ADVERTISEMENT

പ്രമേഹത്തിന് മുന്നോടിയായി പലരും കടന്നു പോകുന്ന ഘട്ടമാണ് പ്രീഡയബറ്റീസ് സ്റ്റേജ്. ഈ ഘട്ടത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് സാധാരണയിലും ഉയര്‍ന്ന് തന്നെയായിരിക്കും. എന്നാല്‍ പ്രമേഹമുണ്ടെന്ന് നിര്‍ണയിക്കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടും ഉണ്ടാകില്ല. ഈ ഘട്ടത്തില്‍ വച്ച് പ്രമേഹമുണ്ടാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ജീവിതശൈലീ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹം വരാതെ സംരക്ഷിക്കാന്‍ സാധിക്കും. ഇതിനു വേണ്ടി 'ചേഞ്ച് ദ ഔട്ട്കം' എന്ന പേരില്‍ ഒരു പ്രചാരണ പരിപാടിക്ക് തുടക്കമിട്ടിരിക്കുകയാണ് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി).

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനും ആ‍ഡ് കൗണ്‍സിലും ചേര്‍ന്ന് അവതരിപ്പിച്ച പ്രചാരണ പരിപാടിയുടെ പ്രധാന ഇനം ഒരു മിനിട്ട് നീളുന്ന ഓണ്‍ലൈന്‍ റിസ്ക് അനാലിസിസ് ടെസ്റ്റാണ്. ഇതില്‍ ഉയര്‍ന്ന റിസ്ക് സ്കോര്‍ ലഭിക്കുന്നവരെ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പ്രീഡയബറ്റീസ് പരിശോധന നടത്താന്‍ പ്രേരിപ്പിക്കും. പ്രീഡയബറ്റീസ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ദേശീയ പ്രമേഹ നിയന്ത്രണ പരിപാടിയില്‍ അവരെ എന്‍ റോള്‍ ചെയ്യും. 

പ്രീഡയബറ്റീസ് ഘട്ടത്തിലാണെന്ന തിരിച്ചറിവ് ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഭാരം നിയന്ത്രിക്കാനും ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു. കോവിഡ‍് മഹാമാരിയുടെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്ന സഹരോഗാവസ്ഥകളിലൊന്നാണ് പ്രമേഹമെന്നതിനാല്‍ ഇത് വരാനുള്ള സാധ്യത എല്ലാത്തരത്തിലും ചെറുക്കേണ്ടതാണെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസി‍ന്‍റ് ജെറാള്‍‍ഡ് ഇ. ഹാര്‍മോണ്‍ പറയുന്നു. ഒരു വ്യക്തിയുടെ ജീവിത നിലവാരത്തെ തന്നെ ബാധിക്കും വിധം ശരീരത്തിന്‍റെ ഓരോ ഭാഗത്തെയും ബാധിക്കാവുന്ന രോഗമാണ് പ്രമേഹമെന്ന് സിഡിസിയിലെ ഡിവിഷന്‍ ഓഫ് ഡയബറ്റീസ് ട്രാന്‍സ്ലേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഹോളിഡേ ചൂണ്ടിക്കാട്ടുന്നു. 

സിഡിസിയുടെ കണക്ക് പ്രകാരം അമേരിക്കയില്‍ 88 ദശലക്ഷം പേര്‍ പ്രീഡയബറ്റീസ് ഘട്ടത്തില്‍ ജീവിക്കുന്നുണ്ടെങ്കിലും ഇവരില്‍ 84 ശതമാനത്തിന് മുകളിലുള്ളവര്‍ ഇതിനെ കുറിച്ച് അറിയുന്നത് പോലുമില്ല. ഈ അവസ്ഥ മാറ്റി ജനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട അവബോധം പ്രീഡയബറ്റീസിനെയും പ്രമേഹ രോഗനിയന്ത്രണത്തെ കുറിച്ചും ഉണ്ടാക്കുകയാണ് പ്രചാരണത്തിന്‍റെ ലക്ഷ്യം. 

English Summary : Prediabetes Can Be Reversed If Detected Early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com