ADVERTISEMENT

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രാജ്യത്തെ പല സംസ്ഥാനങ്ങളിലും കുറഞ്ഞ് തുടങ്ങി. എന്നാൽ കോവിഡ് ബാധിതരിൽ വൈറസ് ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇനിയും ശമനമായിട്ടില്ല. കോവിഡ് മൂലം ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 10 രോഗികളിൽ എട്ട് പേർക്കും എന്തെങ്കിലും തരത്തിലുള്ള രോഗസങ്കീർണതകൾ ഉണ്ടായിട്ടുള്ളതായി ജാമ നെറ്റ് വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇത് രോഗികളുടെ മരണ സാധ്യത ആറ് മടങ്ങ് വർധിപ്പിച്ചതായും പഠന റിപ്പോർട്ട് കൂട്ടിച്ചേർത്തു. 

രോഗമുക്തിക്ക് ശേഷവും രോഗികളുടെ ശരീരത്തിൽ വൈറസിന്റെ വലിയ ശേഖരം അവശേഷിക്കുന്നതാണ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്. മുടികൊഴിച്ചിൽ, ഉറക്കമില്ലായ്‌മ, വിശപ്പില്ലായ്‌മ, ബ്രെയിൻ ഫോഗ്, ഉത്കണ്ഠ, ശ്വാസംമുട്ടൽ, ഹൃദ്രോഗ പ്രശ്‌നങ്ങൾ, രക്തം കട്ടപിടിക്കൽ, നിരന്തരമായ ക്ഷീണം എന്നിവയാണ് പൊതുവായി പലരിലും കണ്ടു വരുന്ന കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെന്ന് ഫരീദബാദ് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പകച്ചവ്യാധി വിദഗ്‌ധർ ഡോ. ചാരു ദത്ത് പറയുന്നു. 

ദീർഘകാലം കോവിഡ് ബാധിതരായി ആശുപത്രിയിൽ കഴിഞ്ഞവരിൽ ഉറക്കമില്ലായ്‌മയും പെരുമാറ്റ പ്രശ്‌നങ്ങളും  കണ്ടു വരുന്നതായി അടുത്തിടെ നടന്ന ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു. വൈറസ് ശ്വാസകോശത്തിന് ഏൽപ്പിക്കുന്ന ക്ഷതമാണ് ശ്വാസതടസ്സത്തിന് കാരണമാകുന്നത്. നെഞ്ചിനുള്ള ഫിസിയോതെറാപ്പി, ശ്വസന വ്യായാമങ്ങൾ, ഓക്‌സിജൻ പിന്തുണ എന്നിവ ഈ രോഗികൾക്ക് വേണ്ടി വരുമെന്ന് ദ ഹെൽത്ത് സൈറ്റ് കോം റിപ്പോർട്ടു ചെയ്യുന്നു. 

കോവിഡ് സമയത്ത് പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നതിന് കഴിക്കുന്ന ഇമ്മ്യൂണോ മോഡുലേറ്റർ മരുന്നുകളും സ്റ്റിറോയിഡുകളുമാണ് രോഗമുക്തരിൽ വിശപ്പില്ലായ്‌മയ്‌ക്കും, മുടികൊഴിച്ചിലിനും, നിരന്തരമായ ക്ഷീണത്തിനും കാരണമാകുന്നത്. വൈറസ് പെരുകുന്നതും ചികിത്സയുടെ പാർശ്വഫലങ്ങളും ഭക്ഷണത്തിൽ നിന്ന് പോഷണങ്ങൾ വലിച്ചെടുക്കാനുള്ള അന്നനാളിയുടെ കഴിവിനെയും കാര്യമായി ബാധിക്കുന്നു. ക്ഷീണത്തിനും വിശപ്പില്ലായ്‌മയ്‌ക്കുമൊക്ക ഇതും ഒരു കാരണമാണ്. ലഘുവായ ഭക്ഷണം ചെറിയ ഇടവേളകളിൽ കഴിക്കുന്നതും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുന്നതും ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കും. 

കോവിഡ് രോഗമുക്തരിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ, പക്ഷാഘാതം, ഹൃദയസ്‌തംഭനം, പൾമനറി എംബോളിസം തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കാം. ഹൃദയത്തിന്റെ ആരോഗ്യം പരിശോധനകളിലൂടെ ഉറപ്പ് വരുത്തിയും രക്തം കട്ട പിടിക്കാതിരിക്കുന്നതിനുള്ള മരുന്നുകൾ ഡോക്‌ടറുടെ നിർദേശ പ്രകാരം കഴിച്ചും പ്രശ്‌നങ്ങളെ തടയാം. 

കോവിഡ് അനന്തരമുണ്ടാകുന്ന പേശീ വേദന തടയുന്നതിന് പോഷകസമൃദ്ധമായ ആഹാരവും ഇലക്ട്രോലൈറ്റ്സ് അടങ്ങിയ പാനീയങ്ങളും സഹായകമാണ്. കോവിഡ് സമയത്ത് അമിതമായി സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നത് മ്യൂകോമൈകോസിസ്‌ തുടങ്ങി ഫംഗൽ അണുബാധകൾക്കും കാരണമാകുന്നുണ്ട്. എല്ലുകളുടെ അകാലമരണത്തിലേക്ക് നയിക്കുന്ന അവാസ്കുലർ നെക്രോസിസ് ആണ് മറ്റൊരു കോവിഡ് അനന്തര സങ്കീർണത. 

കോവിഡ് അനന്തര രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ ആവശ്യകത ഈ  സങ്കീർണതകൾ അടിവരയിടുന്നു. കോവിഡ് രോഗ മുക്തരായവരിൽ ഇത്തരം ആരോഗ്യ പ്രശ്‍നങ്ങളുള്ളവർ ജീവിതാശൈലി മാറ്റത്തിനും തയാറാകേണ്ടതാണ്.

English Summary : COVID- 19 related health issues 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com