ADVERTISEMENT

പ്രായം കൂടുന്തോറും നമ്മളിൽ പലരും മാനസിക പ്രശ്നങ്ങൾക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എത്രപേർക്കറിയാം? ഇന്ത്യയിലെ വയോജനങ്ങളിൽ 20. 5 ശതമാനം മാനസികാരോഗ്യ പ്രശ്നങ്ങളിൽപ്പെടുഴലുകയാണെന്നറിയുമ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യപ്പെടുന്നത്. അതായത് ഇന്ത്യയിൽ 8.5 കോടി വയോജനങ്ങളുള്ളതിൽ 1.7 കോടി  പേർക്കും ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അർ‌ഥം. ‘എനിക്കു വട്ടായതയാണോ അതോ ഈ ലോകത്തിനു മുഴുവൻ വട്ടായതാണോ’ എന്നു തമാശ പറഞ്ഞു രസിക്കേണ്ട കാര്യമല്ല, സംഗതി അൽപം സീരിയസാണ്. പനിയോ മറ്റു രോഗങ്ങളോ വന്നാൽ ചികിത്സ തേടും പോലെ മാനസികാരോഗ്യ പരിചരണവും അനിവാര്യമായ ഒന്നാണ്. എന്നാ‍ൽ ഇക്കാര്യത്തിൽ, വിദ്യാസമ്പന്നരെന്നു പറയുന്ന മലയാളികൾ പോലും പിന്നാക്കമാണ്. ശരിയായ അവബോധം ഇക്കാര്യത്തിൽ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ ‘മനോരമ ഓൺലൈനിനോട്’ സംസാരിക്കുന്നു. 

 

ലോകമാനസികാരോഗ്യ ദിനത്തിൽ ഈ വർഷത്തെ സന്ദേശം എന്താണ്?

 

ലോകമാനസികാരോഗ്യ ഫെഡറേഷൻ, ലോകാരോഗ്യ സംഘടന എന്നിവ സംയുക്തമായാണ് ലോകവ്യാപകമായി ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ഓരോ വർഷവും അതാതു കാലഘട്ടത്തിലെ പ്രസക്തമായ ഒരു വിഷയം മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശമായി സ്വീകരിക്കപ്പെടാറുണ്ട്. ഈ വർഷത്തെ ലോകമാനസികാരോഗ്യ ദിനത്തിന്റെ സന്ദേശ വാചകം ‘അസന്തുലിത ലോകത്തെ മാനസികാരോഗ്യം’ (mental health in an unequal world)  എന്നതാണ്.

           

കേരളത്തിന്റെ മാനസികാരോഗ്യം എങ്ങനെ? 

 

2016 ൽ സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി നടത്തിയ പഠന പ്രകാരം കേരളീയരിൽ 12.8  ശതമാനം പേർക്കു ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതായത്, മലയാളികളിൽ എട്ടു പേരിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അർഥം. എന്നാൽ ഇവരിൽ കേവലം 15 ശതമാനം ആളുകൾ മാത്രമേ കൃത്യമായ മാനസികാരോഗ്യ ചികിത്സ തേടുന്നു ഉള്ളൂ എന്നത് ശ്രദ്ധേയമായ ഒരു യാഥാർഥ്യമാണ്. വികസിത രാഷ്ട്രങ്ങളിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ വികസ്വര രാഷ്ട്രങ്ങളിൽ മാനസിക ആരോഗ്യ പരിചരണം വേണ്ടത്ര പ്രാധാന്യം ലഭിക്കുന്ന ഒരു വിഷയമല്ല എന്നത് മനസ്സിലാക്കിക്കൊണ്ടാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യദിനത്തിന്റെ  സന്ദേശ വാചകം തീരുമാനിക്കപ്പെട്ടിരിക്കുന്നത്.

           

വയോജനങ്ങളിലെ മാനസികാരോഗ്യം എങ്ങനെ? 

