ADVERTISEMENT

വായു മലിനീകരണം, മോശം ആഹാരക്രമം, അലസമായ ജീവിതശൈലി, വിവിധ തരം രാസവസ്തുക്കളുമായുള്ള ഇടപെടല്‍ എന്നിവയെല്ലാം കഴിഞ്ഞ കുറച്ച് ദശകങ്ങളില്‍ അര്‍ബുദരോഗ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഓരോ വര്‍ഷവും 9 ദശലക്ഷത്തിലധികം പേര്‍ അര്‍ബുദരോഗ ബാധിതരായി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ബാധിക്കപ്പെടുന്ന കോശങ്ങളുടെ അടിസ്ഥാനത്തില്‍ പല തരം അര്‍ബുദങ്ങളും പല ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക. കഴുത്തിലും മുഖത്തും ചെവികളിലും കാണപ്പെടുന്ന വെളുത്ത നിറത്തിലെ മെഴുക് പോലുള്ള വളര്‍ച്ച ചര്‍മത്തെ ബാധിക്കുന്ന ബാസല്‍ സെല്‍ കാര്‍സിനോമയുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

സൂര്യപ്രകാശമേല്‍ക്കുന്ന ഭാഗത്തു മാത്രമാണ് ഇത്തരത്തിലുള്ള അര്‍ബുദ ലക്ഷണങ്ങള്‍ പ്രകടമാകുക. ഈ അര്‍ബുദം ബാധിച്ചവര്‍ക്ക് ചര്‍മത്തില്‍ വലിയ സുതാര്യമായ മുഴകൾ  കാണപ്പെടാം. പല വലുപ്പത്തില്‍ വരുന്ന ഈ മുഴ സൂര്യപ്രകാശമേല്‍ക്കുന്ന ഏതു ഭാഗത്തും വരാവുന്നതാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ദീര്‍ഘനേരം ഏല്‍ക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന അര്‍ബുദമാണ് ബാസല്‍ സെല്‍ കാര്‍സിനോമ. 

 

വയര്‍, ഗുഹ്യഭാഗങ്ങള്‍ തുടങ്ങി മറച്ചു വച്ചിരിക്കുന്ന ഇടത്ത് അര്‍ബുദത്തിന്‍റെ ഭാഗമായ മുഴകള്‍ വരാറില്ല. വെളുത്തതോ, പിങ്ക് നിറത്തിലോ തവിട്ട് നിറത്തിലോ ഒക്കെ ഇത്തരം വളര്‍ച്ചകള്‍ ചര്‍മത്തില്‍ ഉണ്ടാകാം. ചിലരില്‍ നീലയും കറുപ്പും നിറത്തിലും ഇവ പ്രത്യക്ഷപ്പെടാം. ചര്‍മത്തില്‍ ഉണ്ടാകുന്ന രക്തം ഊറി വരുന്ന മുറിവുകളും അര്‍ബുദ ലക്ഷണമാണ്. ഈ മുറിവുകള്‍ ആഴ്ചകളോളം തുറന്നിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ കഴുത്തിലോ, ചെവിയിലോ മുഖത്തോ വന്നാല്‍ വൈദ്യസഹായം തേടേണ്ടതാണ്. 

 

ചര്‍മ അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് രാവിലെ 10 മുതല്‍ വൈകുന്നേരം നാലു മണി വരെയുള്ള വെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കണമെന്ന് അർബുദ രോഗ വിദഗ്ധർ പറയുന്നു. ഈ സമയത്ത് സൂര്യപ്രകാശത്തിന് ഏറ്റവും കട്ടി കൂടുതലാണ് . വെയിലത്തേക്ക് ഇറങ്ങി ജോലി ചെയ്യേണ്ടി വരുന്നവര്‍ ദേഹം മൂടുന്ന തരം വസ്ത്രങ്ങള്‍ ധരിക്കുകയോ സണ്‍സ്ക്രീന്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. ചര്‍മത്തില്‍ വരുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും നിസ്സാരമായി എടുക്കാതെ വൈദ്യസഹായം തേടണം. അസാധാരണമായ മറുകുകളോ, പാലുണ്ണിയോ, മുഴകളോ ഒക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

English Summary : The warning sign to notice on your neck, face and ears related with cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com