ADVERTISEMENT

ചിലയിടത്ത് ചാരം, ചിലയിടത്ത് പുക എന്നൊക്കെ പറയും പോലെയാണ് ഇപ്പോള്‍ നാട്ടിലെ അവസ്ഥ. ചിലര്‍ക്ക് കോവിഡ്. ചിലര്‍ക്ക് ഡെങ്കിപ്പനി. അപൂര്‍വം ചിലയിടത്ത് രണ്ട് രോഗങ്ങളും ചേര്‍ന്നുള്ള ഇരട്ട അണുബാധയ്ക്കുള്ള സാധ്യതയും. ജീവഹാനിയുണ്ടാക്കാവുന്ന കോവിഡ്, ഡെങ്കിപ്പനി ലക്ഷണങ്ങളുമായി നിരവധി പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ഈ രണ്ട് രോഗങ്ങളുടെ ചില ലക്ഷണങ്ങള്‍ ഒരേ പോലെയാണെന്നതാണ് ജനങ്ങളിലും ആരോഗ്യ സംവിധാനത്തിലും ആശയക്കുഴപ്പമുണ്ടാക്കുന്നത്. 

 

എന്നാല്‍ രണ്ടു രോഗങ്ങള്‍ക്കും മാറിപ്പോകാനാവാത്ത വിധമുള്ള ചില ലക്ഷണങ്ങളുണ്ടെന്ന് കല്യാണ്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിദഗ്ധ ഡോ. കീര്‍ത്തി സബ്നിസ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഉദാഹരണത്തിന് മണവും രുചിയും നഷ്ടമാകുന്നത് കോവിഡിന്‍റെ മാത്രം രോഗലക്ഷണമാണ്. ഡെങ്കിപ്പനി ബാധിതരില്‍ ഇത്തരമൊരു രോഗലക്ഷണം വരില്ല. അതേ സമയം അതിസാരം വരുന്നത് പലപ്പോഴും ഡെങ്കിപ്പനി മൂലമാകാം. പനി, വരണ്ട ചുമ, ക്ഷീണം, തൊണ്ട വേദന, കണ്ണ് ദീനം, തലവേദന, ശ്വാസംമുട്ടല്‍, നെഞ്ച് വേദന എന്നിവയെല്ലാം കോവിഡ്19 ലക്ഷണങ്ങളാണെന്നും ഡോ. കീര്‍ത്തി ചൂണ്ടിക്കാട്ടുന്നു. 

 

രോഗത്തിന്‍റെ സങ്കീര്‍ണ്ണത അനുസരിച്ച് ഡെങ്കിപ്പനിയെ മൈല്‍ഡ് ഡെങ്കി ഫീവര്‍, ‍ഡെങ്കി ഹെമറേജിക് ഫീവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നിങ്ങനെ പലതായി തിരിക്കാം. ഓരോ ഘട്ടത്തിലും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കാം. മൈല്‍ഡ് ഡെങ്കി ഫീവറുള്ളവര്‍ക്ക് സന്ധിവേദന, പേശീവേദന, ഉയര്‍ന്ന പനി, ശരീരത്തില്‍ തിണര്‍പ്പ്, നിരന്തരമുള്ള ഛര്‍ദ്ദി, അതിഭയങ്കരമായ തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. ചികിത്സ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാറുന്ന ഈ ലക്ഷണങ്ങള്‍ ജീവഹാനിയുണ്ടാക്കാറില്ല.

 

ഡെങ്കി ഹെമറേജിക് ഫീവറുള്ളവരില്‍ മോണകളിലും മൂക്കിലും വായിലും രക്തമൊഴുക്ക് ഉണ്ടാകാം. കുറഞ്ഞ ബ്ലഡ് പ്ലേറ്റ്ലെറ്റ് കൗണ്ട്, ഉള്ളിലുള്ള രക്തസ്രാവം, അതിസാരം, ചുഴലി, ചര്‍മ്മത്തില്‍ രക്തം പലയിടങ്ങളിലായി കെട്ടിക്കിടക്കല്‍, വയര്‍ വേദന, ഈര്‍പ്പമുള്ള ചര്‍മ്മം തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ആവശ്യമായ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ ഈ ലക്ഷണങ്ങള്‍ മരണത്തിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

 

ഡെങ്കി ഷോക്ക് സിന്‍ഡ്രോമാണ് കൂട്ടത്തില്‍ ഏറ്റവും ഭയപ്പെടേണ്ട ഘട്ടം. കുറഞ്ഞ രക്ത സമ്മർദ്ദം, ദുര്‍ബലമായ ഹൃദയമിടിപ്പ്, മതിഭ്രമം, തലച്ചോറിലേക്ക് ഓക്സിജന്‍ ലഭിക്കാത്ത അവസ്ഥ, തീവ്രമായ രക്തസ്രാവം, ഉയര്‍ന്ന ഡിഗ്രി പനി, ഛര്‍ദ്ദി, അതിഭയങ്കര വയര്‍ വേദന എന്നിവയെല്ലാം ഡെങ്കി ഷോക്ക് സിന്‍ഡ്രോം ലക്ഷണങ്ങളാണ്. ഡെങ്കിപ്പനിയുള്ളവര്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും അടിയന്തിര വൈദ്യസഹായം തേടേണ്ടതുമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

Content Summary: Is it Dengue or is it COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com