ADVERTISEMENT

കോവിഡ് ബാധിതരില്‍ സ്വാഭാവികമായി ഉണ്ടാകുന്ന രോഗപ്രതിരോധം കുറഞ്ഞത് 10 മാസം വരെ നീണ്ടു നില്‍ക്കാമെന്ന് യുകെയില്‍ നടന്ന പുതിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് ആദ്യ തരംഗത്തിനിടെ രോഗബാധിതരായവരുടെ രക്തത്തിലാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് 10 മാസം വരെ ആന്‍റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 

രോഗബാധയുടെ സമയത്തെ മൂര്‍ധന്യാവസ്ഥയില്‍ നിന്ന് ആന്‍റിബോഡികളുടെ തോത് കുറഞ്ഞ് വരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വൈറസിന്‍റെ സാന്നിധ്യത്തെ നിര്‍വീര്യമാക്കാന്‍ കഴിയുന്നത്ര അളവിലുള്ള ആന്‍റിബോഡികള്‍ ശരീരത്തില്‍ പിന്നെയും ശേഷിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ കിങ്സ് കോളജിലെ ലിയാന്‍ ഡൂപോണ്ട് ചൂണ്ടിക്കാട്ടി. 

വിവിധ വിഭാഗങ്ങളില്‍പ്പെട്ട 38 രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും രക്ത സാംപിളുകളാണ് ഗവേഷണത്തിനായി ശേഖരിച്ചത്. ഇവരെല്ലാവരും കോവിഡ് ആദ്യ തരംഗത്തില്‍ രോഗബാധിതരായവരാണ്. വൈറസ് ബാധയെ തുടര്‍ന്നുള്ള ശരീരത്തിലെ ആന്‍റിബോഡി തോത് മൂന്ന് മുതല്‍ അഞ്ച് ആഴ്ചകള്‍ക്ക് ശേഷം കുറഞ്ഞു തുടങ്ങുമെന്നായിരുന്നു ഈ ഗവേഷണ സംഘം മുന്‍പ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. എന്നാല്‍ പുതിയ ഗവേഷണ ഫലങ്ങള്‍ ശുഭസൂചകമായ വിവരങ്ങളാണ് നല്‍കുന്നത്. 

യഥാര്‍ഥ കോവിഡ് വകഭേദം ബാധിക്കപ്പെട്ടവര്‍ക്ക്  വ്യതിയാനം സംഭവിച്ച പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ കുറഞ്ഞ തോതിലാണെങ്കിലും സംരക്ഷണം നിലനില്‍ക്കുന്നതായും ഗവേഷണ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. ഒന്നാം തരംഗത്തിലെ രോഗികളുടെ രക്ത സാംപിളില്‍ ആല്‍ഫ, ഗാമ, ബീറ്റ, ഡെല്‍റ്റ എന്നിവയ്ക്കെതിരെയെല്ലാം ചെറിയ അളവിലുള്ള നിര്‍വീര്യമാക്കല്‍ പ്രവര്‍ത്തനം നടക്കുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനാല്‍ യഥാര്‍ഥ കോവിഡ് വൈറസിന്‍റെ സ്പൈക് പ്രോട്ടീന്‍ ഉപയോഗിച്ച് നിര്‍മിച്ച വാക്സീനുകള്‍ നിലവിലെ വകഭേദങ്ങള്‍ക്കെതിരെയും വരാന്‍ സാധ്യതയുള്ള വകഭേദങ്ങള്‍ക്കെതിരെയും വിശാലമായ ആന്‍റിബോഡി പ്രതിരോധം നല്‍കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.

English Summary : Post-Infection COVID-19 Antibodies Last at Least 10 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com