ADVERTISEMENT

കോവിഡ് മഹാമാരിക്കാലത്ത് വൈറസിനേക്കാല്‍ വേഗത്തിലാണ് അതിനെ ചുറ്റിപറ്റിയുള്ള വ്യാജസന്ദേശങ്ങള്‍ നാട്ടില്‍ പരന്നത്. വ്യാജവാര്‍ത്തകളുടെ ഈ തള്ളിക്കയറ്റത്തെ ‘ഇന്‍ഫോഡെമിക്’ എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. കോവിഡ് പ്രതിരോധത്തിനായി രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംവിധാനത്തിന് ഇത്തരം വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. കോവിഡിന് വാക്സീന്‍ കണ്ടെത്തിയ ശേഷമാകട്ടെ വാക്സീനുകളെ ചുറ്റിപറ്റിയായി വ്യാജവാര്‍ത്തകളുടെ പ്രളയം. 

 

വാക്സീന്‍ വന്ധ്യതയുണ്ടാക്കും, വാക്സീന്‍ കുട്ടികളില്‍ ഓട്ടിസമുണ്ടാക്കും, വാക്സീന്‍ അര്‍ബുദത്തിലേക്ക് നയിക്കും എന്ന് തുടങ്ങി നിരവധി തെറ്റായ സന്ദേശങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരക്കുന്നത്. ഇത് പലരിലും വാക്സീന്‍ എടുക്കുന്നതിനോടുള്ള ഭയം ഉണ്ടാക്കുന്നുണ്ട്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ പോലും നല്ലൊരു ശതമാനം പേര്‍ ഈ വ്യാജവാര്‍ത്തകളെ വിശ്വസിച്ച് വാക്സീന്‍ എടുക്കാതിരിക്കുന്നു. ഈ സാഹചര്യത്തില്‍ വാക്സീന്‍ വിരുദ്ധ വ്യാജ സന്ദേശങ്ങള്‍ ഉള്‍പ്പെട്ട എല്ലാ വിഡിയോകളും തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ആഗോള ടെക് ഭീമന്‍ ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യുട്യൂബ് അറിയിച്ചു. 

 

കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ 1,30,000 വിഡിയോകള്‍ ഇങ്ങനെ നീക്കം ചെയ്തതായി യുട്യൂബ് അധികൃതര്‍ ബിബിസി ന്യൂസിനോട് പറഞ്ഞു. വാക്സീന്‍ വിരുദ്ധ സന്ദേശങ്ങള്‍ നിരന്തരമായി നല്‍കുന്ന വ്യക്തികളുടെ അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ ടെക് കമ്പനികൾ  ഒന്നും ചെയ്യുന്നില്ലെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വാക്സീനോടുള്ള ജനങ്ങളുടെ സന്ദേഹത്തിന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉത്തരവാദികളാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ളവരും കുറ്റപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവർ  വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നത്. നേരത്തെ ഫെയ്സ്ബുക്കും വാക്സീന്‍ വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും  ഇത് നടപ്പാക്കുന്നതില്‍ വലിയ വെല്ലുവിളികളാണ് നേരിട്ടത്. മറ്റൊരു സാമൂഹിക മാധ്യമമായ ട്വിറ്ററും വാക്സീനെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പങ്കുവയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

Content Summary: YouTube to remove all anti-vaccine misinformation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com