ADVERTISEMENT

വയോജനങ്ങളുടെ പ്രശ്നം നമ്മുടെ നാട്ടിൽ രൂക്ഷമാകുന്നതിനു പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ യൂറോപ്പ് പോലെയുള്ള പാശ്ചാത്യനാടുകളിൽ ഇതു വലിയൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു. ഇതിന് പരിഹാരം കാണാനായി വിവിധ പാശ്ചാത്യരാജ്യങ്ങൾ സാമൂഹിക സുരക്ഷിത മാർഗങ്ങൾ വിവിധ തരത്തിൽ പരീക്ഷിക്കുകയും ചെയ്തിരുന്നു. അവയിൽ ഏറെ ശ്രദ്ധേയമായ ഒരു മാതൃകയാണ് സ്വിറ്റ്സർലൻഡിൽ നടപ്പിലാക്കിയ സമയ ബാങ്ക് (time bank) പദ്ധതി. സ്വിറ്റ്സർലൻഡിലെ ഫെഡറൽ മിനിസ്ട്രി ഓഫ് സോഷ്യൽ ഇൻഷുറൻസ് ആണ് ലോകത്താദ്യമായി ഈ പദ്ധതി ഔദ്യോഗിക തലത്തിൽ നടപ്പിലാക്കി തുടങ്ങിയത്. ഈ പദ്ധതിയുടെ വിജയത്തെ തുടർന്ന് ബ്രിട്ടൻ അടക്കമുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങളും സിംഗപ്പൂർ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും സമാനമായ പദ്ധതികൾ ആരംഭിക്കാൻ ഗൗരവമായി ആലോചിക്കുന്നുണ്ട്.

സാധാരണഗതിയിൽ ഒരു വ്യക്തി താൻ സമ്പാദിക്കുന്ന പണത്തിന്റെ ഒരു പങ്ക് ഭാവിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ബാങ്കിൽ നിക്ഷേപിക്കുന്നു. ആവശ്യാനുസരണം അത് പിന്നീട് പിൻവലിച്ച ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ സമയ ബാങ്കിന്റെ കാര്യത്തിൽ പണമല്ല ഒരു വ്യക്തി നിക്ഷേപിക്കുന്നത്. മറിച്ച് സമയമാണ്. ഇത് എങ്ങനെയാണ് പ്രാവർത്തികമാക്കുന്നത് എന്ന് മനസ്സിലാക്കാം.

സ്വിറ്റ്സർലൻഡിലെ ചെറുപ്പക്കാർക്കെല്ലാം സമയ ബാങ്ക് പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. ഏതു തൊഴിൽ ചെയ്യുന്നവർക്കും എന്തു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഇതിൽ ചേരാവുന്നതാണ്. അവർ ആരോഗ്യം ഉള്ളവരായിരിക്കണം മികച്ച ആശയവിനിമയശേഷി ഉള്ളവരായിരിക്കണം അനുതാപവും ദയയും ഉള്ളവരായിരിക്കണം എന്ന് മാത്രം. ഇവർ ചെയ്യേണ്ടത് ഇത്രമാത്രം. ഒറ്റയ്ക്ക് താമസിക്കുന്ന സഹായം ആവശ്യമുള്ള വയോജനങ്ങളെ സഹായിക്കുക എന്നതാണ് ഇവരുടെ ധർമം. ഈ വയോജനങ്ങൾ ആരെങ്കിലും ആശുപത്രിയിൽ കിടക്കേണ്ട സാഹചര്യം വന്നാൽ അവിടെ അവർക്ക് കൂട്ടിരുന്നു പരിചരിക്കുക, വീട്ടിൽ കഴിക്കുന്ന സമയത്ത് അവർക്ക് പുറത്തുപോയി എന്തെങ്കിലും ആവശ്യങ്ങൾ നിർവഹിക്കേണ്ടത് ഉണ്ടെങ്കിൽ അതിന് അവരെ അനുഗമിക്കുക, സംസാരിക്കാൻ ആരും ഇല്ലാതെ ഒറ്റയ്ക്ക് വീട്ടിൽ കഴിയുന്ന വയോജന ദമ്പതികളെ നിശ്ചിത സമയം സന്ദർശിച്ച് അവരോടൊപ്പം സമയം ചെലവഴിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് ചെയ്യേണ്ട ജോലികൾ. ഈ ചെയ്യുന്ന ജോലിക്കൊന്നും പ്രതിഫലം പണമായി ലഭിക്കില്ല. എന്നാൽ ഒരു വർഷമെങ്കിലും ഈ ജോലി ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ആ ഒരു വർഷം കൊണ്ട് എത്ര മണിക്കൂർ നേരം വയോജനങ്ങൾക്ക് സേവനം ചെയ്തോ അത്രയും മണിക്കൂർ സമയം നിങ്ങളുടെ പേരിൽ സമയ ബാങ്കിൽ നിക്ഷേപമായി വരും.

