ADVERTISEMENT

മൊഡേണയുടെ രണ്ട് ഡോസ് കോവിഡ് വാക്സീന്‍ ഫൈസര്‍-ബയോഎന്‍ടെക്കിന്‍റെ വാക്സീനെ അപേക്ഷിച്ച് കൂടുതല്‍ ആന്‍റിബോഡികള്‍ ശരീരത്തിലുണ്ടാക്കുമെന്ന് ബല്‍ജിയത്തില്‍ നടന്ന പഠനം ചൂണ്ടിക്കാട്ടി. എംആര്‍എന്‍എ സാങ്കേതിക വിദ്യയില്‍ ഉത്പാദിപ്പിക്കുന്ന ഇരു വാക്സീനുകളും അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നു. 90 ശതമാനത്തിനു മേല്‍ കാര്യക്ഷമത കാണിച്ചിട്ടുള്ളവയാണ് ഈ വാക്സീനുകള്‍. 

ഗവേഷണത്തിന്‍റെ ഭാഗമായി 1647 പേര്‍ക്കാണ് മൊഡേണയുടെയോ ഫൈസറിന്‍റെയോ ഇരു ഡോസ് വാക്സീന്‍ കുത്തിവച്ചത്.  ഇതില്‍ 688 പേര്‍ മൊഡേണയും 959 പേര്‍ ഫൈസറും സ്വീകരിച്ചു. ഏപ്രില്‍ മെയ് മാസങ്ങള്‍ക്കിടെയാണ് ഇവരെല്ലാവരും രണ്ടാം ഡോസ് സ്വീകരിച്ചത്. വാക്സിനേഷന് മുന്‍പും രണ്ടാം ഡോസ് വാക്സീന്‍ എടുത്ത് ആറു മുതല്‍ 10 ആഴ്ചകള്‍ക്ക് ശേഷവും ഇവരുടെ ശരീരത്തിലെ ആന്‍റിബോഡി തോത് അളന്നു. രോഗ ബാധിതരായവും അല്ലാത്തവരുമായ വോളന്‍റിയര്‍മാര്‍ക്കിടയില്‍, എല്ലാ പ്രായ വിഭാഗത്തിലും ഫൈസറിനെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയോളം ആന്‍റിബോഡികള്‍ ശരീരത്തിലുണ്ടാക്കാന്‍ മൊഡേര്‍ണ വാക്സീന് സാധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. 

ജിയോമെട്രിക് മീന്‍ ടൈറ്റര്‍ എന്നൊരു അളവ് കോലുപയോഗിച്ചാണ് ആന്‍റിബോഡികളുടെ തോത് അളക്കുന്നത്. മൊഡേണ വാക്സീന്‍ എടുത്തവരില്‍ മില്ലിലീറ്ററിന് 2881 യൂണിറ്റ് ആന്‍റിബോഡി ടൈറ്ററുകള്‍ കണ്ടെത്തിയപ്പോള്‍ ഫൈസര്‍ വാക്സീന്‍റേത് 1108 യൂണിറ്റായിരുന്നു. വാക്സീനുകളുടെ രണ്ട് ഡോസുകള്‍ക്കും ഇടയില്‍ കൂടുതല്‍ സമയമുള്ളതാകാം മൊഡേണയെ തുണച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഡോസ് എടുത്ത് നാലാഴ്ചകള്‍ക്ക് ശേഷം മൊഡേണ വാക്സീന്‍ നല്‍കിയപ്പോള്‍ ഫൈസര്‍ വാക്സീന്‍ മൂന്നാഴ്ചകളുടെ ഇടവേളയിലാണ് നല്‍കപ്പെട്ടത്. 

പഠനഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് മൊഡേണയുടെ വിപണി മൂല്യം 0.6 ശതമാനം ഉയരുകയും ഫൈസറിന്‍റെയും ബയോഎന്‍ടെക്കിന്‍റെയും വിപണിവില യഥാക്രമം 1.2 ശതമാനവും 3.4 ശതമാനവും ഇടിയുകയും ചെയ്തു.

English Summary : Moderna Covid-19 vaccine produces more antibodies than Pfizer shot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com