മരണത്തിന്റെ വക്കോളം, 4 ദിവസം വെന്റിലേറ്ററിൽ; ഒടുവിൽ ആ ഡോക്ടർ തിരിച്ചെത്തി, ഒട്ടേറെ മുഖങ്ങളിൽ പുഞ്ചിരി തുന്നാൻ

HIGHLIGHTS
  • ചിരിക്കാൻ മടിച്ചിരുന്ന ഒട്ടേറെ മുഖങ്ങളിൽ സന്തോഷം വിരിയിച്ചിട്ടുണ്ട് ഡോ. മഞ്ജുവും സംഘവും
health-maxillofacial-prosthodontist-dr-manju-vijayamohan
ഡോ. മഞ്ജു വിജയമോഹൻ
SHARE

വർഷം 2009:

ഒരു ദിവസം രാവിലെ ഏഴിനു കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലെ സൗജന്യ ചികിത്സാ കേന്ദ്രത്തിലേക്കു കാറിൽ പോകുകയായിരുന്നു അമൃത ആശുപത്രിയിലെ ഡോക്ടറായ ഡോ.മ‍ഞ്ജുവും ഭർത്താവ് ഡോ. എസ്.വിജയമോഹനും മകൻ നിരഞ്ജനും. ഇടപ്പള്ളി ജംക്‌ഷനിൽ വച്ച് അതിവേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ടു കാറിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ 2 തവണ തലകീഴായി മറിഞ്ഞു. 

വിജയമോഹനും മകനും സാരമായ അപകടം പറ്റിയില്ല. എന്നാൽ, മഞ്ജുവിന് ഇടിയുടെ ആഘാതത്തിൽ തലയ്ക്കുൾപ്പെടെ പരുക്കേറ്റു. അമൃത ആശുപത്രിയിൽ 4 ദിവസം വെന്റിലേറ്ററിൽ. പിന്നീടും ഏറെക്കാലം ആശുപത്രി വാസം. ഒടുവിൽ 4 മാസത്തിനു ശേഷം മഞ്ജു പതിയെ പതിയെ ജീവിതത്തിലേക്കു തിരിച്ചെത്തി.

വർഷങ്ങൾക്കു ശേഷം 

അമൃത ആശുപത്രിയിലെ മാക്സിലോഫേഷ്യൽ പ്രോസ്തോഡോണ്ടിക് ക്ലിനിക്കിലെ പ്രഫസർ ഡോ. മഞ്ജുവിനു മുൻപിൽ രാജീവ് ഇരുന്നു. അദ്ദേഹത്തിന്റെ മുഖത്തിന്റെ ഇടതു ഭാഗത്തെ കണ്ണും ചെവിയും മൂക്കും കവിളുമെല്ലാം വെന്തുരുകി പല്ലുകളും മുഖത്തെ അസ്ഥികളും പുറത്തു കാണുന്ന നിലയിലായിരുന്നു. അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനൊടുവിൽ സഹോദരൻ ആസിഡ് ഒഴിച്ചതു മൂലമുണ്ടായ വ്രണങ്ങൾ. 

ഡോ. മഞ്ജുവിന്റെ നേതൃത്വത്തിൽ മാക്സിലോഫേഷ്യൽ പ്രോസ്തോഡോണ്ടിക് ചികിത്സ. സിലിക്കണും പ്രത്യേക തരം ഇംപ്ലാന്റുകളും ഉപയോഗിച്ചു മുഖത്തെ ഭാഗങ്ങൾ പുനർനിർമിച്ചു. രാജീവിന്റെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു. കാൻസർ ബാധിച്ചു 2 കവിളുകളും നഷ്ടപ്പെട്ടവർ, വായയുടെ മേൽഭാഗം നശിച്ചവർ, താടിയെല്ലുകൾ നശിച്ചവർ... ഇങ്ങനെ ചിരിക്കാൻ മടിച്ചിരുന്ന ഒട്ടേറെ മുഖങ്ങളിൽ സന്തോഷം വിരിയിച്ചിട്ടുണ്ട് ഡോ. മഞ്ജുവും സംഘവും.

സ്വപ്നങ്ങളിലേക്ക് തിരിച്ചുവരവ്

2009ലെ അപകടത്തിനു ശേഷം തിരിച്ചു വരില്ലെന്നു പലരും കരുതിയിടത്തു നിന്നു മഞ്ജു മടങ്ങി വന്നത് ഈ നിറ പുഞ്ചിരികൾ കാണാനായാണ്. തന്റെ ജീവിതത്തിലെ ഒട്ടേറെ നേട്ടങ്ങൾ മഞ്ജു സ്വന്തമാക്കിയതും ഈ അപകടത്തിനു ശേഷം. തിരുവനന്തപുരം ഗവ. ഡന്റൽ കോളജിൽ നിന്ന് ബിഡിഎസും എംഡിഎസും പൂർത്തിയാക്കി ഡോ. മഞ്ജു 2004ലാണ് അമൃത ആശുപത്രിയിൽ അസി. പ്രഫസറായി ചേർന്നത്. ഇപ്പോൾ അമൃതയിലെ സ്കൂൾ ഓഫ് ഡെന്റിസ്ട്രിയിലെ പ്രോസ്തോഡോണ്ടിക്സ് ആൻഡ് ഇംപ്ലാന്റോളജി വിഭാഗം പ്രഫസറും ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗത്തിലെ കൺസൽറ്റന്റ് മാക്സിലോഫേഷ്യൽ പ്രോസ്തോഡോണ്ടിസ്റ്റുമാണ്. അടൂർ സ്വദേശിയാണ്. 2018ൽ ‘ബോൺ ടിഷ്യു എൻജിനീയറിങ്ങിൽ’ പിഎച്ച്ഡി നേടി. അതേ വർഷം തന്നെ കലിഫോർണിയ സർവകലാശാലയിലെ മാക്സിലോഫേഷ്യൽ പ്രോസ്തെറ്റിക് വിഭാഗത്തിൽ വിസിറ്റിങ് പ്രഫസറായി. ഈ രംഗത്തെ നൂതന കണ്ടെത്തലുകൾക്ക് ‘ക്രിയേറ്റീവ് സർക്കിൾ അവാർഡും’ നേടി. ക്ലാസിക്കൽ നൃത്തം ഇഷ്ടപ്പെട്ടിരുന്ന ഡോ.മഞ്ജു പഠനകാലത്ത് കലോത്സവ വേദികളിൽ സ്ഥിരമായിരുന്നു. ഇപ്പോഴും ഇടയ്ക്കൊക്കെ  നൃത്തവേദികളിലെത്തും. ആസ്റ്റർ മെഡ്സിറ്റിയിലെ ഓർത്തോപീഡിക് സർജനാണ് ഭർത്താവ് ഡോ. എസ്.വിജയമോഹൻ. മകൻ നിരഞ്ജൻ പ്ലസ് ടു വിദ്യാർഥി. ഒന്നാം ക്ലാസുകാരി നിവേദിത മകൾ.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA