂടെ ലഭിക്കുന്നതിനേക്കാൾ കുറവെന്ന പഠനം. അങ്ങനെ ചിലത് കൂടി കൂട്ടിവായിക്കുമ്പോൾ ഹെർഡ് ഇമ്മ്യൂണിറ്റി ത്രഷ് ഹോൾഡ് 85 നു മുകളിൽ പോയാലും അത്ഭുതമില്ല.

അങ്ങനെ പറയുമ്പോഴും, മട്ടൻ ബിരിയാണി കുറച്ചുപേർക്ക് ലഭിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘ഓൾ ഓർ നൺ’ എല്ലാവർക്കും ഇല്ലെങ്കിൽ ഒട്ടും തന്നെയില്ല എന്ന പ്രതിഭാസം ഹെർഡ് ഇമ്മ്യൂണിറ്റിക്കില്ലയെന്നുള്ളത് ആശ്വാസമാണ്.

അതായത് ബിരിയാണി അടുത്തെങ്ങും കിട്ടാൻ സാധ്യതയേയില്ല. അഥവാ കിട്ടിയാലും എല്ലാവർക്കും എന്തായാലും ഇല്ല.

അപ്പോ ഇനി ഏകമാർഗം വാക്സീൻ തന്നെയാണ്. ചിലപ്പോൾ ബിരിയാണി കിട്ടിയാലോയെന്ന ചിന്താഗതി നമുക്ക് വിടാം.

ഹെർഡ് ഇമ്മ്യൂണിറ്റിയെന്ന ആ മട്ടൻ ബിരിയാണി അകലെ അകലെ

ആ ബിരിയാണിക്കു പകരം വാക്സീൻ തന്നെ ശരണം.

അതൊരു ചെമ്പ് നിറയെ പോരട്ടെ.

English Summary : COVID- 19 herd immunity and delta variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com