നിങ്ങൾ ഒരു വർഷം കൊണ്ട് എത്ര മണിക്കൂർ വയോജന സേവനം ചെയ്തു എന്നിട്ട് രേഖപ്പെടുത്തിയിട്ടുള്ള സമയ ബാങ്ക് കാർഡ് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ സേവനം ചെയ്യുന്ന വ്യക്തികൾക്ക് ഭാവിയിൽ അവർ ഒറ്റയ്ക്ക് താമസിക്കേണ്ട സാഹചര്യം വന്നാൽ സമയ ബാങ്കിൽനിന്ന് ഈ സമയം പിൻവലിച്ച ഉപയോഗിക്കാൻ സാധിക്കും. അത് എങ്ങനെയെന്നാൽ വാർധക്യ കാലത്ത് ഒറ്റയ്ക്ക് കഴിയേണ്ട സാഹചര്യത്തിൽ ആരുടെയെങ്കിലും സഹായം വേണ്ടിവരുന്ന പക്ഷം സമയ ബാങ്കിലേക്ക് വിവരമറിയിച്ചാൽ മതിയാകും. നിങ്ങൾക്ക് എത്ര മണിക്കൂർ സമയം ബാങ്കിൽ നിക്ഷേപം ഉണ്ടോ അത്രയും സമയം നിങ്ങളെ പരിചരിക്കാനായി ചെറുപ്പക്കാരായ സന്നദ്ധപ്രവർത്തകർ ഉടനടി എത്തിച്ചേരും. ആശുപത്രിയിൽ കൂട്ടിരിക്കാനോ ബാങ്കിൽ പോയി കാര്യങ്ങൾ സാധിക്കാനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ ഒക്കെ ഈ സന്നദ്ധപ്രവർത്തകരുടെ സഹായം വാർധക്യത്തിൽ നിങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യും. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുമോ എന്ന ആശങ്കയില്ലാതെ ജീവിക്കാൻ ഈ സാഹചര്യം നിങ്ങളെ സഹായിക്കും. ചെറുപ്പകാലം തൊട്ടേ വർഷങ്ങളോളം വയോജനങ്ങളെ ഇത്തരത്തിൽ പരിചരിക്കാൻ താൽപര്യം കാട്ടുന്ന വ്യക്തികൾക്ക് സമയ ബാങ്കിൽ കനത്ത നിക്ഷേപം തന്നെ ഉണ്ടാകും. ഇത്തരത്തിൽ ധനികരായ വ്യക്തികൾക്കു വാർധക്യകാലത്ത് മക്കളുടെയോ മറ്റ് ബന്ധുക്കളുടെയോ സഹായമില്ലാതെ തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അനായാസം സാധിക്കും. ലോകചരിത്രത്തിലെ മികച്ച ഒരു സാമൂഹിക പരീക്ഷണമായാണ് സമയ ബാങ്ക് പദ്ധതി വിലയിരുത്തപ്പെടുന്നത്. ചെറുപ്പക്കാരുടെ ഇടയിൽ അനുതാപവും സ്നേഹവും വളർത്തിയെടുക്കാൻ ഈ പദ്ധതി പ്രയോജനപ്പെടുന്നു ഉണ്ടെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാർ നിരീക്ഷിക്കുന്നത്. വാർധക്യത്തിൽ കുട്ടികളെല്ലാം അകന്നുപോയി കൂടുകൾ ഒഴിയുമ്പോൾ വിഷാദത്തിലേക്ക് കൂപ്പുകുത്തുന്ന വയോജനങ്ങൾക്ക് അവരുടെ മാനസിക സാമൂഹിക വൈകാരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഏറെ ശ്രേഷ്ഠമായ ഒരു പദ്ധതിയാണ് സമയ ബാങ്ക് എന്ന് ലോകമെമ്പാടും വിലയിരുത്തപ്പെടുന്നു.

ഭാരതത്തിന് പറ്റിയ മാതൃക

വയോജനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഭാരതത്തിന് അനുകരിക്കാൻ പറ്റിയ മികച്ച ഒരു മാതൃകയാണ് സമയ ബാങ്ക് പദ്ധതി. 2018ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നമ്മുടെ നാട്ടിൽ സമയ ബാങ്ക് പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ഗൗരവമായി ഭരണകൂടം ചിന്തിക്കേണ്ടതുണ്ട് എന്ന നിർദേശം പുറപ്പെടുവിച്ചിരുന്നു. വയോജനങ്ങൾക്കുള്ള പെൻഷൻ തുക വർധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ ഒന്നും സമയ ബാങ്ക് പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്നില്ല എന്നത് ഈ പദ്ധതിയുടെ സ്വീകാര്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.  

English Summary : Time bank for old age persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com