ADVERTISEMENT

വാക്സീനെടുക്കുന്ന രീതിയിലെ അപാകതയും ഡോസിലുള്ള വ്യത്യാസവുമാണ് കേരളത്തിൽ വാക്സീനെടുത്തവരിൽ രോഗം കൂടാൻ കാരണമായത് എന്ന രീതിയിലുള്ള ഒരു ചർച്ച ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇതിന് ഏതെങ്കിലും രീതിയിലുള്ള ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് തോന്നുന്നില്ല.  

വാക്സീൻ എടുത്ത പലരും കോവിഡ് പോസിറ്റീവായി എന്നത് ലോകത്ത് എല്ലായിടത്തും കണ്ട ഒരു പ്രവണതയാണ്. എന്നാൽ ഇവരിൽ രോഗ തീവ്രതയും മരണനിരക്കും കുറവായിരുന്നു. കേരളത്തിലും ഇതേ സാഹചര്യം തന്നെയാണ് ഉള്ളത്. ലക്ഷണങ്ങളില്ലാതെയും, ചെറിയ രോഗലക്ഷണങ്ങളോടെയും കോവിഡ് സ്ഥിരീകരിക്കുന്നവരേയും , ഗുരുതരമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരേയും വേർതിരിച്ച് കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവാകുന്നവരുടെ മാത്രം എണ്ണത്തിൽ ആശങ്കപ്പെടാതെ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലാണ് ഇനി നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 

ഇതോടൊപ്പം തന്നെ പറയേണ്ടുന്ന മറ്റൊരു കാര്യമാണ് കേരളത്തിലെ വാക്സീനേഷൻ രീതി. 18 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകളിലേക്കും വാക്സീൻ എത്തിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ തീവ്രയജ്ഞവും ഈ ദൗത്യം യാഥാർത്യമാക്കാനുള്ള വാക്സിൻ നൽകുന്ന നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടേയും ആത്മാർത്ഥ പരിശ്രമവും ഏറെ പ്രശംസനീയമാണ്. എന്നാൽ ഒരു നഴ്സ് തന്നെ ഒരു ദിവസം 500 ലധികം വാക്സീൻ  നൽകുക എന്ന രീതി പുന:പരിശോധിക്കപ്പെടേണ്ടതാണ്. കാരണം ഇത് വാക്സീൻ  നൽകുന്ന ശരിയായ രീതിയേയും വാക്സിന്റെ കൃത്യമായ അളവിനേയും വാക്സീൻ  നൽകുന്നതിന്റെ ഗുണനിലവാരത്തെ കുറക്കുകയും ചെയ്യാവുന്ന ഗുരുതരമായ പ്രശ്നമാണ്. അതു കൊണ്ടു തന്നെ ഒരു വാക്സീനേറ്റർ  (വാക്സിൻ നൽകുന്ന ആൾ) ഒരു ദിവസം നിശ്ചിത സമയത്തിൽ നൽകുന്ന വാക്സിന്റെ എണ്ണം നിജപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കൃത്യമായ രീതിയിലാണ് വാക്സീൻ  നൽകുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതും വാക്സീനേഷനിൽ പിഴവ് ഉണ്ടാവാതിരിക്കാൻ അനിവാര്യമാണ്. 

വാക്സീൻ  എത്രയും വേഗത്തിൽ കൊടുത്തും പാഴാക്കാതെ കൊടുത്തും നേട്ടം കൈവരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ ഒരാളെക്കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ പരാമവധി വാക്സീൻ  കൊടുപ്പിക്കാനുള്ള ശ്രമങ്ങളും അതിനെ പിന്തുണക്കുന്ന ചർച്ചകളും ഉണ്ടാവുന്നത് ഗുണം ചെയ്യില്ല. കാരണം ഈ രീതി വാക്സീനേഷൻ പ്രക്രിയയുടെ ഗുണ നിലവാരത്തെ പ്രതികൂലമായി ബാധിക്കാൻ കാരണമാകും. ഒരു വാക്സിനേറ്റർ ഒരു മണിക്കൂറിൽ ഏകദേശം 30 ലധികം വാക്സീൻ  നൽകുന്നത് വാക്സിനേഷന്റെ ഗുണനിലവാരത്തെ  മാത്രമല്ല വാക്സീനെടുക്കുന്ന ആൾവിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിനും അവരുടെ മാനസിക സമ്മർദ്ദം കൂട്ടുന്നതിനും ഇത് കാരണമാകും. വാക്സീനേഷൻ വേഗത്തിലാക്കാൻ ശ്രമിക്കുമ്പോൾ വാക്സീൻ  നൽകുന്ന ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ വിശ്രമവേളകൾ കൂടി ഉറപ്പാക്കേണ്ടതുണ്ട്.  

ഒരാൾ ഒരു ദിവസം എത്ര വാക്സീൻ കൊടുത്തു എന്നതിലല്ല മുഴുവൻ ആരോഗ്യ പ്രവർത്തകരുടേയും സഹകരണത്തോടെ വാക്സീൻ എത്രയും പെട്ടന്ന് കൊടുത്ത് തീർക്കാനാണ് നമ്മൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടത്.

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി. കേരളത്തിൽ 2018ൽ നിപ്പ തിരിച്ചറിഞ്ഞ സംഘത്തിലെ അംഗമായിരുന്നു ലേഖകൻ)

English Summary : Dr. Anoop Kumar A S view on COVID vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com