ADVERTISEMENT

ഒരാൾക്ക് രോഗം വരുന്നതിനു മുൻപ് ശരീരം ചില സൂചനകൾ തരും. നമ്മളിൽ പലരും ഇത് അവഗണിക്കുകയോ അറിയാതെ പോവുകയോ ആണ് പതിവ്. ഉദാഹരണത്തിന് അടിവയറിനുണ്ടാകുന്ന വേദന ഒരു പക്ഷേ കരൾ സംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം. അതുപോലെ ചില കാര്യങ്ങൾ മറന്നു പോകുന്നത് ഡിമൻഷ്യയുടെയോ പാർക്കിൻസൺസ് രോഗത്തിന്റെയോ സൂചനയാകാം. ഇതുപോലെ ചില ഗുരുതര രോഗത്തിന്റെ സൂചനകൾ കണ്ണുകളും നൽകും. 

 

ചില ഗുരുതര രോഗങ്ങളിലേക്കു വിരൽ ചൂണ്ടുന്ന ചില ലക്ഷണങ്ങൾ കണ്ണുകളിലൂടെ അറിയാൻ സാധിക്കും. അവ ഏതെല്ലാമെന്നു നോക്കാം. 

 

1. കാഴ്ച മങ്ങുന്നത്

 

അധികസമയം ടിവി, കംപ്യൂട്ടർ, മൊബൈൽ ഫോൺ ഇവ നോക്കിയിരിക്കുന്നതു കൊണ്ടോ ഉറക്കമില്ലായ്മ കൊണ്ടോ ആകാം കാഴ്ച മങ്ങുന്നതെന്നു കരുതുക. എന്നാൽ പ്രമേഹരോഗമുണ്ടെങ്കിലും കാഴ്ചയ്ക്ക് മങ്ങൽ വരാം. അതല്ലെങ്കിൽ തിമിരം, മാക്യുലർ ഡീജനറേഷൻ മുതലായ നേത്രരോഗങ്ങൾ ഉണ്ടെങ്കിലും കാഴ്ചയ്ക്ക് മങ്ങൽ വരാം. 

 

2. കോർണിയയിലെ വെളുപ്പ് 

 

കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ് കോർണിയ അഥവാ നേത്രപടലം. ഈ നേത്രപടലത്തിന്റെ വക്കിൽ ചുറ്റിലുമായി ഒരു വെളുപ്പ് കാണുന്നുണ്ടെങ്കിൽ അത് കൊളസ്ട്രോൾ വളരെ കൂടുതൽ ആണെന്നതിന്റെ സൂചനയാണ്. ഇത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ഒരു നേത്രരോഗവിദഗ്ധന്റെ പരിശോധനയിലൂടെയേ ഇത് വ്യക്തമാകൂ. പ്രായമാകുമ്പോഴോ LDL– ന്റെ അളവ് കൂടുമ്പോഴോ ഈ വെളുപ്പ് ഉണ്ടാകാം. ഇത് പക്ഷാഘാത സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

 

3. വീക്കവും ചുവപ്പും

 

ഉറക്കമുണർന്നയുടനെ കണ്ണുകൾക്ക് വീക്കമോ ചുവപ്പോ ഉണ്ടാകുന്നുവെങ്കിൽ അണുബാധയുടെ സൂചനയാണ്. ഇടയ്ക്കു മാത്രമേ ഇങ്ങനെ ഉണ്ടാകുന്നുള്ളൂ എങ്കിൽ ക്ഷീണവും ഉറക്കക്കുറവും ആകാം കാരണം. ഉറക്കമില്ലായ്മ കണ്ണിന് അസ്വസ്ഥത ഉണ്ടാക്കും. കണ്ണ് തുടർച്ചയായി തിരുമ്മാനും ഇത് കാരണമാകും. 

 

4. വെളുത്ത പാടുകൾ

 

കോണ്ടാക്ട് ലെൻസുകൾ ധരിക്കുന്നവർ ഉറങ്ങുന്നതിനു മുമ്പ് ലെൻസ് മാറ്റാൻ മറക്കും. ഇത് ക്രമേണ നേത്രപടലത്തിനു സമീപം വെളുത്ത പാടുകൾ വരാൻ കാരണമാകും. ഇത് ഒരു നേത്രരോഗവിദഗ്ധനെ കാണിച്ച് ചികിത്സ തേടിയില്ലെങ്കിൽ പിന്നീട് അണുബാധയ്ക്ക് കാരണമാകും. 

 

5. ഉയർന്ന രക്തസമ്മർദം

 

ഉയർന്ന രക്തസമ്മർദം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. രക്തസമ്മർദം കൂടിയാൽ അത് റെറ്റിനയിലെ രക്തക്കുഴലുകൾക്ക് ക്ഷതം ഉണ്ടാക്കുകയും ഹൈപ്പർടെൻസീവ് റെറ്റിനോപ്പതിക്കു കാരണമാകുകയും ചെയ്യും. ഇത് കണ്ണാടിയിൽ നോക്കിയാൽ കാണാനാവില്ല. അതുകൊണ്ടുതന്നെ പതിവായി നേത്രപരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്.

English Summary : Are your eyes hinting at an underlying disease? Top 5 signs to watch out for

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com