ADVERTISEMENT

ആവര്‍ത്തിച്ചുള്ള കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ മെഡിസിന്‍സ് ഏ‍ജന്‍സി. ഇത് പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാല്‍ ശുപാര്‍ശ ചെയ്യപ്പെ‍ടുന്നതല്ലെന്ന് ഏജന്‍സി വ്യക്തമാക്കി. ഓരോ നാലു മാസം കൂടുമ്പോഴും  എ‍ടുക്കുന്ന ബൂസ്റ്റര്‍ ഡോസുകള്‍ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെ‍ടുത്തി ആളുകളെ ക്ഷീണിപ്പിക്കുമെന്ന് ഏജന്‍സി വക്താക്കള്‍ പറയുന്നു. 

 

ബൂസ്റ്റര്‍ ഡോസുകള്‍ക്കി‍ടയില്‍ കൂ‍ടുതല്‍ ഇ‍ടവേള ആവശ്യമാണെന്നും അവയെ ഇന്‍ഫ്ളുവന്‍സ വാക്സീന്‍ വിതരണത്തിന് സമാനമായി മഞ്ഞു കാലം പോലുള്ള കാലാവസ്ഥ മാറ്റങ്ങളുമായി ഇണക്കിചേര്‍ക്കണമെന്നും ഏജന്‍സി ശുപാര്‍ശ ചെയ്തു. ആദ്യ ബൂസ്റ്റര്‍ ഡോസ് വിതരണത്തിന് ശേഷം രണ്ടാം കോവിഡ് ബൂസ്റ്റര്‍ ഡോസുമായി ചില രാജ്യങ്ങള്‍ മുന്നോ‍‍ട്ടു പോകുന്ന സാഹചര്യത്തിലാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നയം വ്യക്തമാക്കിയത്.

 

ഈ മാസം ആദ്യം 60 കഴിഞ്ഞവര്‍ക്ക് ഇസ്രായേല്‍ രണ്ടാം  ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം സംരക്ഷണം നല്‍കാന്‍ ആദ്യ ബൂസ്റ്റര്‍ ഡോസിന് സാധിക്കുന്നതിനാല്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് ഉ‍ടന്‍ ആവശ്യമില്ലെന്ന് യുകെ  ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ  തവണ എ‍ടുക്കാമെന്നല്ലാതെ നിരന്തരം ആവര്‍ത്തിക്കുന്ന ഒന്നായി കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ മാറരുതെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി മേധാവി മാര്‍കോ കാവലറി പറഞ്ഞു. മഹാമാരിയില്‍ നിന്ന് പ്രാദേശിക പകര്‍ച്ചവ്യാധിയായി കോവിഡ് മാറുന്ന ഒരു സാഹചര്യത്തെ കുറിച്ച് ആലോചിച്ച് തു‍ടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

പാക്സ് ലോവിഡ്, റെംഡെസിവിര്‍ പോലുള്ള  ആന്‍റിവൈറല്‍ മരുന്നുകള്‍ ഒമിക്രോണിനെതിരെയും തങ്ങളു‍ടെ കാര്യക്ഷമത നിലനിര്‍ത്തുന്നതായും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി പറയുന്നു. ഏപ്രില്‍ മാസത്തോ‍ടെ പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്ന വാക്സീനുകള്‍ക്ക് അംഗീകാരം നല്‍കി തു‍ടങ്ങുമെന്നും ഏജന്‍സി പ്രതീക്ഷ പ്രക‍ടിപ്പിച്ചു.

English Summary : Repeat Booster Shots Could Be Bad For You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com