ADVERTISEMENT

മഹാമാരിയുടെ അന്തകനായി ‘ഒമിക്രോൺ’ മാറിയാലോ? അതിനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധമതം. എന്നാൽ പിന്നെ ഒമിക്രോൺ വന്നു പോകട്ടെയെന്ന് ധരിച്ചുവശാകരുത്. അതിവേഗം പടരുന്ന സ്വഭാവവും വളരെ ശക്തി കുറഞ്ഞ തോതിൽ അസുഖം വരുന്ന രീതിയും വാക്സിനേഷൻ നൽകുന്ന പ്രതിരോധവും ഹൈബ്രിഡ് ഇമ്മ്യൂണിറ്റിയും എല്ലാം ചേർന്ന് ഒമിക്രോൺ വകഭേദം മഹാമാരിയുടെ അന്തകനായി  മാറിയാൽ പോലും അത്ഭുതമില്ല. ചരിത്രം അതാണ് പറയുന്നത്.

 

മറ്റു പല മഹാമാരികളും പോലെ,  ഏതെങ്കിലുമൊരു ഘട്ടത്തിൽ ശക്തികുറഞ്ഞ ഒരു രീതിയിലേക്ക് വൈറസ് എത്തിച്ചേർന്നെ കഴിയുകയുള്ളൂ. അതിവ്യാപന ശേഷിയുള്ള, രോഗതീവ്രത വളരെ കുറഞ്ഞ തോതിൽ നിൽക്കുന്ന ഈ സ്ഥിതിവിശേഷം അതിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. കേരളത്തിലും ഭാരതത്തിലും നിലനിൽക്കുന്ന ഹൈബ്രിഡ് ഇമ്മ്യൂണിറ്റി പ്രതിഭാസവും  ഇതിന് സഹായകമായേക്കാം.

 

സ്പാനിഷ് ഫ്ലൂ കാലഘട്ടത്തിൽ ഇത്രയേറെ യാത്രകൾ ഇല്ലായിരുന്നു എന്നുള്ളത് സത്യം. എന്നാൽ വാക്സിനേഷൻ മൂലമുള്ള പ്രതിരോധം ആ കാലഘട്ടത്തിൽ അല്പം പോലുമില്ലായിരുന്നു. എന്നാലിപ്പോൾ വാക്സീൻ മൂലമൂള്ള പ്രതിരോധവും സ്വാഭാവികമായും രോഗം വന്നു പോകുന്നതുമൂലമുള്ള പ്രതിരോധവും കൂടിയാകുമ്പോൾ  ഒമിക്രോൺ കോവിഡ്-19ന്റെ അന്തകനായി മാറുവാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നു.

 

എന്നു കരുതി മഹാമാരിയുടെ ആദ്യകാലഘട്ടത്തിൽ ചിലർ വിളിച്ചു പറഞ്ഞതുപോലെ എല്ലാം തുറന്നിട്ട്, രോഗം വ്യാപിപ്പിച്ച് വ്യാപിപ്പിച്ച്  ഇല്ലാതാക്കാം എന്ന് കരുതരുതുതന്നെ.

വളരെ മൃദുവായ രീതിയിൽ അസുഖം ഉണ്ടാകുമെങ്കിലും കോടിക്കണക്കിന് ആൾക്കാരിലേക്ക് അസുഖം പെട്ടെന്ന് എത്തിച്ചേർന്നാൽ അതിലെ ഒരു ചെറിയ ശതമാനം പോലും ആശുപത്രികളെ നിറയ്ക്കും. അത്തരം നിറയലുകളുടെ പരിണിതഫലങ്ങൾ ഡൽഹിയിലും മറ്റ് ചില സ്ഥലങ്ങളിലും നാം കണ്ടതാണ്. അതുകൊണ്ടുതന്നെ വ്യാപകമായി, അതിവേഗം ഒമിക്രോൺ പടർന്നു പിടിക്കാതെ മുൻകരുതലുകൾ ശക്തിയായി തുടരണം

 

മഹാമാരിയുടെ ആദ്യകാലഘട്ടങ്ങളിൽ പറഞ്ഞുവച്ച ഹെർഡ് ഇമ്മ്യൂണിറ്റി മറ്റൊന്നാണെന്ന് ഒന്നുകൂടി ഓർമിപ്പിക്കുന്നു. അപ്പോൾ വാക്സീനും മാസ്കും സാമൂഹിക അകലവും തുറന്നിട്ട മുറികളും തുറസായ സ്ഥലങ്ങളും മുൻനിർത്തി ഒമിക്രോൺ വകഭേദം കോവിഡ്–19 കീഴടക്കുന്നത് നമുക്ക് 2022 ൽകാണാം. ചില  മലയാളം സൂപ്പർ ഹീറോ സിനിമകളിലെ നായകന്മാരെ പോലെയല്ലാതെ വസ്തുനിഷ്ഠാപരമായി, യാഥാർഥ്യബോധത്തോടെ പാൻഡെമിക് രക്ഷകനാകട്ടെ ‘ഒമിക്രോൺ’വകഭേദം.

English Summary : COVID- 19 pandemic and Omicron variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com