ADVERTISEMENT

സ്ത്രീകളേ.... സ്വന്തം കാര്യം നോക്കുമ്പോൾ, ഇവൾക്ക് ഒരെല്ല് കൂടുതലാണെന്നു മറ്റുള്ളവർ പറഞ്ഞാലും കുഴപ്പമില്ല; എനിക്ക് എന്റെ എല്ലാ എല്ലും വേണം എന്നു മനസ്സിലുറപ്പിച്ചോളൂ.  എല്ലിന്റെ കാര്യത്തിൽ കുറച്ചധികംതന്നെ ശ്രദ്ധിക്കണം. കാരണം, ഇക്കാലത്തു സ്ത്രീകളിൽ അസ്ഥിക്ഷയമെന്ന ഓസ്റ്റിയോപോറോസിസ് വളരെ നേരത്തെ എത്തുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു.

വീടിനും കുടുംബത്തിനും ഇടയിൽ ഓടിയോടി, ഒന്നു നടുവു നിവർത്താൻ പോലും മറന്നുപോകുന്നവരുണ്ട്. പാലോ മുട്ടയോ ഉണ്ടെങ്കിൽ മക്കൾക്കും ഭർത്താവിനും വേണ്ടി മാറ്റിവയ്ക്കുന്നവർ. വീട്ടിലുള്ള മറ്റുള്ളവർ ഇളവെയിലേറ്റു നടക്കുന്നതു കണ്ടാലും അടുപ്പിൻചൂടേറ്റു പാചകത്തോടു കൊമ്പുകോർക്കുന്നവർ....

സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ ഓട്ടം വലിയ വീഴ്ചയിലേക്കാണെന്നു ഡോക്ടർമാർ പറയുന്നു.

 

ഓസ്റ്റിയോപോറോസിസ്

 

ചെറുതായി തെന്നിവീണാൽപ്പോലും എല്ലിനു പൊട്ടൽ സംഭവിച്ചു ചികിത്സ തേടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. മുൻപ് 70–75 വയസ്സിലാണ് ഓസ്റ്റിയോപോറോസിസ് അഥവാ അസ്ഥിക്ഷയം ആളുകളെ ആക്രമിച്ചിരുന്നത്. ഇക്കാലത്ത് അത്, 55 വയസ്സു കഴിയുമ്പോഴേ സ്ത്രീകളെ പിടികൂടുന്നു. ഓസ്റ്റിയോപോറോസിസ് അസ്ഥിയെ അത്രമേൽ ദുർബലമാക്കും. ബലമില്ലാത്ത എല്ലുകളുള്ള സ്ത്രീകൾക്കു ചെറിയ വീഴ്ചയിൽത്തന്നെ വലിയ പരുക്കേൽക്കും. പടിയിൽനിന്നു വീണാലോ വണ്ടിയൊന്നു ബ്രേക്ക് ഇട്ടാലോ ഒക്കെ എല്ലിന് ഒടിവുണ്ടാകുന്ന അവസ്ഥ. വീണാൽ കൂടുതലും നട്ടെല്ലിനോ ഇടുപ്പെല്ലിനോ ആണു പരുക്കേൽക്കുക. കാരണങ്ങളൊന്നും പുതിയതല്ല. വൈറ്റമിൻ ഡിയുടെ കുറവ്, പോഷകങ്ങളുടെ അഭാവം, ആർത്തവവിരാമശേഷം സ്വാഭാവികമായി ഈസ്ട്രജൻ ഹോർമോൺ കുറയുന്നത്– ഇതെല്ലാം സ്ത്രീകളിൽ ഓസ്റ്റിയോപോറോസിസിനു വഴിയൊരുക്കുന്നു.

 

കൈത്തണ്ടയിലെ എല്ല്

 

വീണാൽ കൈത്തണ്ടയിലെ എല്ലു പൊട്ടുന്നുണ്ടോ; അതൊരു അപകടസൂചനയാണ്. ഓസ്റ്റിയോപോറോസിസ് കടന്നുവരുന്നുണ്ട് എന്നു സംശയിക്കാം. പെട്ടെന്നൊരുനാൾ അടിച്ചുതാഴെയിടുക എന്നതാണ് ഈ രോഗത്തിന്റെ രീതി. അതിനാൽത്തന്നെ ലക്ഷണങ്ങൾ ഏറെക്കാലമായി പതിയിരിക്കുന്നത് അറിയില്ല. ഇടുപ്പെല്ലിനും നട്ടെല്ലിനും പൊട്ടലുണ്ടാവുന്നതാണ് ഏറ്റവും ഗുരുതരം. ഇടുപ്പെല്ലിനു പൊട്ടലുണ്ടായാൽ ശസ്‌ത്രക്രിയ വേണ്ടിവരും. നട്ടെല്ലിനുണ്ടാകുന്ന ക്ഷതം ശരീരം തളരാനും കാരണമാകും.

 

എല്ലുറപ്പുണ്ടോ?

 

35 വയസ്സു കഴിയുമ്പോൾത്തന്നെ സ്ത്രീകളിൽ എല്ലിന്റെ സാന്ദ്രത കുറഞ്ഞു തുടങ്ങും. ഓരോ വർഷവും ഒരു ശതമാനം വീതമാണു കുറയുക. 65 വയസ്സുള്ള സ്ത്രീയിൽ ഇതു 30 ശതമാനത്തോളം കുറയാം. കൗമാരകാലത്തു തന്നെ സ്ത്രീകൾ ആരോഗ്യസംരക്ഷണത്തിലും കാൽസ്യം, വൈറ്റമിൻ ഡി എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നതിലും ശ്രദ്ധവയ്ക്കണം. വീടിനകത്തുതന്നെ ഒതുങ്ങിക്കൂടാതെ സൂര്യപ്രകാശത്തിലേക്ക് ഇറങ്ങിവരികയും വേണം. രാവിലെയോ വൈകിട്ടോ ഇളവെയിലേറ്റുള്ള നടത്തം നിർബന്ധമാക്കണം. ആർത്തവ വിരാമശേഷം ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ വ്യതിയാനം കാത്സ്യത്തിന്റെ ആഗിരണത്തെയും ശേഖരണത്തെയും ബാധിക്കും. ഇതോടെ എല്ലുകൾക്കു ബലം കുറയും.അതിനാൽ, ആ പ്രായത്തിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണം.

 

രോഗനിർണയം

 

അസ്ഥിക്ഷയം തിരിച്ചറിയാതെ ചികിത്സിക്കുന്നവരാണ് ഏറെയും. തുടരെ എല്ലിനു പൊട്ടലുണ്ടായാലും അതിനു മാത്രമാണു ചികിത്സ തേടുക. എന്നാൽ ഇത്തരക്കാരിൽ എല്ലു പൊട്ടുന്നതിനുമാത്രമല്ല, ഓസ്റ്റിയോപോറോസിസിനും വേണം ചികിത്സ. ഡെക്സാ സ്കാൻ (ഡുവൽ എനർജി എക്‌സ്‌റേ അബ്‌സോർപ്‌ഷിയോമെട്രി) ആണ് അസ്ഥിക്ഷയം നിർണയിക്കാനുള്ള പരിശോധന. ഇടുപ്പും നട്ടെല്ലും സ്കാൻ ചെയ്ത് എല്ലിന്റെ സാന്ദ്രത കണ്ടുപിടിക്കുകയാണു ചെയ്യുന്നത്. ആസ്മ, റുമറ്റോയ്ഡ് ഫീവർ, സോറിയാസിസ് എന്നിവ പോലെയുള്ള അസുഖങ്ങൾക്കു സ്ഥിരമായി സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ ഓസ്റ്റിയോപോറോസിസിന്റെ അപകടപരിധിയിലാണ്. 50 വയസ്സു കഴിഞ്ഞവർ, സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, കുടുംബത്തിലാർക്കെങ്കിലും ഓസ്റ്റിയോപോറോസിസ് വന്നിട്ടുള്ളവർ എന്നിവർ വർഷത്തിലൊരിക്കൽ ഡെക്സാ സ്കാൻ ചെയ്യണം.

 

ചികിത്സ

 

ഓസ്റ്റിയോപോറോസിസ് രോഗികൾക്കു കാൽസ്യം, വൈറ്റമിൻ ഡി ഗുളികകളാണു നൽകുക. ഒപ്പം എല്ലിനു കട്ടികൂടാനായി പാരാഹോർമോൺ ഇൻജെക്‌ഷനുകളും ഡോക്ടർമാർ നിർദേശിക്കാറുണ്ട്. വയറിന് അടിഭാഗത്തോ തുടയിലോ ദിവസവും പെൻ പോലെയുള്ള സിറിഞ്ച് കൊണ്ട് ഇൻജക്‌ഷൻ എടുക്കാം. ചെലവേറുമെങ്കിലും ഇതു ഹൃദ്രോഗം, വൃക്കപ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്കും എടുക്കാവുന്നതാണ്. 6 മാസം മുതൽ 2 വർഷം വരെയാണു സാധാരണ ഗതിയിൽ ഈ ഇൻജെക്‌ഷൻ നിർദേശിക്കുക. ഹോർമോൺ അല്ലാത്ത, വർഷത്തിൽ ഒരിക്കൽ ഡ്രിപ് പോലെ എടുക്കാവുന്ന ഇൻജെക്‌ഷനുമുണ്ട്. അതു പക്ഷേ ഹൃദ്രോഗം, വൃക്ക പ്രശ്നങ്ങളുള്ളവർക്ക് ഉപയോഗിക്കാറില്ല.

 

ആരോഗ്യം എല്ലിനും വേണം!

 

കാൽസ്യം ലഭിക്കാനായി സ്ത്രീകൾ പാൽ, മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇലക്കറികളും പച്ചക്കറികളും കഴിക്കണം. മൽസ്യം, മാംസം തുടങ്ങിയവയോടും മുഖംതിരിക്കരുത്. വെയിലേറ്റുള്ള നടത്തം പതിവാക്കാം. പക്ഷേ, എല്ലിനു കുറച്ചു കൂടുതൽ ബലം കിട്ടിക്കോട്ടെ എന്നു കരുതി ഭാരപ്പെട്ട ജോലികൾ ചെയ്യരുത്. കുനിഞ്ഞു വലിയ ഭാരം എടുക്കുന്നതൊന്നും വേണ്ട. വീഴ്ചയ്ക്കുള്ള സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കണം. ടൈൽ പാകിയ തറയിൽ വെള്ളമോ എണ്ണയോ വീഴുന്നതു ശ്രദ്ധിക്കണം.

 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. ശബരിശ്രീ, പ്രഫസർ, ഓർത്തോപീഡിക്സ് വിഭാഗം (കാപ്), തിരുവനന്തപുരം മെഡിക്കൽ കോളജ്)

English Summary : Osteoporosis; symptoms and treatment

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com