 

സമീപകാലത്ത് ഇന്ത്യയിലെ വയോജനങ്ങളിലെ മാനസിക ആരോഗ്യത്തെക്കുറിച്ച് നടത്തിയ ഒരു പഠനം തെളിയിച്ചത് വയോജനങ്ങളിൽ 20.5  ശതമാനം പേർക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ്. ഇന്ത്യയിൽ ആകെയുള്ള 8.5 കോടിയോളം വയോജനങ്ങളിൽ 1.7  കോടി ജനങ്ങൾക്ക് ചികിത്സ ആവശ്യമുള്ള മനോദൗർബല്യങ്ങൾ ഉണ്ടെന്ന് ഈ പഠനം വെളിപ്പെടുത്തി. ഇന്ത്യൻ ജനതയുടെ ആയുർദൈർഘ്യം കൂടിവരുന്ന പശ്ചാത്തലത്തിൽ മാനസിക ആരോഗ്യപ്രശ്നങ്ങൾക്കും അവയുടെ ചികിത്സയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ഈ പഠനം അടിവരയിടുന്നു. ഭാരതത്തിലെ വയോജനങ്ങളിൽ 75  ശതമാനം പേർക്കും ദീർഘകാലമായി നീണ്ടുനിൽക്കുന്ന എന്തെങ്കിലും ഒരു ആരോഗ്യപ്രശ്നം ഉണ്ടെന്ന് സമീപകാലത്ത് പുറത്തുവന്ന മറ്റൊരു പഠനം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ജീവിതശൈലീജന്യ രോഗങ്ങൾ ഉള്ള വയോജനങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്

         

വയോജനങ്ങളിൽ കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ?

 

വയോജനങ്ങളിൽ കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട രോഗങ്ങൾ വിഷാദരോഗം, ഉത്കണ്ഠ രോഗങ്ങൾ, ഉറക്ക പ്രശ്നങ്ങൾ, മറവി രോഗങ്ങൾ എന്നിവയാണ്. ഇവയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന അവസ്ഥയാണ് വിഷാദ രോഗം. ഭാരതത്തിലെ വയോജനങ്ങളിൽ 17 ശതമാനം പേർക്ക് ചികിത്സ ആവശ്യമുള്ള വിഷാദരോഗം ഉണ്ടെന്ന് സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നു. ‘മാനസികാരോഗ്യ പ്രശ്നങ്ങളിലെ ജലദോഷം’ എന്നു  വിശേഷിപ്പിക്കപ്പെടുന്ന വിഷാദ രോഗം പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുന്ന ഒരവസ്ഥയാണ്. എന്നാൽ ചികിത്സിക്കപ്പെടാതെ പോകുന്ന വിഷാദരോഗം ആത്മഹത്യകൾക്കും രോഗപ്രതിരോധശേഷി കുറയുന്നതിനും കാരണമായേക്കാം.

         

വിഷാദരോഗം എങ്ങനെ തിരിച്ചറിയാം?

 

രാവിലെ തൊട്ട് വൈകിട്ട് വരെ തുടർച്ചയായി നീണ്ടു നിൽക്കുന്ന സങ്കട ഭാവം, മുൻപ് ആസ്വദിച്ചു ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ താൽപര്യമില്ലായ്മ, അകാരണമായ ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗത്തിൽ ഉണ്ടാകുന്ന മന്ദത, നിരാശയും പ്രതീക്ഷ ഇല്ലായ്മയും, ആത്മഹത്യാപ്രവണത എന്നീ ഒൻപതു ലക്ഷണങ്ങളിൽ 5 എണ്ണമെങ്കിലും രണ്ടാഴ്ച തുടർച്ചയായി നീണ്ടുനിന്നാൽ ആ വ്യക്തിക്ക് വിഷാദരോഗം ഉണ്ടെന്ന് കരുതാം. തലച്ചോറിലെ  സിറടോൺ,  നോർ എപ്പിനെഫ്രിൻ  എന്നീ രാസവസ്തുക്കളുടെ അളവിലെ കുറവ് വിഷാദരോഗികളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ വിഷാദ വിരുദ്ധ ഔഷധങ്ങൾ ഉപയോഗിച്ചാൽ വിഷാദ രോഗം പൂർണമായും ഭേദപ്പെടുത്താൻ സാധിക്കാറുണ്ട്.

