കൊച്ചി ∙ മറൈൻ ഡ്രൈവിൽ ആരോഗ്യ ഭീഷണിയായി ‘പച്ച കുത്തൽ’ സംഘങ്ങൾ. മെഷീൻ ഉപയോഗിച്ചു ശരീരത്തിൽ പച്ച കുത്തുന്ന ഉത്തരേന്ത്യൻ സംഘങ്ങളാണു മറൈൻ ഡ്രൈവിൽ ഉപയോക്താക്കൾക്കായി വലവിരിക്കുന്നത്. ഒട്ടേറെ ചെറുപ്പക്കാർ പച്ച കുത്താനായി ഇവരെ സമീപിക്കുന്നുമുണ്ട്.മറൈൻ ഡ്രൈവിൽ ചീനവല പാലത്തോടു ചേർന്ന ഭാഗത്താണ് ഇവർ തമ്പടിച്ചിട്ടുള്ളത്. വ്യത്യസ്ത തരത്തിലുള്ള നൂറുകണക്കിനു ഡിസൈനുകൾ ഇവരുടെ കൈവശമുള്ള പുസ്തകത്തിലുണ്ട്. ആവശ്യക്കാർക്ക് ഇതിൽ നിന്നു ഡിസൈനുകൾ തിരഞ്ഞെടുക്കാം. ഒരു ഇഞ്ച് നീളത്തിൽ പച്ച കുത്താൻ 100– 120 രൂപയാണ് ഈടാക്കുന്നത്. പ്രത്യേക ഡിസൈനുകളാണെങ്കിൽ തുക കൂടും. പ്രത്യേക മെഷീനിൽ സൂചിയും മഷിയും ഉപയോഗിച്ചാണു പച്ച കുത്തുന്നത്. ഒരിക്കൽ ഉപയോഗിച്ച സൂചി പിന്നീട് ഉപയോഗിക്കുന്നില്ലെന്നൊക്കെ ഇവർ പറയുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ അശാസ്ത്രീയമായി പച്ച കുത്തുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ടാറ്റൂ ചെയ്യാൻ ലൈസൻസ്?
പച്ചകുത്തുന്നവർക്കും ഇത്തരം സ്ഥാപനങ്ങൾക്കും ലൈസൻസ് വേണമെന്നാണു സംസ്ഥാന സർക്കാർ ജൂണിൽ നിർദേശം നൽകിയത്. തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണു ലൈസൻസ് നൽകുന്നതിന്റെ ചുമതല. മെഡിക്കൽ ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ അല്ലെങ്കിൽ ഹെൽത്ത് ഇൻസ്പെക്ടർ, ജില്ലാ കെമിക്കൽ അനലിറ്റിക് ലാബിലെ ഉദ്യോഗസ്ഥൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവരാണു സമിതിയിൽ അംഗങ്ങളായി ഉണ്ടാകേണ്ടത്.എന്നാൽ, ഇത്തരത്തിലുള്ള സമിതിക്ക് കൊച്ചി കോർപറേഷനിൽ രൂപം നൽകിയിട്ടില്ല. ഇതു സംബന്ധിച്ചു സംസ്ഥാന സർക്കാരിൽ നിന്നു നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നാണു കോർപറേഷൻ അധികൃതർ പറയുന്നത്. കോർപറേഷൻ ഓഫിസിനു വിളിപ്പാടകലെയാണ് അനധികൃത പച്ച കുത്തൽ യഥേഷ്ടം നടക്കുന്നത്.
ആരോഗ്യത്തിന് ഭീഷണി
അശാസ്ത്രീയ രീതിയിൽ പച്ച കുത്തുന്നതു മൂലം ത്വക് രോഗങ്ങൾ മുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരെയുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഒരേ സൂചി പലതവണ ഉപയോഗിക്കുന്നതു മൂലം ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി പോലെ രക്തത്തിൽ കൂടി പകരുന്ന രോഗങ്ങൾ പിടിപെടാനും സാധ്യതയുണ്ട്. പച്ച കുത്താൻ ഉപയോഗിക്കുന്ന മഷി അലർജിക്കു കാരണമായേക്കാം. മഷിക്കും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ അംഗീകാരം വേണമെന്നു നിയമമുണ്ട്. ഉപയോഗിച്ച ട്യൂബുകളും സൂചികളും ബയോ മെഡിക്കൽ മാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിച്ചാണു സംസ്കരിക്കേണ്ടത്.
Content Summary : Tattoos and their effect on health