ADVERTISEMENT

ക്ഷയരോഗം പരത്തുന്ന ബാക്ടീരിയ രോഗി ചുമയ്ക്കുമ്പോള്‍ മാത്രമല്ല ശ്വാസോച്ഛാസം ചെയ്യുന്ന വേളയിലും അടുത്തിരിക്കുന്ന വ്യക്തികളിലേക്ക് പകരാമെന്ന് പഠനം. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ക്ഷയരോഗ ബാധിതരായ 39 രോഗികളിലെ മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ്(എംടിബി) തോതാണ് ഗവേഷകര്‍ പരിശോധിച്ചത്. 

രോഗികളുടെ സാധാരണ ശ്വാസോച്ഛാസത്തിലും ആഴത്തിലുള്ള ശ്വാസോച്ഛാസത്തിലും ചുമയിലും പുറന്തള്ളപ്പെടുന്ന  ശ്വാസകണികകള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. അഞ്ച് മിനിറ്റിനുശേഷം ഈ മൂന്നു തരം കണികകളിലും ക്ഷയം പരത്തുന്ന അപകടകരമായ എംടിബി ഉണ്ടെന്ന് ഇവര്‍ കണ്ടെത്തി. സാധാരണ ശ്വാസത്തിന്‍റെ മൂന്ന് മടങ്ങ് എംടിബി ചുമയിലൂടെ പുറന്തള്ളപ്പെടുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. വായുവിലൂടെയുള്ള ക്ഷയരോഗ വ്യാപനത്തിന്‍റെ 90 ശതമാനവും സാധാരണ ശ്വാസോച്ഛാസത്തിലൂടെ തന്നെ സംഭവിക്കാമെന്ന് ഗവേഷണം തെളിയിക്കുന്നു. 

ഒരു വര്‍ഷം ശരാശരി 15 ലക്ഷം മരണങ്ങള്‍ ആഗോള തലത്തിൽ  ക്ഷയരോഗം മൂലമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍. നിരന്തരമായ ചുമയാണ് ക്ഷയത്തിന്‍റെ പ്രകടമായ ലക്ഷണം. ഇത്തരത്തില്‍ വിട്ടുമാറാത്ത നിരന്തരമായ ചുമയുള്ളവര്‍ മാത്രമേ നിലവില്‍ ക്ഷയരോഗത്തിനായുള്ള പരിശോധന നടത്തുകയും ചികിത്സ തേടുകയും ചെയ്യുന്നുള്ളൂ. എന്നാല്‍ ചുമയില്ലാതെ തന്നെ രോഗം പരക്കാമെന്ന പുതിയ  ഗവേഷണം ചൂണ്ടിക്കാണിക്കുന്നത് ക്ഷയരോഗ ചികിത്സയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നാണ്. രോഗിയുടെ കഫത്തിലുള്ള ബാക്ടീരിയയുടെ സാന്നിധ്യം നോക്കുന്ന നിലവിലെ രീതിക്ക് പുറമേ  രോഗി പുറന്തള്ളുന്ന ശ്വാസകണികകളിലെ ബാക്ടീരിയയുടെ സാന്നിധ്യം കൂടി  അളക്കപ്പെടണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ റയാന്‍ ഡിങ്കല്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യയുടെ കാല്‍ഭാഗത്തിനും ക്ഷയരോഗ ബാക്ടീരിയ പിടിപെടാമെങ്കിലും 5 മുതല്‍ 15 ശതമാനം പേര്‍ക്ക് മാത്രമേ ഇത് മൂലം ഗുരുതര രോഗം വരുന്നുള്ളൂ. ഇവരില്‍ ഭൂരിപക്ഷവും വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനക്കാരായവരുമായ ജനങ്ങള്‍ പാര്‍ക്കുന്ന രാജ്യങ്ങളിലാണ്. ശ്വാസത്തിലൂടെ ക്ഷയരോഗാണുക്കള്‍ പരത്താന്‍ സാധിക്കുന്നവരെ കണ്ടെത്തേണ്ടതും വായുവിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതും ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തില്‍ സുപ്രധാനമാണെന്നും ഗവേഷണ റിപ്പോർട്ട്‌  കൂട്ടിച്ചേര്‍ത്തു.

English Summary : Not just coughing, research suggests tuberculosis bacteria can spread via breathing as well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com