 

വെറുതെയിരിക്കുന്ന സമയത്ത് പൊടുന്നനെ നെഞ്ചുവേദന, അമിതമായ വിയർപ്പ്, ശ്വാസം കിട്ടാതെ വരിക, അമിത നെഞ്ചിടിപ്പ്, തലചുറ്റൽ, കൈകാൽവിരലുകൾ തണുത്ത് മരവിക്കുക എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട ശേഷം ‘താൻ ഇപ്പോൾ വീണ്ടും മരിച്ചുപോകും’  എന്നു തോന്നുന്ന തരത്തിലുള്ള കഠിനമായ വെപ്രാളം ചിലർക്ക് അനുഭവപ്പെടാറുണ്ട്. ഹൃദ്രോഗത്തിന്റെ ലക്ഷണം ആണെന്ന് കരുതി ആശുപത്രിയിലെത്തി പരിശോധനകൾ നടത്തുമ്പോൾ അതിന്റെ യാതൊരു ലക്ഷണങ്ങളും കാണില്ല. ‘പ്രശ്നമൊന്നുമില്ല’ എന്ന ഡോക്ടറുടെ ആശ്വാസവാക്കുകൾ കേട്ട് വീട്ടിൽ മടങ്ങിയെത്തി അധികം വൈകാതെ മേൽപറഞ്ഞ ലക്ഷണങ്ങൾ ആവർത്തിക്കുന്നതായി കാണാം. പലപ്പോഴും രാത്രി ഉറങ്ങാൻ ശ്രമിക്കുമ്പോഴും ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ഉറക്കം തടസ്സപ്പെടുത്തുന്ന അവസ്ഥ സംജാതമാകും. ശാരീരികമായ രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും പരിശോധനയിലും ടെസ്റ്റുകളിലും കാണുന്നില്ലെങ്കിൽ പോലും ഈ ലക്ഷണങ്ങൾ ആവർത്തിച്ചു വരികയാണെങ്കിൽ അത് ‘പാനിക് ഡിസോർഡർ’ (panic disorder)  എന്ന ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം. തലച്ചോറിലെ ഗാബ (GABA) എന്ന രാസവസ്തുവിന്റെ വ്യതിയാനങ്ങൾ മൂലം ആണ് ഇത്തരം അമിത ഉത്കണ്ഠാ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. വയോജനങ്ങളിൽ 10 ശതമാനത്തിലധികം ആളുകളിൽ ഇത്തരം ഉത്കണ്ഠാ ലക്ഷണങ്ങൾ സർവസാധാരണമാണ്. ശാരീരിക പരിശോധനകളിലും ടെസ്റ്റുകളിലും രോഗലക്ഷണങ്ങൾ ഒന്നും കണ്ടെത്താൻ കഴിയാത്തതുകൊണ്ടുതന്നെ ഇത് ഏതോ മാറാ രോഗത്തിന്റെ ലക്ഷണം ആണെന്ന് കരുതി വയോജനങ്ങൾ ഭയപ്പെടുന്നത് സാധാരണമാണ്. എന്നാൽ തലച്ചോറിലെ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കുന്ന മരുന്നുകളും മനഃശാസ്ത്ര ചികിത്സകളും ഉപയോഗിച്ചാൽ പൂർണമായും പരിഹരിക്കാൻ കഴിയുന്ന ഒരു അവസ്ഥയാണ് ഈ ഉത്കണ്ഠാ രോഗം.

 

വയോജനങ്ങളിൽ കാണുന്ന മറ്റു പ്രശ്നങ്ങൾ എന്തൊക്കെ?      

 

വയോജനങ്ങളിൽ അഞ്ചിൽ ഒരാൾക്ക് ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകും എന്നു ചില പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരി കാലത്ത് ഉറക്കക്കുറവിന്റെ തോത് വയോജനങ്ങളിൽ കൂടിവരുന്നതായി കണ്ടുവരുന്നുണ്ട്. ഉറക്കം വരാൻ പ്രയാസം വരുന്നതു തൊട്ട് സുഖകരമല്ലാത്ത നിദ്ര വരെയുള്ള പലതരം പ്രശ്നങ്ങൾ വയോജനങ്ങളെ ബാധിക്കുന്നതായി കണ്ടുവരുന്നു.

60 വയസ്സിനു മേൽ പ്രായമുള്ള ആളുകളിൽ അഞ്ച് ശതമാനത്തോളം പേർക്ക് മറവി രോഗങ്ങളുടെ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഓരോ അഞ്ചുവർഷം പ്രായം കൂടുംതോറും മറവി രോഗം വരാനുള്ള സാധ്യത ഇരട്ടിയാകുന്നു. 85 വയസ്സിനു മേൽ പ്രായമുള്ള ആളുകളിൽ പകുതിയോളം പേർക്ക് മറവിയുടെ ലക്ഷണങ്ങൾ ഉണ്ടാകുന്നതായി പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണുകളുടെ അളവ് കുറയുന്നത് പോലെയുള്ള പരിഹരിക്കാൻ പറ്റുന്ന കാരണങ്ങളും മറവി ലക്ഷണങ്ങളുടെ പിറകിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ പരിഹരിക്കാൻ പറ്റുന്ന കാരണങ്ങൾ കണ്ടെത്തി തുടക്കത്തിലേ ചികിത്സിച്ചാൽ വയോജനങ്ങളിലെ മറവി വഷളാകാതിരിക്കാൻ സാധിച്ചേക്കും.

 

മാനസികാരോഗ്യ പ്രശ്നമുള്ള വയോജനങ്ങൾക്ക് എങ്ങനെ കരുതലൊരുക്കണം? 

 

മാനസികാരോഗ്യ പ്രശ്നമുള്ള വയോജനങ്ങൾ നമ്മുടെ കുടുംബത്തിലും അയൽപക്കത്തും നമ്മുടെ പരിചിത വലയത്തിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം ആൾക്കാരെ കണ്ടെത്തിയാൽ ഏതൊരു സാധാരണക്കാരനും ചെയ്യാവുന്ന ചില ഇടപെടലുകൾ ഉണ്ട്. ഇവയെ ‘മാനസികാരോഗ്യ പ്രഥമശുശ്രൂഷ’ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രയാസമനുഭവിക്കുന്ന വ്യക്തിയുടെ അടുത്തുചെന്ന് അദ്ദേഹത്തിന്റെ പ്രയാസങ്ങൾ ചോദിച്ചറിയുക, തുടർന്ന് ക്ഷമാപൂർവം അദ്ദേഹത്തിന് പറയാനുള്ളത് പൂർണമായും കേൾക്കുക. തുടർന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും എന്തെങ്കിലും തെറ്റിദ്ധാരണകൾ മൂലമാണ് അദ്ദേഹം പ്രയാസപ്പെടുന്നതെങ്കിൽ ശരിയായ വിവരങ്ങൾ കൊടുക്കുകയും ചെയ്യുക എന്നതാണ് നാം തുടക്കത്തിൽ ചെയ്യേണ്ടത്.

 

ഇതിനുശേഷവും അദ്ദേഹത്തിന്റെ പ്രയാസങ്ങൾ തുടരുന്നുവെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സയിലൂടെ അദ്ദേഹത്തെ സഹായിക്കാൻ വേണ്ട ശ്രമങ്ങൾ നമുക്ക് നടത്താം. സർക്കാർ മേഖലയിൽ മാനസികാരോഗ്യ പദ്ധതിയുടെ സഹായത്തോടെ എല്ലാ ജില്ലകളിലും മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. ചികിത്സയോടൊപ്പം കൃത്യമായ  സാമൂഹിക പിന്തുണ ഇവർക്ക് ഉറപ്പുവരുത്തുക എന്നതും പ്രധാനമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന  വയോധികർ ഒറ്റപ്പെട്ടു പോകാതെ അവരെ ചേർത്ത് നിർത്തി അവർക്കാവശ്യമായ മാനസിക ഊർജം പകർന്നു കൊടുക്കാൻ ബന്ധുക്കളും പരിചയക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്.

 

ഇതോടൊപ്പം മാനസികാരോഗ്യ  പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിൽനിന്ന് നീക്കംചെയ്യാനുള്ള വ്യാപകമായ ബോധവൽക്കരണവും പ്രധാനമാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ മസ്തിഷ്കത്തിന്റെ പ്രവർത്തന വൈകല്യങ്ങൾ ആണെന്നും മറ്റ് ഏതു ശാരീരിക, ആരോഗ്യ പ്രശ്നത്തെയും പോലെ ഇവയെയും ചികിത്സിക്കാൻ സാധിക്കുമെന്നുമുള്ള ‘മാനസികാരോഗ്യ സാക്ഷരത’ പൊതുജനങ്ങൾക്ക് പകർന്നുകൊടുക്കുക വഴി ‘എല്ലാവർക്കും മാനസികാരോഗ്യം’  എന്ന, ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിലേക്ക് നമുക്ക് വേഗം എത്തിച്ചേരാൻ സാധിക്കും.

 

Content Summary :  Sleep Disorder, Depression And Dementia In Elderly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com