ADVERTISEMENT

കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോവിഡ് കേസുകള്‍ കുറയാതെ നില്‍ക്കുന്നത് ഒരു മൂന്നാം തരംഗം ഉറപ്പാണെന്ന പ്രതീതി രാജ്യത്ത് സൃഷ്ടിക്കുന്നുണ്ട്. അടുത്ത മാസമോ അതിനടുത്ത മാസമോ ഇന്ത്യയിൽ  കോവിഡ് മൂന്നാം തരംഗമുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മൂന്നാം തരംഗം ഇങ്ങെത്തുന്നതിന് മുന്‍പ് പരമാവധി പേരെ വാക്സീന്‍ എടുപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു. എന്നാല്‍ ഇതിനിടയിലും വാക്സീന്‍ നല്‍കുന്ന സുരക്ഷുടെ കാലാവധി തീരുന്നതിനെ കുറിച്ചും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ചര്‍ച്ചകളുയരുന്നു. ഭൂരിപക്ഷം പൗരന്മാരെയും വാക്സീന്‍ എടുപ്പിച്ച അമേരിക്കയെ പോലുള്ള ചില വികസിത രാജ്യങ്ങളാണ് പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും അപകട സാധ്യത കൂടുതലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങിയത്. 

ഇത് ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് മുന്‍പുതന്നെ വാക്സീന്‍ രണ്ട് ഡോസും പൂര്‍ണമായും എടുത്തവരുടെ സുരക്ഷയെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വാക്സീന്‍ എടുത്ത് മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം അത് നല്‍കുന്ന പ്രതിരോധ ശേഷിയില്‍ ഇടിവ്  സംഭവിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഹരോഗാവസ്ഥകള്‍, പ്രായം തുടങ്ങിയ ഘടകങ്ങള്‍  സംഗതി കൂടുതല്‍ വഷളാക്കുന്നു. ഡെല്‍റ്റ പോലെ വ്യാപനശേഷി കൂടിയ വകഭേദങ്ങള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ദുര്‍ബലമാകുന്ന സംരക്ഷണം വാക്സീന്‍ എടുത്തവരെയും അപകട സാധ്യതയിലാക്കുന്നു. 

ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസുകള്‍  കൊടുത്ത് തുടങ്ങാത്ത സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് വാക്സീന്‍ എടുത്തവര്‍ മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കോവിഡ് മുന്‍കരുതലുകളെടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പുറത്തിറങ്ങുമ്പോൾ  ഇരട്ട മാസ്ക് ധരിച്ചും കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കിയും ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കിയും വാക്സീന്‍ എടുത്തവരും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കണം; 50 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ആന്‍റിബോഡികളുടെ തോതില്‍ ഇടിവ് സംഭവിച്ചാലും ടി, ബി മെമ്മറി കോശങ്ങള്‍ നല്‍കുന്ന പ്രതിരോധം നിലനില്‍ക്കുമെന്ന് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 

English Summary : If you were fully vaccinated before the second wave, will the third wave be risky for you?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com