ADVERTISEMENT

കോവിഡ് മഹാമാരി ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടാക്കിയിട്ടുണ്ടാകാമെന്ന് പുതിയ പഠനം. അഹമ്മദാബാദിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഒപി രോഗികളുടെ ഡേറ്റയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. 77 ദശലക്ഷം പ്രമേഹ രോഗികളുമായി ലോകത്തിന്‍റെ പ്രമേഹ തലസ്ഥാനമെന്ന് അറിയപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഈ സ്ഥിതി കോവിഡിനെ തുടര്‍ന്ന് കൂടുതല്‍ രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

 

ശരീരത്തില്‍ അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കുന്ന കൊറോണ വൈറസ് നിരവധി സങ്കീര്‍ണതകളിലേക്കും ബുദ്ധിമുട്ടിലേക്കും രോഗികളെ നയിക്കാറുണ്ട്. അവയവങ്ങളിലേക്ക് ശരിക്കും ഓക്സിജന്‍ ലഭ്യമാകാത്ത അവസ്ഥയായ ഹൈപോക്സിയ, ദൗര്‍ബല്യം, ഭാരക്കുറവ്, മുടികൊഴിച്ചില്‍, ഹൃദയത്തിലെ പേശികളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന മയോകാര്‍ഡൈറ്റിസ്, തൈറോയ്ഡ് പ്രശ്നം തുടങ്ങിയവ കോവിഡുമായി ബന്ധപ്പെട്ട് രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പ്രമേഹവും എത്തുകയാണെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. 

 

കോവിഡ് ബാധിതരില്‍ 10 ശതമാനം പേര്‍ക്ക് സമ്മര്‍ദം മൂലമുണ്ടാകുന്ന ഹൈപര്‍ഗ്ലൈസീമിയ(രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര) കാണപ്പെടുന്നുണ്ടെന്നും ഇന്ദ്രപ്രസ്ഥയിലെ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നു. മുന്‍പ് പ്രമേഹമുണ്ടായിരുന്നവരില്‍ 60 ശതമാനം പേര്‍ കോവിഡിനെ തുടര്‍ന്ന് തങ്ങളുടെ പഞ്ചസാരയുടെ തോത് കൂടുതല്‍ മോശമായതായി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തിലധികം ഈയവസ്ഥ ഇവരില്‍ തുടര്‍ന്നു. 

 

 

കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതും രോഗികളുടെ ഗ്ലൂക്കോസ് തോത് ഉയരാന്‍ കാരണമായി. കോവിഡ് സങ്കീര്‍ണമായതിനെ തുടര്‍ന്ന് സ്റ്റിറോയ്ഡ് ചികിത്സ നടത്തിയവര്‍ രോഗമുക്തിക്ക് ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. കോവിഡിനെ തുടര്‍ന്ന് ഉയര്‍ന്ന കാലറിയുള്ള ഭക്ഷണം കഴിക്കാനിടയായതും  ഭക്ഷണക്രമം താളം തെറ്റുന്നതും അലസമായ  ജീവിതശൈലി പിന്തുടരുന്നതും പ്രമേഹത്തിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

 

നിത്യേന വ്യായാമം ചെയ്യുന്നതും അനാരോഗ്യകരമായ ഭക്ഷണശീലം ഉപേക്ഷിക്കുന്നതും സംസ്കരിച്ച ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുന്നതും പുകവലി പോലുള്ള ശീലങ്ങള്‍ നിര്‍ത്തുന്നതും പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

English Summary : Covid Patients Increase Diabetes Burden In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com