ADVERTISEMENT

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഇന്ത്യയിലാണ്. ഏതാണ്ട് അരനൂറ്റാണ്ട് മുൻപ് വരെ പ്രമേഹമുള്ളവരെ കണ്ടെത്തുക തന്നെ വളരെ അപൂർവമായി മാത്രമായിരുന്നു. അന്ന് പ്രമേഹ രോഗത്തിനു മരുന്നുണ്ടാക്കുന്ന ഒരേ ഒരു കമ്പനി മാത്രം–ആകെ ഒരേ ഒരു തരം ഇൻസുലിനും രണ്ടുതരം ഗുളികകളും മാത്രം. പരിശോധനയ്ക്കും നിയന്ത്രണത്തിനും മൂത്രപരിശോധനയെയാണ് ആശ്രയിച്ചിരുന്നത്. പിന്നീട് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതിനെ മാത്രം ആശ്രയിച്ചു. ഇപ്പോഴാണെങ്കിൽ HbA1C എന്ന വില കൂടിയ പരിശോധന മാത്രമാണ് എല്ലാവരും ആശ്രയിക്കുന്നത്. അന്നു പ്രമേഹ രോഗ വിദഗ്ധന്മാരും ഉണ്ടായിരുന്നില്ല. ഇന്ന് ആയിരത്തോളം കമ്പനികൾ, നൂറുകണക്കിനു മരുന്നുകളും ഗുളികകളും, പലതരം ഇൻസുലിനുകളും, പരിശോധനാ രീതികളും ഇൻസുലിൻ കുത്തിവയ്ക്കാനുള്ള ഉപകരണങ്ങളും (കൃത്രിമ പാൻക്രിയാസ് വരെ) ദിവസവും പെരുകുന്ന വിപണിയെ ലക്ഷ്യമാക്കി പെരുകുന്നു. പ്രമേഹ രോഗ വിദഗ്ധരുടെ എണ്ണവും പ്രമേഹത്തിനു മാത്രം ചികിൽസിക്കുന്ന ആശുപത്രികളും പെരുകുന്നു. അപ്പോൾ അത്ര നിസ്സാരക്കരനല്ല ‘ഇവൻ’ എന്നു മനസ്സിലായിക്കാണുമല്ലോ?

വണ്ണത്തിലല്ല കാര്യം

മെലിഞ്ഞ ആരോഗ്യമുള്ളവരെ പരിഹസിക്കുന്ന കാലമൊക്കെ പോയി. കാരണം അവർ പ്രമേഹത്തെ അകറ്റി നിർത്തുന്നവരാണ്.  അമിതമായി വർഷങ്ങളോളം ആഹാരം കഴിച്ച് വേണ്ടതിലധികം ശരീര വണ്ണം കൊണ്ടുനടക്കുന്നയാൾ ഒന്നുകിൽ ഇപ്പോൾ പ്രമേഹ രോഗിയായിരിക്കും. അല്ലെങ്കിൽ രോഗം വരാനിരിക്കുന്നയാളായിരിക്കും. അമിതാഹാരം ഒഴിവാക്കിക്കൊണ്ടു മാത്രമേ പ്രമേഹത്തെ തടയാനും ചികിൽസിക്കാനും സാധിക്കൂ. അമിതാഹാരം കഴിക്കുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ തികയാതെ വരുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ക്രമീകരിക്കാനായി കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കേണ്ടതായി വരുന്നു. ഈ അവസ്ഥ വർഷങ്ങളോളം തുടരുമ്പോൾ ഇൻസുലിന്റെ ഉൽപാദനം തന്നെ കുറഞ്ഞ് അവസാനം പ്രമേഹരോഗിയായി മാറുന്നു. പ്രമേഹ രോഗത്തിന്റെ തുടക്കത്തിൽ തളർച്ച വന്ന പാൻക്രിയാസിനെക്കൊണ്ട് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുവാൻ സഹായിക്കുന്ന മരുന്നുകൾ പ്രയോഗിക്കാം. എന്നാൽ അവസാനം ഇൻസുലിൻ പുറമേ നിന്ന് എടുക്കേണ്ട അവസ്ഥ വന്നുചേരുന്നു. യഥാർഥത്തിൽ പ്രമേഹ രോഗ നിയന്ത്രണത്തിനും പ്രമേഹം വരാതിരിക്കാനും അമിതാഹാര ശീലങ്ങളെയാണ് നിയന്ത്രിക്കേണ്ടത്.

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ 

വിശപ്പ്, ദാഹം എന്നിവ കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. 

ചികിത്സ ലഭിച്ചില്ലെങ്കിൽ മരണത്തിനുവരെ ഇടയായേക്കാം. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, കാലിൽ അൾസർ (പുണ്ണ്), കാഴ്ച മങ്ങുക എന്നീ അവസ്ഥകൾക്കും പ്രമേഹം കാരണമാകുന്നു 

ശീലമാക്കാം 

∙ അമിതവണ്ണം കുറയ്ക്കുക, വ്യായാമം ശീലമാക്കുക 

∙ പോഷകമൂല്യമുള്ള ഭക്ഷണം ശീലിക്കുക. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക 

∙ ലഹരി ഒഴിവാക്കുക 

∙ കുറച്ചുനാൾ ചികിത്സിച്ച് പ്രമേഹം നിയന്ത്രണവിധേയമായശേഷം ചികിത്സ നിർത്തരുത് 

∙ പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ മറ്റു പല രോഗങ്ങൾക്കും കാരണമാകും 

∙ എല്ലാ ദിവസവും ഒരേസമയത്തു മരുന്നും ഭക്ഷണവും കഴിക്കാൻ ശ്രദ്ധിക്കുക 

English Summary : Diabetes symptoms and prevention tips

 

 

എങ്ങനെ അറിയാം? 

 

ശരീരഭാരം കൂടുതലാണോ എന്നറിയാൻ BMIയെ ഒരു പരിധി വരെ ആശ്രയിക്കാം. (Body weight in Kg divided by square of height in meter). നമുക്കു വേണ്ട തൂക്കത്തിൽ നിന്ന് രണ്ടു കിലോ തൂക്കംപോലും കൂടുന്നത് ശരീരത്തിനു ദോഷകരമാണ് എന്നു മനസ്സിലാക്കണം. 

 

 

 

 

എന്തൊക്കെ കഴിക്കാം? 

 

നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം. വാഴക്കൂമ്പ്, വാഴപ്പിണ്ടി, പഴവർഗങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ, സാലഡുകൾ എന്നിവ ഉദാഹരണങ്ങളാണ്. 

പ്രാതലിനു ശേഷം പ്രമേഹരോഗികളിൽ ചിലപ്പോൾ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗർ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാർ, പയർ, കടല എന്നീ മാംസ്യം അടങ്ങിയ കറികൾ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും. 

വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

അത്താഴം ഉറങ്ങാൻ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുൻപു കഴിക്കുക. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com