ADVERTISEMENT

വൈറസ് രോഗങ്ങൾ അനിയന്ത്രിതമായി വ്യാപിക്കുമ്പോഴാണ് വൈറസുകൾ ജനിതകവ്യതിയാനങ്ങൾക്ക് കൂടുതലായി വിധേയമായി അപകടസാധ്യതകളുള്ള പുതിയ വകഭേദങ്ങൾ ഉത്ഭവിക്കുന്നത്.  കോവിഡ് വൈറസിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാക്സീൻ അസമത്വമാണ് ഇപ്പോൾ ഒമിക്രോൺ വകഭേദത്തിന് ജന്മം നൽകിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ലോകരാജ്യങ്ങൾ മൊത്തമെടുത്താൽ 43% പേർക്ക് രണ്ട് ഡോസു വാക്സീനും ലഭിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാൽ 70 കോടി ജനങ്ങളൂള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ  ഒരുഡോസ് ലഭിച്ചവർ 9.9 ശതമാനവും രണ്ട് ഡോസും കിട്ടിയവർ 6.7 ശതമാനവും മാത്രമാണ്. ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ ഒന്നും രണ്ടും ഡോസ് ലഭിച്ചവർ യഥാക്രമം 28, 24 ശതമാനമാണ്. 

കോവിഡ് വാക്സീൻ ലഭ്യമായി തുടങ്ങിയ ഘട്ടത്തിൽ സമ്പന്ന രാജ്യങ്ങൾ ആവശ്യത്തിലേറെ വാക്സീൻ വാങ്ങി സ്റ്റോക്ക് ചെയ്തത് മൂലമാണ് വികസ്വരരാജ്യങ്ങൾക്ക്  അവശ്യമായ വാക്സീൻ ലഭിക്കാതെ പോയത്. ഇപ്പോൾതന്നെ അമേരിക്കയിൽ 11 കോടിയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 20 കോടിയും  വാക്സീൻ ഡോസുകൾ ബൂസ്റ്റർ ഡോസിനാവശ്യമായത് കണക്കിലെടുത്താൽ പോലും  അവശ്യത്തിൽ കൂടുതലായി കെട്ടികിടക്കയാണ്. വാക്സീൻ ഉൽപാദിപ്പിച്ച് കഴിഞ്ഞാൽ മൂന്നു മാസത്തിനകം ഉപയോഗിക്കേണ്ടതുണ്ട്.  ആഫ്രിക്കൻ രാജ്യങ്ങളും മറ്റും വാക്സീൻ കിട്ടാതെ വലയുമ്പോൾ അമേരിക്കയിൽ കാലഹരണപ്പെട്ട ഒന്നരകോടി വാക്സീൻ ഡോസുകളാണ്  കഴിഞ്ഞ സെപ്തംബറിൽ നശിപ്പിക്കപ്പെട്ടത്.

കോവിഡ് വാക്സീൻ ലഭ്യതയുടെ കാര്യത്തിൽ ധനിക ദരിദ്രരാജ്യങ്ങൾക്കിടയിലുള്ള അസന്തുലിതാവസ്ഥയെ വാക്സിൻ വർണവിവേചനം (Vaccine Apartheid) എന്നും വാക്സിൻ അസമത്വം (Vaccine Inequity) എന്നുമാണ് ജനകീയാരോഗ്യ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. വാക്സീൻ അസമത്വം പരിഹരിക്കാൻ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ കോവാക്സ്   (COVAX: COVID-19 Vaccines Global Access) എന്ന സംരംഭം  ആരംഭിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളുടെ സഹകരണത്തോടെ വികസ്വരരാജ്യങ്ങൾക്ക് സൗജന്യമായി  വാക്സീൻ  ലഭ്യമാക്കാനാണ് കോവാക്സിലൂടെ ലോകാരോഗ്യസംഘടന ശ്രമിച്ച് വരുന്നത്. 60 കോടി ഡോസുകൾ ലക്ഷ്യമിട്ടെങ്കിലും ഇതിനകം 20 കോടി ഡോസ് വാക്സീൻ 140 രാജ്യങ്ങൾക്ക് കോവാക്സ് പദ്ധതിയുടെ ഭാഗമായി നൽകി കഴിഞ്ഞിട്ടുണ്ട്. 

കോവിഡ് വാക്സീൻ ഉൽപാദനകമ്പനികളും വാക്സീൻ ഉൽപാദനവും വർധിച്ച സാഹചര്യത്തിൽ കോവാക്സ് പദ്ധതിയുമായി സഹകരിച്ച് ആവശ്യമായ ഡോസ് വാക്സീൻ വികസ്വരരജ്യങ്ങൾക്ക് ലഭ്യമാക്കാൻ സമ്പന്നരാജ്യങ്ങൾ അടിയന്തരമായി ശ്രമിക്കയാണ് വേണ്ടത്. കാരണം  ആശങ്കജനകമായ വാക്സീൻവകഭേദങ്ങൾ എവിടെയുണ്ടായാലും വികസിത രാജ്യങ്ങളിലേതടക്കം ലോകജനതയുടെ മൊത്തം ആരോഗ്യമാണ് അപകടത്തിലാവുക.

English Summary : Vaccine inequity and Virus variants origin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com