ADVERTISEMENT

കോവിഡ് മഹാമാരി കാലയളവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ക്ഷയ രോഗ കേസുകള്‍ ഗണ്യമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടന. 2019-20 കാലയളവില്‍ 41 ശതമാനം കുറവാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ക്ഷയ രോഗ കേസുകളുടെ എണ്ണത്തിലുണ്ടായതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആഗോള ടിബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യയ്ക്ക് പുറമേ ഇന്തോനേഷ്യ(14%), ഫിലിപ്പീന്‍സ്(12%), ചൈന (8%) എന്നിവിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ഷയ രോഗ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഈ നാലു രാജ്യങ്ങള്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളിലായി 93 ശതമാനം കുറവാണ് ക്ഷയരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഉണ്ടായിരിക്കുന്നത്.  

2019ല്‍ 71 ലക്ഷം പേര്‍ ക്ഷയ രോഗകേസുകള്‍ തങ്ങളുടെ ഗവണ്‍മെന്‍റിലും ആരോഗ്യ സംവിധാനത്തിലും റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2020ല്‍ അത് 58 ലക്ഷമായി കുറഞ്ഞു. 41 ലക്ഷം പേരെങ്കിലും ക്ഷയ രോഗം വന്നിട്ടും രോഗ നിര്‍ണയം നടത്താതെയോ തങ്ങളുടെ ഗവണ്‍മെന്‍റില്‍ റിപ്പോര്‍ട്ട് ചെയ്യാതെയോ ഇരിക്കുന്നതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 2019ല്‍ ഇത് 29 ലക്ഷമായിരുന്നു. 

2020 ജനുവരിക്കും ഡിസംബറിനും ഇടയില്‍ രാജ്യത്തെ ക്ഷയരോഗ കേസ് റിപ്പോര്‍ട്ടിങ്ങ് 25 ശതമാനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ ഒരു വിലയിരുത്തലിലും കണ്ടെത്തിയിരുന്നു. കോവിഡ് മൂലമുണ്ടായ ലോക്ഡൗണും ആരോഗ്യ സംവിധാനത്തിന്‍റെ വിഭവശേഷി മുഴുവന്‍ കോവിഡ് നിയന്ത്രണത്തില്‍ കേന്ദ്രീകരിച്ചതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. 

2019ല്‍ ഇന്ത്യയില്‍ 24.04 ലക്ഷം ക്ഷയരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷങ്ങളേക്കാള്‍ 12 ശതമാനത്തിന്‍റെ വര്‍ധനവായിരുന്നു ഇത്. എന്നാല്‍ 2020ല്‍ ഇത് 25 ശതമാനം ഇടിഞ്ഞ് 18.02 ലക്ഷം കേസുകളിലെത്തി. ക്ഷയ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ വര്‍ഷങ്ങള്‍ കൊണ്ട് ആഗോളതലത്തിലുണ്ടാക്കിയെടുത്ത പുരോഗതി തകിടം മറിക്കുന്നതായിരുന്നു കോവിഡിന്‍റെ വരവെന്ന് ഈ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

2020ല്‍ ക്ഷയരോഗം ബാധിച്ച് 15 ലക്ഷം പേര്‍ ലോകത്ത് മരണമടഞ്ഞു. ഇതില്‍ 2.14 ലക്ഷം എച്ച്ഐവി പോസിറ്റീവ് ആയിരുന്നു. ക്ഷയരോഗത്താല്‍ മരിക്കുന്നവരുടെ എണ്ണം 2021, 2022 വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി.കോവിഡിനെതിരെയുള്ള പോരാട്ടം ക്ഷയരോഗം പോലുള്ള മറ്റ് വ്യാധികള്‍ക്കെതിരെ ഗവണ്‍മെന്‍റുകള്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ക്ക് തുരങ്കം വച്ചു കൊണ്ടാകരുതെന്ന് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളെ ഓര്‍മിപ്പിക്കുന്നു.

English Summary : Tuberculosis in COVID Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com