ADVERTISEMENT

ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നതും ഭയക്കുന്നതും കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തെയാണ്. ഈ വകഭേദം എത്രത്തോളം ഗുരുതരമാണെന്നോ വാക്സീനെ പ്രതിരോധിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാകുന്നതേ ഉള്ളു. യാത്രാവിലക്കുകൊണ്ട് രാജ്യത്തെ അടച്ചുകെട്ടി സംരക്ഷിക്കുമ്പോഴും രോഗം എത്രത്തോളം ഗുരുതരമാക്കുമെന്നോ മരണസംഖ്യ ഉയര്‍ത്തുമോ എന്നും അറിയാന്‍ ഇനിയും കാത്തിരിക്കണം. വ്യാപനശേഷി കൂടുതലാണ് എന്നതിനപ്പുറം വൈറസിന്‍റെ സ്വഭാവം ഇനിയും വ്യക്തമല്ല. കൃത്യമായ ഉത്തരത്തിന് ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വരും. 

 

ലോകത്ത് ആയിരക്കണക്കിന് പല തരത്തിലുള്ള കോവിഡിന്‍റെ വകഭേദങ്ങള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇതില്‍ തീവ്രത കുറഞ്ഞതും കൂടിയതുമുണ്ട്. ഡെല്‍റ്റയാണ് ഇതുവരെ കണ്ടതില്‍ കൂടുതല്‍ പ്രശ്നക്കാരന്‍.  ഒമിക്രോണ്‍ അതിലും കൂടുതല്‍ അപകടകാരിയാകുന്നത് എങ്ങനെയാണ് എന്നതാണ് ചോദ്യം. അത് യഥാര്‍ഥ കൊറോണ വൈറസില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് എന്നതാണ് ആശങ്കയ്ക്ക് കാരണം. നമ്മള്‍ വാക്സീന്‍ വികസിപ്പിച്ച വൈറസില്‍നിന്ന് തീര്‍ത്തും വ്യത്യസ്തം. ആകെ 50 ജനിതമാറ്റങ്ങള്‍ വൈറസിന് സംഭവിച്ചതില്‍ 30ഉം സ്പൈക് പ്രോട്ടീനിലാണ് എന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.

 

ഒരാളില്‍നിന്ന് മറ്റെരാളിലേക്ക് പെട്ടെന്ന് പടരും എന്നല്ലാതെ പുതിയ വകഭേദത്തിന് രോഗം ഗുരുതരമാക്കാനോ മരണസംഖ്യ ഉയര്‍ത്താനോ സാധിക്കും എന്ന് കണ്ടെത്തിയിട്ടില്ല. കൂടുതല്‍ ഗവേണഷങ്ങളിലൂടെ മാത്രമേ വൈറസിന്‍റെ യഥാര്‍ഥ സ്വഭാവം കൃത്യമായി മനസിലാക്കാനാകൂ.

 

നിലവില്‍ കോവിഡ് വരുന്നവരില്‍ കാണുന്ന ലക്ഷണങ്ങള്‍ തന്നെയാണ് ഒമിക്രോണ്‍ ബാധിച്ചവരിലും. വാക്സീനെടുത്തും രോഗം ഭേദമായുമൊക്ക പ്രതിരോധശേഷി കൈവരിച്ചവരില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്നാണ് അറിയേണ്ടത്. ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബിള്‍ ഡിസീസ്‍ നല്‍കുന്ന വിവരമനുസരിച്ച് ഒമിക്രോണ്‍ ബാധിച്ച ചിലര്‍ക്ക് രോഗലക്ഷണങ്ങളുമില്ല. 

 

ആഫ്രിക്കൻ രാജ്യങ്ങള്‍ ആകെയെടുത്താല്‍ ശരാശരി ഏഴു ശതമാനം മാത്രമാണ് രണ്ടു ഡോസ് വാക്സീന്‍ സ്വീകരിച്ചത്. ചിലയിടത്ത് ഇത് മൂന്നുശതമാനത്തില്‍ താഴെയാണ്. എന്നാല്‍ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇൗ ശരാശതി 40 ശതമാനമത്തിന് മുകളിലാണ്.  വൈറസിന് ഇത്രയും വലിയ ജനിതമാറ്റമുണ്ടായത് അഫ്രിക്കന്‍ രാജ്യങ്ങളിലെ വാക്സിനേഷനിലെ മെല്ലപ്പോക്കാണെന്നും വിലയിരുത്തലുണ്ട്. ഒമിക്രോണ്‍ വാക്സീന്‍ പ്രതിരോധത്തെ മറികടക്കുമോ എന്ന ആശങ്കയ്ക്കിടയിലും വാക്സിനേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ സ്ഥിതി ആഫ്രിക്കയിലേതിന് സമാനമാകില്ലെന്ന വിലയിരുത്തലുമുണ്ട്. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ചുരുക്കം.

English Sumamry : Coronavirus Omicron variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com