ADVERTISEMENT

മറ്റുള്ളവരെ അപേക്ഷിച്ച് ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവരെ സംരക്ഷിക്കുന്നതില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ അത്ര കാര്യക്ഷമമല്ലെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ പഠനം. പ്രതിരോധ ശേഷി കൈമോശം വന്നവര്‍ക്ക് നാലു ഡോസ് വാക്സീന്‍ വേണ്ടി വരുമെന്ന സിഡിസിയുടെ വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ് ഗവേഷണം. 

 ഫൈസര്‍-ബയോഎന്‍ടെക്കിന്‍റെയോ മൊഡേണയുടെയോ രണ്ട് ഡോസ് വാക്സീന്‍ എടുത്ത സാധാരണക്കാര്‍ക്ക് 90 ശതമാനം വരെ സംരക്ഷണം ആശുപത്രിവാസത്തില്‍ നിന്ന് ഈ വാക്സീനുകള്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് ഇത് 77 ശതമാനം മാത്രമാണ്. ഫൈസറിനെ അപേക്ഷിച്ച് ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ക്ക് മൊഡേണ വാക്സീനാണ് കൂടുതല്‍ സംരക്ഷണം നല്‍കുന്നതെന്നും പഠനം ചൂണ്ടിക്കാണിച്ചു. 

അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് പ്രതിരോധശേഷിയെ അമര്‍ത്തിവയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കാറുണ്ട്. ഇവരിലും കോവിഡ് വാക്സീന്‍ ദുര്‍ബലമായ പ്രതിരോധ പ്രതികരണമാണ് സൃഷ്ടിക്കുക. ഇത്തരത്തിലുള്ള പ്രതിരോധ ശേഷി ദുര്‍ബലമായവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് നാലു ഡോസ് വാക്സീന്‍ വേണ്ടി വരുമെന്നാണ് സിഡിസി നിര്‍ദ്ദേശിക്കുന്നത്. ആദ്യം മൂന്ന് ഡോസ് ഫൈസര്‍/മൊഡേണ വാക്സീന്‍ എടുത്ത ശേഷം ആറു മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് അധിക ബൂസ്റ്റര്‍ ഡോസ് ശുപാര്‍ശ ചെയ്യുന്നത്. 

ഇത്തരം ദുര്‍ബല പ്രതിരോധ ശേഷിയുള്ള രോഗികള്‍ വാക്സീന്‍ എടുത്ത ശേഷം  തുടര്‍ന്നും മാസ്ക് ധരിക്കണമെന്നും കോവിഡ് ബാധിതരായാല്‍ മോണോക്ലോണല്‍ ആന്‍റിബോഡി തെറാപ്പിക്ക് വിധേയരാകണമെന്നും സിഡിസിയിലെ ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു. അവയവം മാറ്റി വയ്ക്കുന്നവര്‍ക്ക് പുറമേ അര്‍ബുദ രോഗികള്‍ അടക്കമുള്ളവരും ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

English Summary : Booster shots are less effective in people with weak immune systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com