ADVERTISEMENT

കോവിഡ് ബാധിച്ച് യുകെയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 40 ശതമാനവും വാക്‌സീന്റെ രണ്ടു ഡോസും എടുത്തവരാണെന്ന് യുകെയിലെ മുഖ്യ ശാസ്ത്ര ഉപദേഷ്‌ടാവ്‌ സർ പാട്രിക് വാലൻസ് പറയുന്നു. ഒറ്റ നോട്ടത്തിൽ ഇതൊരു ആശങ്ക ഉളവാക്കുന്ന കാര്യമായി തോന്നാമെങ്കിലും വാക്‌സീനുകളുടെ കാര്യക്ഷമതയിൽ സംശയം തോന്നേണ്ട കാര്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. വാക്‌സിനേഷൻ എടുത്തവരിൽ കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ടെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. 

ഒന്നാമതായി ഒരു കോവിഡ് വാക്‌സീനും 100 % കാര്യക്ഷമത അവകാശപ്പെടുന്നില്ല. എന്നു വച്ച് അത് വാക്‌സീൻ എടുക്കാതിരിക്കുന്നതിനുള്ള കാരണമാകുന്നില്ല. ഉദാഹരണത്തിന് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ എല്ലാ വർഷവും എടുക്കുന്ന ഫ്ലൂ ഷോട്ടുകളുടെ കാര്യമെടുക്കാം. ഫ്ലൂ വാക്‌സീനുകൾ  ഒന്നുംതന്നെ 100 % കാര്യക്ഷമമല്ല; എന്നാൽ ഇവ ഓരോ വർഷവും ദശലക്ഷക്കണക്കിന് പനി കേസുകളും പതിനായിരക്കണക്കിന് ആശുപത്രി പ്രവേശനങ്ങളും ആയിരക്കണക്കിന് മരണങ്ങളും ഒഴിവാക്കുന്നു. കോവിഡ് വാക്‌സീനുകൾ  ഇപ്പോൾ യുകെയിൽ ചെയ്യുന്നതും സമാനമായ കാര്യമാണെന്ന് ഡോക്‌ടർമാർ പറയുന്നു. 

കോവിഡ് കേസുകൾ ഉയരുന്നതിനനുസരിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഉയരുന്നുണ്ടാകാം എന്നാൽ 2020 ഡിസംബറിലെ തോതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴത് തുലോം തുച്ഛമാണെന്ന് ഔദ്യോഗിക രേഖകൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കേസുകളുടെ പ്രതിദിന എണ്ണം ഇപ്പോഴത്തതിന് സമാനമായിരുന്ന 2020 ഡിസംബറിൽ ഓരോ ദിവസവും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നവർ 3800 ആയിരുന്നു. ഇപ്പോഴത് ശരാശരി 700 മാത്രമാണ്. ഇത് വാക്‌സീൻ എടുത്തതിനെ തുടർന്നുണ്ടായ മാറ്റമാണെന്ന് യുകെയിലെ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. 

യുകെയിൽ വാക്‌സീൻ എടുത്തവരുടെ എണ്ണം ഉയരുന്നതാണ് വാക്‌സീൻ എടുത്തവരിലെ കോവിഡ് കേസുകൾ ഉയരാനുള്ള  മറ്റൊരു കാരണം. യുകെയിലെ മുതിർന്നവരിൽ 88 ശതമാനവും ഒരു ഡോസ് വാക്‌സീൻ എങ്കിലും എടുത്തവരാണ്. 69 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചു. വാക്സീൻ എടുത്തവരിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ആശുപത്രി വാസവും മരണവും മറ്റ് സങ്കീർണതകളും ഗണ്യമായി കുറയ്ക്കാൻ വാക്‌സീനുകൾക്ക്  സാധിച്ചെന്ന് യുകെ അടക്കമുള്ള രാജ്യങ്ങൾ തെളിയിക്കുന്നു. 

അമിത വണ്ണമുള്ളവർ, ദരിദ്രമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവർ, മോശം ആരോഗ്യാവസ്ഥയിലുള്ളവർ തുടങ്ങിയ ജനവിഭാഗങ്ങളിലാണ് വാക്‌സീൻ എടുത്തതിന് ശേഷവും കോവിഡ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പിയർ റിവ്യൂ ചെയ്യപ്പെടാത്ത ഒരു പഠനം കൂട്ടിച്ചേർക്കുന്നു.

English Summary : COVId- 19 casese are rising among double vaccinated people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com