ADVERTISEMENT

കടല്‍ തീരത്ത് കൂടി നടക്കുമ്പോൾ  നല്ല മനോഹരമായ ചില കക്കകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ. പെയിന്‍റടിച്ചും അല്ലാതെയും പലയിടങ്ങളിലും വില്‍പനയ്ക്കും ഇത്തരം കക്കകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കടലിലെ അപകടകാരിയായ കോണ്‍ സ്നെയില്‍ എന്ന ഒരിനം ഒച്ചിന്‍റെ പുറം തോടാണ് ഇവ. ലോകമെങ്ങും  800ലധികം ഇനത്തില്‍പ്പെട്ട കോണ്‍ സ്നെയിലുകളാണ് ഉള്ളത്. ആരോഗ്യവാനായ ഒരു മനുഷ്യനെ മണിക്കൂറുകള്‍ക്കുള്ളില്‍ കൊല്ലാന്‍ ഈ ഒച്ചിന്‍റെ ഒരു കടി മതിയാകും. കോണ്‍ സ്നെയിലുകളിലെ ഏറ്റവും അപകടകാരിയായ സിഗരറ്റ് സ്നെയിലിന്‍റെ കടിയേറ്റാല്‍ ഒരു സിഗരറ്റ് പുകച്ച് തീരുന്ന സമയത്തിനുള്ളില്‍ കടിയേറ്റയാള്‍ മരണപ്പെട്ടിരിക്കും.  നൂറോളം മരണങ്ങള്‍ കോണ്‍ സ്നെയിലിന്‍റെ വിഷം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

 

എന്നാല്‍ ഇതേ വിഷത്തില്‍ നിന്ന് മനുഷ്യരെ ബാധിക്കുന്ന പ്രമേഹത്തിന് മരുന്നുണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ന്യൂ ഹാംപ്ഷയര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. കോണ്‍ സ്നെയില്‍ വിഷത്തിന്‍റെ വകഭേദമായ കോണ്‍ സ്നെയില്‍ ഇന്‍സുലിന്‍ ശരീരത്തിലെ ഇന്‍സുലിന്‍ ഹോര്‍മോണിനെക്കാള്‍ മികച്ച രീതിയില്‍ റിസപ്റ്ററുകളുമായി ഒട്ടിച്ചേര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരിലെ ഇന്‍സുലിനില്‍ നിന്ന് വ്യത്യസ്തമായി ഈ വിഷത്തിന്‍റെ പെപ്റ്റൈഡ് ശ്രേണിക്ക് നീളം കുറവാണ്. 

 

പ്രമേഹരോഗത്തിന്‍റെ വ്യാപനം അപകടകരമായ തോതില്‍ ഉയരുന്നതിനാല്‍ കൂടുതല്‍ ഫലപ്രദവും വിലകുറഞ്ഞതുമായ മരുന്നുകള്‍ രോഗത്തെ തടയാന്‍ ആവശ്യമാണെന്ന് സര്‍വകലാശാലയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഹരീഷ് വഷിസ്ത് പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറല്‍ മെഡിസിന്‍ സയന്‍സസിന്‍റെ ധനസഹായത്തോടെയാണ് ഗവേഷണം നടത്തിയത്. ഗവേഷണ ഫലം പ്രോട്ടീന്‍സ്, സ്ട്രക്ച്ചര്‍, ഫങ്ഷന്‍ ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.

English Summary : Study finds cone snail's venom might be able to treat diabetes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com