ADVERTISEMENT

ഹൃദയ ശസ്ത്രക്രിയാരംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാലയിലാണ് ശസ്ത്രക്രിയ നടന്നത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവച്ചത്.

 

ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മൂന്നുദിവസം പിന്നിടുമ്പോള്‍ രോഗി സുഖമായിരിക്കുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഡേവിഡില്‍  പിടിപ്പിച്ചത്.  ശസ്ത്രക്രിയ ഏകദേശം എട്ടു മണിക്കൂർ നീണ്ടുനിന്നു. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. 

 

48 മണിക്കൂർകൂടി യന്ത്രസഹായത്തോടെയാകും ഡേവിഡ് ജീവിക്കുക. അതിനു ശേഷമാകും പൂർണ ആരോഗ്യവാനായി അദ്ദേഹത്തിനു ജീവിക്കാൻ കഴിയുമോ എന്നുള്ള അന്തിമ വിലയിരുത്തലിലേക്കു പോകാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. 

 

അവയവമാറ്റത്തിനായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വളരെ ഉയർന്ന നിരക്കിലാണ്. പക്ഷേ അതിനനുസരിച്ച് ദാതാക്കളെ കിട്ടാനില്ലാത്തതു കൊണ്ടാണ് ഇത്തരം ഒരു പുതിയ പരീക്ഷണത്തിന് വൈദ്യശാസ്ത്രം തയാറായത്. 

 

മനുഷ്യ ശരീരരവുമായി പൊരുത്തപ്പെട്ടു പോകുന്ന തരത്തിൽ നാലു പ്രാവശ്യം ജനികമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇപ്പോൾ ഡേവിഡിൽ വച്ചുപിടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസം കൂടി കഴിഞ്ഞാലേ ഈ ശസ്ത്രക്രിയയുടെ വിജയത്തെക്കുറിച്ച് പൂർണമായി പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.

English Summary : Man gets genetically-modified pig heart in world-first transplant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com