ADVERTISEMENT

അമിതവണ്ണമുള്ളവരുടെ എണ്ണം ഇന്ത്യയില്‍ അനുദിനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് 33 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണെന്ന് അടുത്തിടെ പുറത്തു വന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ-5 റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം മുന്‍ സര്‍വേയില്‍ 2.1 ശതമാനമായിരുന്നത് ഈ സര്‍വേയില്‍ 3.4 ശതമാനമായി വര്‍ധിച്ചു. 

 

കുട്ടികളുടെ ഇടയില്‍ മാത്രമല്ല സ്ത്രീ പുരുഷന്മാരുടെ അമിതവണ്ണത്തിലും  വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. അമിത വണ്ണമുള്ള സ്ത്രീകളുടെ എണ്ണം മുന്‍ സര്‍വേയിലെ 20.6 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാരുടെ എണ്ണം 18.9 ശതമാനത്തില്‍ നിന്ന് 22.9 ശതമാനമായി വര്‍ധിച്ചതായും ദേശീയ കുടുംബാംരോഗ്യ സര്‍വേ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

 

മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറം, ത്രിപുര, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ലഡാക്ക് എന്നിവയടക്കമുള്ള സംസ്ഥാനങ്ങളില്‍ അഞ്ച് വയസ്സിന് താഴെയുള്ള അമിതവണ്ണക്കാരുടെ എണ്ണം വര്‍ധിച്ചു. അതേ സമയം ഗോവ, തമിഴ്നാട്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ അമിതവണ്ണക്കാരായ കുട്ടികളുടെ എണ്ണത്തില്‍ ഇടിവുണ്ടായി. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അമിതവണ്ണക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അമിതവണ്ണക്കാരായ പുരുഷന്മാര്‍ പെരുകി.

 

അനാരോഗ്യകരമായ ഭക്ഷണശൈലി, ശാരീരിക അധ്വാനത്തിന്‍റെ അഭാവം, ഉയരുന്ന വരുമാനം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഇതിന് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2015-16ല്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ അമിതവണ്ണക്കാരായ പുരുഷന്മാരുടെ ശതമാനം അഞ്ചായിരുന്നത് ഈ സര്‍വേയില്‍ ആറായി ഉയര്‍ന്നു. ഉയര്‍ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ ഇത് യഥാക്രമം 33 ശതമാനവും 36 ശതമാനവുമാണ്. പോഷണക്കുറവിനൊപ്പം അമിത പോഷണത്തെയും വ്യായാമമില്ലായ്മയെയും പരിഹരിക്കാനുള്ള നയപരിപാടികള്‍ കൂടി  രാജ്യത്ത് ഉണ്ടാകേണ്ടതുണ്ടെന്ന് സേവ് ദ ചില്‍ഡ്രന്‍ ന്യൂട്രീഷന്‍ വിഭാഗം മേധാവി ഡോ. അന്തര്‍യാമി ഡാഷ്  അഭിപ്രായപ്പെട്ടു.

English Summary : Spike in obesity cases in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com