കൂട്ടുകാരുടെ പേരുപോലും മറന്നു, ഭേദമാവില്ലെന്നാ കേട്ടത്; ഭയക്കരുത്! ചികിൽസയുണ്ട്, ഒപ്പം ഞങ്ങളും

HIGHLIGHTS
  • ഓർമശക്തിയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ ശീലങ്ങൾ നാം പിന്തുടരുന്നുണ്ട്
  • ഒരുകൊച്ചു കുട്ടിയെ പരിചരിക്കുന്നുപോലെ വേണം മറവിരോഗമുള്ളവരെ പരിചരിക്കാൻ
dementia
SHARE

രാവിലെ ഓഫിസിൽ പോകാനിറങ്ങിയപ്പോൾ പെരുമഴ. മഴയെ ശപിച്ചുകൊണ്ട് റെയിൻകോട്ട് തിരഞ്ഞപ്പോൾ അത് നനഞ്ഞു കുതിർന്നങ്ങനെ സിറ്റൗട്ടിൽ കിടപ്പുണ്ട്. ഇന്നലെ രാത്രിയിൽത്തന്നെ വിരിച്ചുണക്കി വയ്ക്കണമെന്നോർത്തതാണ്, പക്ഷേ മറന്നു. ശ്ശൊ! ഈ നശിച്ച മറവിയെന്നു പിറുപിറുത്ത്, ട്രാഫിക്കിൽപ്പെട്ടാലും വേണ്ടില്ല കാറിലാക്കാം ഓഫിസ് യാത്ര എന്നുറപ്പിച്ചു. അപ്പോഴതാ അടുത്ത പ്രശ്നം കാറിന്റെ കീ കാണുന്നില്ല. രണ്ട് ദിവസം മുൻപ് ഹോസ്പിറ്റലിൽ പോയി മടങ്ങി വന്നപ്പോൾ ഷെൽഫിൽ വച്ചതാണ്. പക്ഷേ കാണുന്നില്ല... ഓ! പിന്നെയും മറവി. രണ്ടും കൽപിച്ച് ഓട്ടോയെടുത്ത് ഓഫിസിലേക്ക് തിരിച്ചു. ഓട്ടോക്കാശ്കൊടുക്കാൻ പോക്കറ്റിൽ പരതിയപ്പോൾ ആ സത്യം വീണ്ടും തലപൊക്കി, പഴ്സ് എടുക്കാൻ മറന്നു. അശ്രദ്ധ കൊണ്ടാ അല്ലെങ്കിൽ ചുമ്മാ ഓരോ തോന്നലായിരിക്കാം എന്ന് മനസ്സിനെ ആശ്വസിപ്പിച്ചു. സംശയം സുഹൃത്തിനോടു പറയാമെന്നു വച്ച് അവളെ വിളിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മറ്റൊരു കാര്യം തിരിച്ചറിഞ്ഞത്, കൂട്ടുകാരിയുടെ പേര് ഓർത്തെടുക്കാനാവുന്നില്ല. അങ്ങനെയാണ് അവളൊരു ന്യൂറോളജിസ്റ്റിനെ സമീപിക്കാൻ തീരുമാനിച്ചത്. 

നിങ്ങളുടെ ജീവിതത്തിലെപ്പോഴെങ്കിലും ഇത്തരത്തിലുള്ള മറവികളുണ്ടായിട്ടുണ്ടോ? മറവിരോഗത്തിന് ചികിൽസയില്ലെന്ന കേട്ടറിവിൽ ഭയന്ന് ചികിൽസ തേടാൻ മടിച്ചിരിക്കുന്നയാളാണോ നിങ്ങൾ? മറവിരോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ചികിൽസാ മാർഗങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ.കൃഷ്ണശ്രീ.

dr-krishnasree
ഡോ.കൃഷ്ണശ്രീ

∙മറവി രോഗങ്ങൾ ഏതൊക്കെയാണ്?

തലച്ചോറിലെ നാഡീകോശങ്ങൾക്കുണ്ടാകുന്ന പ്രവർത്തനത്തകരാറു മൂലം ഓർമശക്തി നശിച്ചു പോകുന്ന അവസ്ഥയെയാണ് മറവിരോഗം അഥവാ മേധാക്ഷയം (dementia) എന്ന് പറയുന്നത്.  ഈ രോഗമുള്ളർക്ക്  ദൈനംദിനകാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. പല വിധത്തിലുള്ള മറവിരോഗങ്ങളുണ്ട്. അതിലൊന്ന് നമുക്ക് കേട്ടു പരിചിതമാണ് – അൽഹൈമേഷ്യസ് ഡിമെൻഷ്യ( Alzheimer’s Dementia) - തലച്ചോറിലെ കോശങ്ങൾ ചുരുങ്ങുന്ന അവസ്ഥ. മറ്റൊന്ന് വാസ്കുലർ ഡിമെൻഷ്യ (Vascular dementia– തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതുമൂലമുണ്ടാകുന്ന മറവിരോഗം). ഇനിയുള്ളത് ഫ്രോണ്ടോ ടെംപറൽ ഡിമൻഷ്യ (Frontotemporal dementia) പെരുമാറ്റ വൈകല്യങ്ങൾ കൂടുതലായി കാണുന്നത് ഈ മറവിരോഗമുള്ളവരിലാണ്. പിന്നെ, ഡിമൻഷ്യ വിത്ത് ലെവി ബോഡീസ് (Dementia With Lewy bodies). ഈ രോഗമുള്ളവർക്ക് പാർക്കിസൺസ് ഡിസീസിനു സമാനമായ ലക്ഷണങ്ങൾ കാണുകയും മായക്കാഴ്ചകൾ കാണുകയുമൊക്കെ ചെയ്യും. പിന്നെയുള്ളത് തലച്ചോറിൽ വെള്ളംകെട്ടി നിൽക്കുന്ന അവസ്ഥയാണ്. എൻപിഎച്ച് (Normal pressure hydrocephalus). എന്നാണ് ആ മറവിരോഗം അറിയപ്പെടുന്നത്.

പോഷകാഹാരങ്ങളുടെ വ്യതിയാനം കൊണ്ടുണ്ടാകുന്ന മറവിരോഗങ്ങൾ, തയാമിൻ, ഫോളൈറ്റ്, കൊബാലമിൻ, നിയാസിൻ തുടങ്ങിയവയുടെ കുറവുമൂലം വരുന്ന മറവിരോഗങ്ങൾ, വാതസംബന്ധമായ ചില അസുഖങ്ങളുടെ ഭാഗമായി വരുന്ന മറവിരോഗങ്ങൾ, ഡ്രഗ്സ്, ആൽക്കഹോൾ എന്നിവ അമിതമായി ഉപയോഗിക്കുന്നവരിലുണ്ടാകുന്ന മറവിരോഗങ്ങൾ എന്നിവയൊക്കെ മേധാക്ഷയത്തിന്റെ ഗണത്തിലാണ് പെടുന്നത്.

∙ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന മറവി രോഗങ്ങളുണ്ടോ?

mangunno-ormayude-vettom-1-2

എച്ച്ഐവി, മെനിഞ്ചൈറ്റിസ്, സിഫിലിസ് എന്നീ രോഗങ്ങളെത്തുടർന്നു വരുന്ന അണുബാധയുടെ ഭാഗമായി വരുന്ന മറവിരോഗങ്ങൾ, ഹോർമോൺ വ്യതിയാനങ്ങളുടെ ഭാഗമായി വരുന്ന മറവിരോഗങ്ങൾ, പ്രമേഹത്തിന്റെ വ്യതിയാനം കൊണ്ടുണ്ടാകുന്ന മറവിരോഗങ്ങൾ, തൈറോയിഡിന്റെ വ്യതിയാനം കൊണ്ടുണ്ടാകുന്ന മറവിരോഗങ്ങൾ  ഇവയെല്ലാം ചികിൽസിച്ചു ഭേദമാക്കാം. കുഷിങ് സിൻഡ്രം (Cushing's syndrome) അഡിസൺസ് ഡിസീസ് എന്നിവ കോർട്ടിസോൾ എന്ന ഹോർമോണിന്റെ വ്യതിയാനം കൊണ്ടുണ്ടാകുന്ന ചില അസുഖങ്ങളാണ്. ഇവയുടെ ഭാഗമായും മറവിയുണ്ടാകാം. അതും ചികിൽസിച്ചു ഭേദമാക്കാവുന്ന രോഗങ്ങളുടെ ഗണത്തിൽപ്പെടുന്നതാണ്.  

∙ മറവിരോഗങ്ങളായ ഡിമൻഷ്യ, അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് എന്നിവ തമ്മിലുള്ള ബന്ധമെന്താണ്?

മറവിരോഗങ്ങളിൽ ഏറ്റവും കൂടുതലായി കാണുന്ന രോഗമാണ് അൽസ്ഹൈമേഴ്സ് ഡിമെൻഷ്യ. ഒരു സാധനം എവിടെയാണ് വച്ചത് എന്നു കണ്ടുപിടിക്കാൻ സാധിക്കാതെ വരുന്നതുപോലുള്ള ലക്ഷണങ്ങളോടെയാണ് അൽസ്ഹൈമേഴ്സ് രോഗം തുടങ്ങുന്നത്. പുതിയ കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട്, സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതിരിക്കുക, പെരുമാറ്റത്തിൽ വ്യത്യാസം വരുക, സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ പോലും കൃത്യമായി ചെയ്യാൻ കഴിയാതിരിക്കുക, തിരികെപ്പോകാനുള്ള വഴിമറന്നു പോവുക (way finding difficulty), കണക്കുകൂട്ടാനുള്ള ബുദ്ധിമുട്ട്, പാചകം ചെയ്യുമ്പോൾ ചേരുവകളെക്കുറിച്ച് മറന്നു പോവുക തുടങ്ങിയ ലക്ഷണങ്ങളാണ് തുടക്കത്തിൽ പ്രകടമാവുക. ക്രമേണ മറവി കൂടിവരും.

രോഗത്തിന്റെ ആദ്യഘട്ടത്തിൽ, തനിക്ക് മറവിയുണ്ടെന്ന് രോഗി തിരിച്ചറിയുകയും കാര്യങ്ങൾ ക്രമമായി ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. മറ്റു മറവിരോഗങ്ങളിൽ പെരുമാറ്റവൈകല്യം പോലുള്ള ലക്ഷണങ്ങൾ കാണിക്കും. ഉദാഹരണത്തിന്, പ്രായമായ ദമ്പതികളാണെങ്കിൽ പങ്കാളിയെ സംശയിക്കും. മരിച്ചുപോയ ആളുകളെ കണ്ടെന്നും അവരോട് സംസാരിച്ചെന്നും ചിലർക്കു തോന്നും. ഇത്തരം പെരുമാറ്റ വൈകല്യങ്ങളെയും ഭ്രമക്കാഴ്ചകളെയുമൊക്കെ മാനസികപ്രശ്നമായി തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ അവരെ ചികിൽസയ്ക്കായി സൈക്യാട്രിസ്റ്റുകളുടെ അടുത്തെത്തിക്കുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവരുടെ കൃത്യമായ അവസ്ഥ മനസ്സിലാക്കി ഒരു ന്യൂറോളജ്സ്റ്റിന്റെ സേവനം തേടണം.

പാർക്കിസൺസ് ഡിസീസിൽ വിറയൽ, ബാലൻസ് ഇല്ലായ്മ, ബലംപിടുത്തം പോലുള്ള ലക്ഷണങ്ങളാണ് കാണുക. ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും മന്ദത അനുഭവപ്പെടുകയും ചെയ്യും. അൽസ്ഹൈമേഴ്സിനേക്കാൾ, ഡിമെൻഷ്യ വിത്ത് ലെവി ബോഡീസ് എന്ന മറവിരോഗത്തിന്റെ ലക്ഷണങ്ങളുമായാണ് പാർക്കിസൺസ് ലക്ഷണങ്ങൾക്ക് കൂടുതൽ സാമ്യം തോന്നുക.

mangunno-ormayude-vettom-1-3

∙ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളോ ജീവിതശൈലിയോ മറവി രോഗത്തിനു കാരണമാകുമോ?

തീർച്ചയായും കാരണമാകും. ഓർമശക്തിയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ ശീലങ്ങൾ നാം പിന്തുടരുന്നുണ്ട്. മദ്യപാനം ഓർമയെയും മോശമായി ബാധിക്കും. മദ്യം ശരീരത്തിലെത്തിയാൽ അതിന്റെ ഘടകങ്ങൾ വിഘടിച്ച് ആദ്യമെത്തുന്നത് രക്തത്തിലാണ്. മദ്യം വിഘടിക്കുമ്പോഴുണ്ടാകുന്ന ഈഥൈൽ എസ്റ്റേഴ്സ് തലച്ചോറിലെത്തുമ്പോൾ മസ്തിഷ്ക കോശങ്ങളിലെ ഊർജ വിനിമയത്തിന്റെ തോത് കുറയും. അതുമൂലം, അവിടേക്കെത്തുന്ന ഓക്സിജന്റെ അളവിലും കുറവുണ്ടാകും. ദീർഘകാല ഓർമ നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഹിപ്പോകാംപസിനെയാണ് മദ്യപാനം പ്രധാനമായും ബാധിക്കുന്നത്. പുകവലിയും ഓർമശക്തിയെ ബാധിക്കുന്ന മറ്റൊരു ദുശ്ശീലമാണ്. പുകയിലയിലെ നിക്കോട്ടിൻ രക്തധമനിയെ ബാധിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. അങ്ങനെ മസ്തിഷ്ക കോശങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരുന്നു. ഇത് കോശങ്ങളുടെ നാശത്തിനും ഓർമക്കുറവിനും ഇടയാക്കുന്നു.

∙മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഓർമശക്തിയെ ബാധിക്കുമോ?

ഉറപ്പായും ബാധിക്കും. ഇപ്പോൾ സ്വന്തം മൊബൈൽ നമ്പർ മാത്രമാണ് പലർക്കും ഓർമയുള്ളത്. മറ്റു നമ്പറുകൾ മനഃപാഠമാക്കാൻ ആരും മിനക്കെടാറില്ല. വിശേഷപ്പെട്ട ദിവസങ്ങളും മറ്റും മൊബൈലിൽ റിമൈൻഡറായി സെറ്റ് ചെയ്യുകയാണ് പതിവ്. ചെറിയ കണക്കുകൂട്ടലുകൾ ചെയ്യാൻ പോലും മൊബൈലിനെയാണ് പലരും ആശ്രയിക്കുന്നത്. ഇത്തരം ശീലങ്ങൾ മസ്തിഷ്കത്തിന്റെ ജോലി കുറയ്ക്കും. അപ്പോൾ തലച്ചോറിന്റെ പ്രവർത്തനം മന്ദീഭവിക്കും.

∙ അനാരോഗ്യകരമായ ഭക്ഷണശീലം ഓർമയെ ബാധിക്കുമോ?

mangunno-ormayude-vettom-1-5

ശരിയായ ഭക്ഷണശീലങ്ങളില്ലാത്തത് ഓർമക്കുറവിന് കാരണമാകും. തലച്ചോറിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ഊർജം ആവശ്യമാണ്. ജങ്ക്ഫുഡും അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളും ശരീരത്തിനു യാതൊരു പോഷണങ്ങളും നൽകുന്നില്ല. മാത്രമല്ല, അവ മസ്തിഷ്ക കോശങ്ങളുടെ നാശത്തിനു കാരണമാകുന്നെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുമുണ്ട്. എണ്ണയിൽ വറുത്തെടുത്ത മാംസം, ബേക്കറി പലഹാരങ്ങൾ, കൃത്രിമ മധുരങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കണം.

∙ ഏതു പ്രായത്തിലാണ് സ്മൃതിസംബന്ധ രോഗങ്ങൾ വരാനുള്ള സാധ്യത?

60 വയസ്സിനു മുകളിലുള്ളവരിൽ സ്മൃതിസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതയേറെയാണ്. 60 വയസ്സിനു താഴെ പ്രായമുള്ളവരിൽ വരുന്ന മറവിരോഗത്തെ ഏർലി ഡിമെൻഷ്യ (early dementia) എന്നാണ് പറയുന്നത്.

∙ മറവിരോഗം പാരമ്പര്യമായി വരാൻ സാധ്യതയുണ്ടോ?

ഫസ്റ്റ്ഡിഗ്രി റിലേറ്റീവ്‌സിൽ പാരമ്പര്യമായി മറവിരോഗങ്ങൾ വരാൻ 39 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അൽസ്ഹൈമേഴ്സ് ഡിമെൻഷ്യയിൽ അമൈലോയ്ഡ് പ്രികർസർ പ്രോട്ടീൻ (amyloid precursor protein), പ്രീസെലിനിൻ  പ്രോട്ടീൻ (presenilin  protein) എന്നീ ജീനുകളുടെ വ്യതിയാനം കാരണം  മറവിരോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്. 

mangunno-ormayude-vettom-1-6

∙  മാനസിക സമ്മർദ്ദം അധികമായവരെ ഏതു പ്രായത്തിലും മറവിരോഗം കീഴടക്കുമോ?

ഡിമൻഷ്യ അഥവാ മേധാക്ഷയത്തെ രണ്ടായി തരംതിരിക്കാം– ട്രൂ ഡിമെൻഷ്യയെന്നും സ്യൂഡോ ഡിമൻഷ്യയെന്നും. അമിതമായ ടെൻഷനും ആകാംക്ഷയും കാരണമുണ്ടാകുന്ന ഓർമക്കുറവാണ് സ്യൂഡോ ഡിമെൻഷ്യ. അതൊരു പരിധിക്കപ്പുറത്ത് ദൈനംദിന ജീവിതത്തെ ബാധിക്കില്ല. ഏത് പ്രായത്തിലും സ്യൂഡോ ഡിമെൻഷ്യ ബാധിക്കാമെങ്കിലും ചെറുപ്പക്കാരിലാണ് ഇത് കൂടുതൽ കാണുന്നത്. അത്തരം ബുദ്ധിമുട്ട് സ്വയം തിരിച്ചറിഞ്ഞാൽ ഒരു ന്യൂറോളജിസ്റ്റിന്റെ സഹായംതേടാം. രോഗചരിത്രം കൃത്യമായി വിലയിരുത്തിയും ചില കൊഗ്നിറ്റീവ് ടെസ്റ്റുകളിലൂടെയും ഏതുതരം മറവിരോഗമാണെന്ന് കണ്ടുപിടിക്കാനാകും. അതിനുസരിച്ചുള്ള മരുന്നുകൾ നൽകിയാൽ സ്യൂഡോ ഡിമൻഷ്യ തീർച്ചയായും ഭേദമാക്കാൻ സാധിക്കും. 

∙ ആബ്സന്റ് മൈൻഡഡ് ആയി ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോഴൊക്കെ മറവി രോഗമായി തെറ്റിദ്ധരിക്കപ്പെടാറില്ലേ? എങ്ങനെയാണ് യഥാർഥ രോഗിയെ തിരിച്ചറിയുക?

തീർച്ചയായും തെറ്റിദ്ധരിക്കപ്പെടാം. ഒപിയിലെത്തുന്ന ചെറുപ്പക്കാരിൽ പലരും പറയുന്നത് സാധനങ്ങൾ എവിടെ വച്ചുവെന്ന് അവർക്ക് ഓർക്കാൻ സാധിക്കുന്നില്ലെന്നും പഴയപോലെ കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റുന്നില്ലെന്നുമൊക്കെയാണ്. അവരുടെ മറവി ട്രൂ ഡിമെൻഷ്യയാണോ സ്യൂഡോ ഡിമൻഷ്യയാണോ എന്ന് ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. 

സ്യൂഡോ ഡിമെൻഷ്യയുള്ള ആളുകൾക്ക് മാനസിക പിരിമുറുക്കങ്ങളോ ഡിപ്രഷന്റെ ലക്ഷണങ്ങളോ ഉണ്ടാകും. രോഗി തന്നെ മറവിയുള്ളതിനെപ്പറ്റി കൂടുതലായി സംസാരിക്കും. അവരുടെ ആത്മവിശ്വാസം, ശ്രദ്ധ ഇവയൊക്കെ കുറയും. അവർക്ക് മുൻപു വിഷാദത്തിന്റെയോ മാനിയയുടെയോ ലക്ഷണങ്ങൾ ഉണ്ടായേക്കാം. അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായേക്കാം. കൊഗ്നിറ്റീവ് ടെസ്റ്റുകൾ ആവർത്തിക്കുമ്പോൾ അതിന്റെ ഫലങ്ങളിലോരോന്നിലും വ്യത്യാസം കാണും. അവരുടെ സിടി സ്കാനിലും ഇഇജിയിലും പ്രത്യേക അബ്നോർമാലിറ്റിയൊന്നും കാണുകയില്ല. എന്നാൽ ഡിമെൻഷ്യയിൽ വളരെ പതുക്കെ ലക്ഷണങ്ങൾ കൂടുന്നതായി കാണും. അധികം പേരും തനിക്കു മറവിയുണ്ടെന്ന് സമ്മതിക്കില്ല. മറവിയുണ്ടെന്ന് തിരിച്ചറിയുന്നത് ബന്ധുക്കളായിരിക്കും. അവർക്ക് പഴയ കാര്യങ്ങൾ ഓർത്തെടുക്കാനാണ് കൂടുതൽ പ്രയാസം. കൊഗ്നിറ്റീവ് ടെസ്റ്റുകൾ എത്ര ആവൃത്തി നടത്തിയാലും ഫലത്തിൽ വ്യത്യാസം വരുന്നില്ല. അവരുടെ സ്കാൻ റിപ്പോർട്ടിൽ മസ്തിഷ്കം ചുരുങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണാം.

∙ മറവി രോഗം കണ്ടെത്താൻ പിന്തുടരുന്ന ചികിൽസാരീതികളെന്തൊക്കെ?

mangunno-ormayude-vettom-1-4

1. കൊഗ്നിറ്റീവ് സ്ക്രീനിങ്

2. ന്യൂറോ സൈക്കോളജിക്കൽ അസസ്മെന്റ്‌

3. ഇമേജിങ് (സിടി സ്കാൻ‌ അല്ലെങ്കിൽ എംആർഐ)

4. ലാബ് ഇവാല്യുവേഷൻ ( ബ്ലഡ്ടെസ്റ്റ്)

കൊഗ്നിറ്റീവ് സ്ക്രീനിങ്ങും ന്യൂറോസൈക്കളോജിക്കൽ ടെസ്റ്റും ഒരു ബാറ്ററി ഓഫ് ടെസ്റ്റാണ്. ട്രൂ ഡിമെൻഷ്യയാണോ സ്യൂഡോ ഡിമെൻഷ്യയാണോ എന്നു കണ്ടുപിടിക്കാനായാണിത് നടത്തുന്നത്. ട്രൂ ഡിമെൻഷ്യയാണെങ്കിൽ തലച്ചോറിന്റെ ഏതു ഭാഗമാണ് ചുരുങ്ങുന്നത് എന്നറിയാനും അതിനു ട്രീറ്റ്മെന്റ് കൊടുക്കാനുമാണ് ശ്രദ്ധിക്കുന്നത്. ഇമേജിങ്ങ് ചെയ്യുന്നത് തലച്ചോറിന് ശരിക്കും ചുരുക്കം സംഭവിച്ചിട്ടുണ്ടോ, തലച്ചോറിലെന്തെങ്കിലും കട്ടി പോലെയുണ്ടോ, വെള്ളംകെട്ടി നിൽക്കുന്നുണ്ടോ, ബ്ലീഡിങ്ങുണ്ടോ, മൾട്ടിപ്പിൾ ക്ലോട്ടുപോലെ ഫോം ചെയ്തിട്ടുണ്ടോ എന്നൊക്കെ അറിയുന്നതിനുവേണ്ടിയാണ്. ഇവയിൽ ഏതാണു കാരണമെന്ന് കൃത്യമായി കണ്ടുപിടിക്കാനാണ് സ്കാൻ ചെയ്യുന്നത്.

ഹോർമോൺ വ്യതിയാനം, തൈറോയിഡിന്റെ വ്യതിയാനം, പോഷകാഹാരങ്ങളുടെ കുറവ്, വിറ്റാമിനുകളുടെ കുറവ്, അണുബാധയുടെ ലക്ഷണങ്ങൾ ഇവയൊക്കെയുണ്ടോയെന്നറിയാനാണ് രക്തസാമ്പിളുകൾ പരിശോധിക്കുന്നത്. ഈ പരിശോധനകളിലൂടെ ഏതുതരം മറവിരോഗമാണെന്നു കണ്ടെത്തി അതിനനുസരിച്ചുള്ള ചികിൽസാ രീതികൾ അവലംബിക്കുകയാണ് ചെയ്യുന്നത്. ട്രൂഡിമെൻഷ്യയാണെങ്കിൽ, ചികിൽസിച്ചു ഭേദമാക്കാവുന്ന വിഭാഗത്തിലുള്ളവയാണെങ്കിൽ അതിന്റേതായ ചികിൽസ നൽകും. ഭേദമാക്കാൻ സാധിക്കാത്ത തരം മറവിരോഗമാണെങ്കിൽ രോഗതീവ്രത കുറയ്ക്കാനുള്ള മരുന്നുകൾ കൊടുക്കും. ഉദാഹരണത്തിന് അൽസ്ഹൈമേഴ്സ് ഡിമെൻഷ്യ ആണെങ്കിൽ നാഡീകോശങ്ങൾ ചുരുങ്ങുകയോ ദ്രവിക്കുന്നതോ ആയ അവസ്ഥയാണെങ്കിൽ നാഡികൾ തമ്മിൽ സംവദിക്കുന്നതിനു സഹായകമാകുന്ന അസൈറ്റൈൽകോളിൻ എന്ന രാസവസ്തു കുറവായി കാണപ്പെടും. ഈ ഘട്ടത്തിൽ അതിനുള്ള മരുന്നു നൽകുകയാണ് ചെയ്യുന്നത്.

∙മറവിരോഗം ബാധിച്ചവരെ പരിചരിക്കുന്നവർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

ഒരുകൊച്ചു കുട്ടിയെ പരിചരിക്കുന്ന മനോഭാവത്തോടെ വേണം മറവിരോഗമുള്ളവരെ പരിചരിക്കാൻ. വളരെ ക്ഷമയും സഹിഷ്ണുതയും പുലർത്തേണ്ട ജോലിയാണത്. രോഗികളുടെ കുറ്റപ്പെടുത്തലുകളും ശകാരങ്ങളും കേൾക്കേണ്ടി വന്നേക്കാം. നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുമ്പോഴും മലമൂത്രവിസർജ്ജനം നിയന്ത്രണാതീതമാകുന്ന ഘട്ടത്തിലും രോഗിക്ക് പരിചരിക്കുന്നവർ നല്ല പിന്തുണ നൽകണം. രാത്രിസമയങ്ങളിലൊക്കെ ഉറക്കമൊഴിച്ച് അവരുടെകൂടെയിരിക്കേണ്ടി വരും. ഈ സമയത്തൊക്കെ രോഗികളെ പരിചരിക്കുന്നവർക്കും കുടുംബാംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പരിചരിക്കാനുള്ള ചുമതല ഒരാളെത്തന്നെ ഏൽപിക്കാതെ വീട്ടിലെ ആളുകൾ മാറിമാറി രോഗീ പരിചരണം ഏറ്റെടുക്കുന്നത് നന്നായിരിക്കും. ഇത് അവരുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

∙  മറവിരോഗം പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ല എന്നു പറയുന്നത് ശരിയാണോ?.

ഏതുതരത്തിലുള്ള മറവിരോഗമാണ് ബാധിച്ചിരിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയാലേ പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാനാകുമോ എന്നു പറയാൻ സാധിക്കൂ. സ്യൂഡോഡിമെൻഷ്യ, ഹോർമോൺ വ്യതിയാനം, വാതരോഗം, മദ്യപാനം തുടങ്ങിയവയെത്തുടർന്നുണ്ടാകുന്ന മറവിരോഗങ്ങൾ എന്നിവ പൂർണമായും ചികിൽസിച്ചു ഭേദമാക്കാനാകുന്നവയാണ്. കോശങ്ങൾ ദ്രവിച്ചു പോകുന്നതിനെത്തുടർന്നുണ്ടാകുന്ന ഡീജെനറേറ്റീവ് ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് ഡിമെൻഷ്യ, ഫ്രോന്റോ ടെംപറൽ ഡിമെൻഷ്യ, ഡിമെൻഷ്യ വിത്ത് ലെവിബോഡിസ് തുടങ്ങിയ മറവി രോഗങ്ങളെ പൂർണമായി ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ല.

മറവിരോഗമുണ്ടെന്ന് സ്വയം സംശയം തോന്നിയാൽ, അല്ലെങ്കിൽ അടുപ്പമുള്ളവർ അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ അവഗണിക്കാതെ എത്രയും വേഗം വിദഗ്ധചികിൽസ നേടാൻ ശ്രമിക്കണം. പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്ന തരത്തിലുള്ള മറവിരോഗമല്ല ബാധിച്ചിരിക്കുന്നതെങ്കിൽപ്പോലും ചികിൽസയിലൂടെ അതിന്റെ തീവ്രത കുറയ്ക്കാനാകും. ചുറ്റുമുള്ളവരുടെ സ്നേഹപൂർണമായ പരിചരണം കൂടി ലഭിച്ചാൽ ഒരു പരിധി വരെ മറവിരോഗത്തെ അതിജീവിക്കാൻ കഴിയും...

അടുത്ത ഭാഗം: മറവിരോഗത്തെ ഭയക്കാതെ ഓർമ കൂട്ടാനുള്ള വഴികൾ തേ‌ടാം

Content Summary : Neurologists Dr. Krishnasree K.S Talks About Dementia, Symptoms, Causes And Treatments

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA