കോവിഡ് ബാധയ്ക്ക് ശേഷം വാക്സീന്‍ എടുത്തവരാണോ? എങ്കിൽ അറിഞ്ഞോളൂ

INDIA-HEALTH-VIRUS-VACCINE
Photo: ARUN SANKAR / AFP
SHARE

മുന്‍പ് കോവിഡ് ബാധിച്ചവര്‍ പിന്നീട് വാക്സീന്‍ എടുക്കുമ്പോൾ  അവര്‍ക്ക് കൊറോണ വൈറസിനെതിരെ അതിശക്തമായ പ്രതിരോധശേഷി ഉണ്ടാകുന്നതായി പഠനം. സ്വാഭാവിക പ്രതിരോധവും വാക്സീന്‍ മൂലമുള്ള പ്രതിരോധവും ചേര്‍ന്ന ഹൈബ്രിഡ് പ്രതിരോധശേഷി കോവിഡിനെതിരെ ഇവര്‍ക്കുണ്ടാകുമെന്ന് റോക്ക്ഫെല്ലര്‍ സര്‍വകലാശാല നടത്തിയ ഗവേഷണ പഠനത്തില്‍ കണ്ടെത്തി. ഡെല്‍റ്റ വകഭേദം ഉള്‍പ്പെടെയുള്ള ആറു കോവിഡ് വകഭേദങ്ങളെ നിര്‍വീര്യമാക്കാന്‍ ഹൈബ്രിഡ് പ്രതിരോധശേഷി കൈവരിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്‍റിബോഡികള്‍ക്ക് സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

ഭാവിയില്‍ ഉയര്‍ന്നു വരാന്‍ ഇടയുള്ള കോവിഡ് വകഭേദങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കാനും ഹൈബ്രിഡ് പ്രതിരോധശേഷിക്ക് സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ റോക്ക്ഫെല്ലര്‍ സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് പോള്‍ ബേനിയാസ് പറഞ്ഞു. കോവിഡ് രോഗമുക്തി നേടിയവര്‍ ഒരു നിശ്ചിത കാലത്തിന് ശേഷം വാക്സീന്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്നു. 

ഈ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വാക്സീന്‍ എടുക്കാതെ ഇരിക്കുന്നവര്‍ക്ക് കോവിഡ് പുന:ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനവും മുന്നറിയിപ്പ് നല്‍കുന്നു. സാധാരണക്കാരെ അപേക്ഷിച്ച് കോവിഡ് ബാധയ്ക്കുള്ള  സാധ്യത വാക്സീനെടുക്കാത്ത കോവിഡ് രോഗമുക്തര്‍ക്ക് ഇരട്ടിയാണെന്ന് ഈ പഠനറിപ്പോര്‍ട്ട് പറയുന്നു. 

2020 ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ച കെന്‍റക്കിയിലെ 200 പേരെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. പിന്നീട് 2021 മെയ്, ജൂണ്‍ മാസങ്ങളില്‍ വീണ്ടും രോഗബാധിതരായ 246 പേരെ ആരോഗ്യത്തോടെയിരുന്ന 492 രോഗമുക്തരുമായി താരതമ്യം ചെയ്തു. വാക്സീന്‍ എടുക്കാത്ത രോഗമുക്തര്‍ക്ക് വാക്സീന്‍ എടുത്ത രോഗമുക്തരെ അപേക്ഷിച്ച് പുന:രോഗബാധ കൂടുതലായിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തി. 

കോവിഡ് ബാധിതര്‍ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിരോധശേഷി ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അവര്‍ക്കുണ്ടായ കോവിഡ് ബാധയുടെ തീവ്രത അനുസരിച്ചാകും ഇതില്‍ വ്യതിയാനം. ഇതിനാല്‍ കോവിഡ് രോഗമുക്തരും പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ വാക്സീന്‍ നിര്‍ബന്ധമായും എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English Summary : Vaccination after COVID-19 infection gives 'hybrid' immunity

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS