രോഗികൾ കുറയുമ്പോഴും ആശങ്ക തീരുന്നില്ല; ഒരുമാസം സംസ്ഥാനത്ത് എച്ച്ഐവി അണുബാധിതരാകുന്നത് ശരാശരി 100 പേർ

HIGHLIGHTS
  • ഈ വർഷം എച്ച്ഐവി പോസിറ്റീവായത് 691 പേര്‍
  • കോവിഡ് കാലത്ത് സഹായധനം സ്വീകരിച്ചത് 7427 പേർ
hiv
SHARE

ഇന്ന് (ഡിസംബർ 1) ലോക എയ്ഡ്സ് ദിനം. എയ്ഡ്സിനെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ 1988 ൽ ആരംഭിച്ചതാണ് എയ്ഡ്സ് ദിനാചരണം. ‘അസമത്വങ്ങൾ അവസാനിപ്പിക്കാം. എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. 2030ഓടെ പുതിയ എച്ച്ഐവി കേസുകൾ ഇല്ലാതാക്കുകയെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.

ലോകത്താകമാനം 3.8 കോടി എച്ച്ഐവി ബാധിതർ ഉണ്ടെന്നാണു കണക്ക്. 2020ൽ മാത്രം 15 ലക്ഷം ആളുകളിൽ പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. 2020ൽ മാത്രം 6.8 ലക്ഷം ആളുകൾ എയ്ഡ്സ് മൂലം മരണപ്പട്ടു. രാജ്യത്ത് 23.49 ലക്ഷം ആളുകൾ എച്ച്ഐവി ബാധിതർ ആണെന്നാണു കണക്ക്. 2020ൽ മാത്രം 69000 പേർ രാജ്യത്ത് എയ്ഡ്സ് ബാധിതരായി. സംസ്ഥാനത്തിത് 840 പേരായിരുന്നു. 2021 ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം ഈ വർഷം 691 പേരാണ് എച്ച്ഐവി പോസിറ്റീവായത്.

കേരളത്തില്‍...

പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ദേശീയ സാന്ദ്രതയേക്കാൾ കുറവായ സംസ്ഥാനമാണ് കേരളം. 0.08. ദേശീയ സാന്ദ്രത 0.22. എങ്കിലും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള കുടിയേറ്റം എയ്ഡ്സിനെയും കൊണ്ടുവരുമെന്ന ഭയം ആരോഗ്യ പ്രവർത്തകർക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ, എച്ച്ഐവി പിടിപെടാനുള്ള സാധ്യതകളിലൂടെ കടന്നുപോയിട്ടുള്ളവരെ പരിശോധിക്കാനാണു ‌നിലവിൽ മുന്‍ഗണന നൽകുന്നത്.

എങ്ങനെ തിരിച്ചറിയാം?

രക്തപരിശോധനയിലൂടെ മാത്രമേ അണുബാധ കണ്ടെത്താനാകൂ. എച്ച്ഐവിക്കെതിരായ പ്രതിവസ്തു രക്തത്തിലുണ്ടോയെന്നാണു പരിശോധിക്കുക. ഫലം വരാൻ മൂന്നു മാസം വരെ സമയമെടുക്കും. ഈ കാലയളവാണ് ജാലകവേള. ആദ്യ ടെസ്റ്റ് പോസിറ്റീവായാൽ 2 ടെസ്റ്റ് കൂടി നടത്തും. എന്നിട്ടേ എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിക്കൂ.

ആരെയെല്ലാം കൂടുതൽ ബാധിക്കുന്നു?

എയ്ഡസ് ആരെ വേണമെങ്കിലും ബാധിക്കാവുന്ന അവസ്ഥയാണെങ്കിലും ലൈംഗികത്തൊഴിലാളികളിലും ലഹരി ഉപയോഗിക്കുന്നവരിലും കൂടുതലെന്നാണു പഠനം. സാധാരണയേക്കാൾ  35 മടങ്ങാണ് ലഹരി ഉപയോഗിക്കുന്നവര്‍ എയ്ഡ്സ് ബാധിതരാകുന്നതിനുള്ള സാധ്യത.

2020ലെ കണക്കു പ്രകാരം എച്ച്ഐവി പോസിറ്റീവായവരിൽ 84 ശതമാനം പേർക്കു മാത്രമേ അവർ എയ്ഡ്സ് ബാധിതരാണെന്നറിയുകയുള്ളൂ. അവരിൽ തന്നെ 10 ശതമാനം പേർ ഇപ്പോഴും ശരിയായ ചികിത്സ നേടുന്നില്ല.

കൗൺസലിങ്ങിനായി ജ്യോതിസ് കേന്ദ്രങ്ങൾ

സംസ്ഥാനത്ത് 816 ജ്യോതിസ് കേന്ദ്രങ്ങളാണ് എയ്ഡ്സ് പരിശോധനയ്ക്കും കൗൺസലിങ്ങിനുമായി പ്രവർത്തിക്കുന്നത്. ഇതു കൂടാതെ, 2 മൊബൈൽ ഐടിസികളും 63 സുരക്ഷാ പ്രോജക്ടുകൾ വഴി കമ്യൂണിറ്റി ബേസഡ് സ്ക്രീനിങ്ങും നടത്തുന്നുണ്ട്. കൂടാതെ ചികിത്സയ്ക്കും മറ്റുമായി ഉഷസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഒക്ടോബറിലെ കണക്കനുസരിച്ച് 25775 പേരാണ് ഉഷസിൽ പേര് റജിസ്റ്റർ ചെയ്തത്. 14949 പേരാണ് നിലവിൽ ചികിത്സയിലുള്ളത് .  ഒക്ടോബർ 1 മുതൽ കെയർ സപ്പോർട്ടിങ് യൂണിറ്റുകള്‍ 7 ജില്ലകളിൽ ആരംഭിച്ചു.

ലോക്ഡൗൺ ബുദ്ധിമുട്ടിലാക്കി

പ്രതീക്ഷിക്കാതെയെത്തിയ കോവിഡും ലോക്ഡൗണും എച്ച്ഐവി ബാധിതരെയും ദുരിതത്തിലാക്കി. എച്ച്ഐവി ടെസ്റ്റുകള്‍ നടത്തുന്നതിലും ഗണ്യമായ കുറവു സംഭവിച്ചു. എയ്ഡ്സ് ബാധിതർക്ക് കോവിഡ് വാക്സീന്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായെന്നാണു ലോകരാഷ്ട്രങ്ങളെല്ലാം ‌തന്നെ അറിയിച്ചത്.

സംസ്ഥാനത്തും സമാന അവസ്ഥ തന്നെയായിരുന്നു. എന്നാൽ, കോവിഡ് ലോക്ഡൗണിൽ ആരംഭിച്ച പ്രത്യേക പദ്ധതികൾ പ്രകാരം ഒരുപരിധി വരെ ഇവർക്കു ഭക്ഷണവും മരുന്നും എത്തിക്കാനായി. 7427 പേരാണ് സഹായധനം സ്വീകരിച്ചത്. ഇതിനായി ആരോഗ്യ വകുപ്പ് 3.50 കോടി രൂപ ചെലവഴിച്ചു. സ്പെഷൽ റേഷൻ വാങ്ങിയത് 9346 കുടുംബങ്ങളാണ്. 1783 പേരാണ് മരുന്നുകൾ വാങ്ങിയത്. 918 ബിപിഎൽ കുടുംബങ്ങൾക്കും കാർഷിക മേഖലയിലുള്ള 1955 പേർക്കും പ്രത്യേക ധനസഹായം ലഭിച്ചു. വിധവാ പെൻഷൻ ലഭിച്ചത് 2832 പേർ‍ക്ക്. ‌ 470 കുടുംബങ്ങൾക്കു സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിച്ചു.  കേരള സ്റ്റേറ്റ് എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വഴിയായിരുന്നു സഹായ വിതരണം.

English Summary : World AIDS Day 2021

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA