സുന്ദരമായ കാഴ്ചകളിലേക്ക് തുറക്കുന്ന ആ കണ്ണുകൾ 50 വർഷം പിന്നിടുന്നു

eye bank
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരളയിൽ നേത്ര പടലം സൂക്ഷിക്കുന്ന ലായനിയിലേക്കു മാറ്റുന്നു
SHARE

ഈ സ്വകാര്യ ബാങ്കിലെ നിക്ഷേപം കണ്ണുകളാണ്. സുന്ദരമായ കാഴ്ചകളിലേക്ക് തുറക്കുന്ന കണ്ണുകൾ. ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യത്തെ നേത്ര ബാങ്ക് – ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരള– 50 വർഷം പിന്നിടുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ 1970 ഒക്ടോബർ അഞ്ചിനായിരുന്നു ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത ഐ ബാങ്ക് അസോസിയേഷൻ കേരളയുടെ പിറവി. 

കൃഷ്ണമണി വെളുക്കുന്ന ‘കോർണിയൽ ഡിസ്ട്രോഫി’ എന്ന അസുഖത്തിനു എൽഎഫ് ആശുപത്രിയിൽ ചികിത്സ തേടിയ തൃശൂർ സ്വദേശിനിയായ യുവതിയാണ് നേത്ര ബാങ്ക് ആരംഭിക്കാൻ കാരണമായതെന്ന് അന്ന് ആ ദൗത്യത്തിന്റെ മുന്നണിയിൽ നിന്ന നേത്രരോഗ വിദഗ്ധൻ ഡോ. ടോണി ഫെർണാണ്ടസ് പറയുന്നു.

മധുര കോട്സ് എംഡിയായിരുന്ന ജർമൻ സ്വദേശി ജെ.പി.ഗ്രിഫിത്തായിരുന്നു സ്ഥാപക ചെയർമാൻ. മാത്തുക്കുട്ടി കുന്നപ്പിള്ളി സെക്രട്ടറിയും എ.വി. ഗോവിന്ദൻ ട്രഷററും. എൽഎഫ് ആശുപത്രിയുടെ അന്നത്തെ ഡയറക്ടർ ഫാ. ജോസഫ് പാനിക്കുളം, ഡോക്ടർമാരായ ടോണി ഫെർണാണ്ടസ്, കെ.എൽ. ജേക്കബ്, സി.കെ. ഈപ്പൻ എന്നിവർ സഹകാരികളും.

എളുപ്പമല്ലാത്ത തുടക്കം

അജ്ഞതയും പേടിയും തെറ്റിദ്ധാരണകളും കാരണം ആരും നേത്ര ദാനത്തിനു തയാറാകാത്ത കാലം. നേത്ര ബാങ്ക് രൂപീകരിച്ച് മാസങ്ങൾക്കു ശേഷമാണ് ആദ്യ നേത്രം ലഭിച്ചത്.

നേത്ര ബാങ്ക് സംഘാടകനായിരുന്ന ഇ.വി. ഫിലിപ്പിന്റെ ഭാര്യ മരിച്ചപ്പോൾ അവരുടെ കണ്ണുകൾ ദാനം ചെയ്യാൻ അദ്ദേഹം തയാറായി. വീട്ടുകാരുടെ എതിർപ്പുണ്ടാകാതിരിക്കാൻ മക്കളോടു പോലും പറയാതെയാണ് അദ്ദേഹം സമ്മതം നൽകിയത്. ബെംഗളൂരു സ്വദേശിയായ യുവാവിനും തിരുവല്ലക്കാരിയായ യുവതിക്കുമാണ് ആ കണ്ണുകൾ പ്രകാശമായത്.

eye-bank1
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരള

ശ്രീലങ്കയിൽ നിന്ന് നന്മയുടെ കണ്ണുകൾ

‘നേത്രദാനം മഹാദാനം’ പോലുള്ള പ്രചാരണങ്ങൾ നടന്നെങ്കിലും നേത്ര ദാനത്തിനു സന്നദ്ധരായി വന്നവർ വിരളം. അപ്പോഴാണു ശ്രീലങ്കയിൽ നിന്നു സഹായമെത്തുന്നത്. ഡോ. എഫ്.ജി. ഹഡ്സൺ സിൽവ സ്ഥാപിച്ച ശ്രീലങ്കയിലെ ‘ഇന്റർനാഷനൽ ഐ ബാങ്കാണ്’ സഹായവുമായെത്തിയത്. ഡോ. ഹഡ്സൺ ഒരിക്കൽ എൽഎഫ് ആശുപത്രി സന്ദർശിച്ചു. തൊട്ടു പിന്നാലെ ശ്രീലങ്കയിൽ നിന്ന് കണ്ണുകളും അങ്കമാലിയിലേക്ക് വരാൻ തുടങ്ങി. 

‘ശ്രീലങ്കയിൽ നിന്ന് ഇന്ത്യൻ എയർലൈൻസ്, ശ്രീലങ്കൻ എയർ തുടങ്ങിയ വിമാന കമ്പനികൾ സൗജന്യമായി കണ്ണ് തിരുവനന്തപുരത്ത് എത്തിച്ചു. അവിടെ നിന്ന് ‘കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡിന്റെ’ നേതൃത്വത്തിൽ കെഎസ്ആർടിസി ബസിൽ അങ്കമാലിയിലേക്ക്. ‘മനുഷ്യ നേത്രം’ എന്ന് എഴുതിയ പെട്ടി കണ്ടു ബസുകളിൽ നിന്ന് ഇറക്കിവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്- ഡോ. ടോണി ഫെർണാണ്ടസ് ഓർക്കുന്നു.

ആദ്യ വർഷം 16; ഇതുവരെ 25,000 

വലിയ ശ്രമഫലമായി ആദ്യ വർഷം ദാനമായി ലഭിച്ചത് 16 കണ്ണുകൾ മാത്രം. ആദ്യ 20 വർഷങ്ങളിൽ 1400 കണ്ണുകൾ മാത്രമാണു ലഭിച്ചത്. അപ്പോഴേക്കും അവയവം മാറ്റിവയ്ക്കൽ നിയമങ്ങൾ വന്നു. 1991 മുതൽ 2000 വരെ ലഭിച്ചത് 2212 കണ്ണുകൾ; 1881 പേർ കാഴ്ചയുടെ ലോകത്തേക്കു മടങ്ങിയെത്തി. 2001 മുതൽ 2021 വരെ 20511 കണ്ണുകളാണു ബാങ്കിലെത്തിയത്. 14307 പേർക്കു കാഴ്ചയുടെ വസന്തം തിരികെ നൽകി. കോവിഡ് കാലത്തും അറുനൂറിലേറെ പേരുടെ കണ്ണുകൾ ശേഖരിച്ചു.

ഫാ. വർഗീസ് പോട്ടയ്ക്കൽ,

‘ഐ ബാങ്ക് അസോസിയേഷൻ ഓഫ് കേരള’ പ്രസിഡന്റ്,

എൽഎഫ് ആശുപത്രി ഡയറക്ടർ

English Summary : Eye bank association of Kerala 's 50 years

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA