64 ശതമാനം ഇന്ത്യക്കാരും ആവശ്യത്തിന് ഉറങ്ങുന്നില്ല; ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം ഉറപ്പാക്കണം

sleep
Photo credit : DimaBerlin / Shutterstock.com
SHARE

മൊബൈലും ടാബ്‌ലറ്റും ലാപ്‌ടോപ്പും സ്മാര്‍ട്ട് ടിവിയുമെല്ലാം അടങ്ങിയ തിരക്കു പിടിച്ച ആധുനിക ജീവിതത്തിന്റെ ശേഷിപ്പാണ് മനുഷ്യരിലെ ഉറക്കക്കുറവ്. ഒരു പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് ഇന്ന് നേരിടുന്ന അത്ര ഗുരുതരമായ ഉറക്കപ്രശ്‌നങ്ങള്‍ മനുഷ്യര്‍ അനുഭവിച്ചിരുന്നില്ല. 64 ശതമാനം ഇന്ത്യക്കാരും ആവശ്യത്തിന് ഉറങ്ങാത്ത സ്ഥിതിവിശേഷമുണ്ടെന്ന് എന്റര്‍ടേയ്ന്‍മെന്റ് ടൈംസ് അടുത്തിടെ നടത്തിയ ഒരു ഉറക്ക സര്‍വേയില്‍ കണ്ടെത്തി. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേര്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെ ഉറങ്ങുന്നതായും 10 ശതമാനം പേര്‍ നാലു മണിക്കൂറില്‍ താഴെ ഉറങ്ങുന്നതായും ചൂണ്ടിക്കാട്ടി. സര്‍വേ കണ്ടെത്തിയ യാഥാര്‍ഥ്യങ്ങള്‍ ഇതായിരിക്കേ ഉറക്കപ്രശ്‌നങ്ങള്‍ ശരിയായ തോതില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ ഇഎന്‍ടി കണ്‍സല്‍ട്ടന്റ് ഡോ. സഞ്ജീവ് ബാധ്‌വര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കൂടുതല്‍ പേര്‍ ഉറക്ക പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നുണ്ട്. 

ഉറക്കമില്ലായ്മ, മുറിഞ്ഞ ഉറക്കം, ഉറക്കം ആരംഭിക്കാനുള്ള പ്രശ്‌നങ്ങള്‍, സ്ലീപ് അപ്നിയ തുടങ്ങിയ നിരവധി ഉറക്ക പ്രശ്‌നങ്ങളാണ് രോഗികള്‍ പങ്കുവയ്ക്കുന്നത്. 15 ശതമാനം മുതിര്‍ന്നവരില്‍ സ്ലീപ് അപ്നിയ കാണപ്പെടുമ്പോള്‍ 3.4 മുതല്‍ അഞ്ച് ശതമാനം വരെ കുട്ടികളിലും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  കൂര്‍ക്കംവലി സ്ലീപ് അപ്‌നിയയുടെ ലക്ഷണങ്ങളില്‍ ഒന്ന് മാത്രമാണെന്നും കൂര്‍ക്കം വലിയും സ്ലീപ് അപ്‌നിയയും രണ്ടാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ഉറക്കത്തിനിടെ ശ്വാസമെടുക്കുകയും വിടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വലിയ ശബ്ദമാണ് കൂര്‍ക്കംവലി. എന്നാല്‍ സാധാരണ കൂര്‍ക്കം വലി ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കാത്തതിനാല്‍ പിറ്റേന്ന് ക്ഷീണം അനുഭവപ്പെടില്ല. അതേ സമയം സ്ലീപ് അപ്നിയ ബാധിച്ചവര്‍ക്ക് പിറ്റേ ദിവസം ക്ഷീണം, ഉറക്കച്ചടവ്, ദേഷ്യം തുടങ്ങിയവ തോന്നും. 

അടിസ്ഥാനപരമായ ചോദ്യാവലികളുടെയും ക്ലിനിക്കല്‍ പരിശോധനകളുടെയുമെല്ലാം സഹായത്തോടെയാണ് ഉറക്ക പ്രശ്‌നങ്ങള്‍ നിര്‍ണയിക്കുക. പോളിസോംനോഗ്രാഫി എന്ന ഉറക്ക പരിശോധനയിലൂടെ ഉറക്കത്തിന്റെ നിലവാരം, ഉറക്കത്തിനിടെ എത്ര തവണ ശ്വാസം നിലയ്ക്കുന്നു, ഓക്‌സിജന്‍ സാച്ചുറേഷന്‍, മറ്റ് പ്രധാന ഘടകങ്ങള്‍ തുടങ്ങിയവ അളക്കുന്നു. രോഗിക്ക് സ്ലീപ് അപ്നിയ ഉണ്ടോ എന്നത് സംബന്ധിച്ച് ചില സൂചനകളും ഈ പരിശോധന നല്‍കും. ഉറങ്ങുമ്പോള്‍ മൂക്കിലും ശ്വാസകോശത്തിലുമൊക്കെ ഉണ്ടാകുന്ന തടസ്സങ്ങളും അവയുടെ കൃത്യമായ തോതും തിരിച്ചറിയാന്‍ സ്ലീപ് എന്‍ഡോസ്‌കോപ്പിയും സഹായിക്കും. 

പകല്‍ വല്ലാത്ത ഉറക്കക്ഷീണം, ഉറക്കെയുള്ള കൂര്‍ക്കം വലി, അസ്വസ്ഥമായ ഉറക്കം, ഉറക്കത്തിനിടെ ശ്വാസംമുട്ടല്‍, പകല്‍ അമിതമായ ക്ഷീണം, കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ തലവേദന, ദേഷ്യം, മൂഡ് മാറ്റങ്ങള്‍, വരണ്ട വായ, മറവി, ഹൃദ്രോഗ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സ്ലീപ് അപ്‌നിയയുടെ ലക്ഷണങ്ങളാണ്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. 

English Summary : 64% Indians don’t sleep enough

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA