ADVERTISEMENT

കോവിഡ്-19 വാക്സീന്‍ എടുത്ത അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും ആന്‍റിബോഡികള്‍ ലഭിക്കുമെന്നും ഇതവര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും പഠനം. വാക്സീന്‍ എടുത്ത ശേഷവും മുലയൂട്ടാന്‍ അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഒബ്സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ഫലം. 

 

വാക്സീന്‍ എടുത്ത അമ്മമാരുടെ മുലപ്പാലില്‍ മാത്രമല്ല ഇവര്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുടെ മലത്തിലും ആന്‍റിബോഡി സാന്നിധ്യം മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ഒന്നര മാസം മുതല്‍ 23 മാസം വരെയുള്ള കുഞ്ഞുങ്ങളില്‍ ഇത്തരത്തില്‍ ആന്‍റിബോഡി സാന്നിധ്യം കണ്ടെത്താനായി. അമേരിക്കയിലെ 30 മുലയൂട്ടുന്ന അമ്മമാരിലും അവരുടെ കുഞ്ഞുങ്ങളിലുമാണ് ഗവേഷണം നടത്തിയത്. ഇവരില്‍ പലരും ആരോഗ്യപ്രവര്‍ത്തകരായിരുന്നു. 2021 ജനുവരി-ഏപ്രില്‍ മാസത്തിനിടെയാണ് ഇവര്‍ക്ക് കോവിഡ് എം ആര്‍എന്‍എ വാക്സീന്‍ നല്‍കിയത്. 

 

വാക്സീന്‍ എടുക്കുന്നതിന് മുന്‍പും വാക്സീന്‍ ആദ്യ ഡോസ് എടുത്ത ശേഷം 2-3 ആഴ്ച കഴിഞ്ഞും രണ്ടാമത്തെ ഡോസിന് മൂന്നാഴ്ച കഴിഞ്ഞും മുലപ്പാല്‍ സാംപിളുകള്‍ ഇവരില്‍ നിന്ന് ശേഖരിച്ചു. ആദ്യ ഡോസിന് 19 ദിവസങ്ങള്‍ക്ക് ശേഷവും രണ്ടാമത്തെ ഡോസിന് 21 ദിവസങ്ങള്‍ക്ക് ശേഷവും രക്ത സാംപിളുകളും ഇവർ  നല്‍കി. അമ്മമാര്‍ വാക്സീന്‍ രണ്ടാമത്തെ ഡോസ് എടുത്ത് 21 ദിവസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞുങ്ങളുടെ മലത്തിന്‍റെ സാംപിള്‍ എടുത്തത്ത്. 

 

മുലപ്പാലിലും കുഞ്ഞുങ്ങളുടെ മലത്തിലും വാക്സീന്‍ എടുത്ത ശേഷം IgG, IgA  ആന്‍റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായി. മുലപ്പാലില്‍ കണ്ടെത്തിയ IgG ആന്‍റിബോഡികള്‍ കൊറോണ വൈറസിന്‍റെയും അതിന്‍റെ നാല് വകഭേദങ്ങളുടെയും സ്പൈക് പ്രോട്ടീനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളതാണ്. മുലപ്പാലില്‍ സൈറ്റോകീന്‍ തോതും വര്‍ധിച്ചിരുന്നത് അവയുടെ പ്രതിരോധ ശേഷിയെ സൂചിപ്പിക്കുന്നു. 

 

കുട്ടികളുടെ മലത്തില്‍ 33 ശതമാനം IgG ആന്‍റിബോഡികളും 30 ശതമാനം IgA ആന്‍റിബോഡികളും കണ്ടെത്താനായി. ഈ ആന്‍റിബോഡികളുടെ തോത് അമ്മമാര്‍ക്ക് വാക്സീൻ എടുത്ത  ശേഷം ഉണ്ടായ പാര്‍ശ്വഫലങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ പറയുന്നു. വാക്സീന്‍ എടുത്ത ശേഷം വയ്യാതായ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ നിന്ന് ശേഖരിച്ച മലത്തില്‍ കൂടുതല്‍ അളവില്‍ ആന്‍റിബോഡി സാന്നിധ്യമുണ്ടായി. വാക്സീന്‍ എടുക്കുമ്പോൾ  ചില ബുദ്ധിമുട്ടുകള്‍ അമ്മമാര്‍ക്ക് ഉണ്ടായാലും കുഞ്ഞുങ്ങള്‍ക്ക് അതുകൊണ്ട് ഗുണമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

English Summary : Covid-vaccinated Mothers pass on Antibodies to Babies via Breast Milk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com