ഒമിക്രോണ്‍ ബാധിച്ചവർക്ക് വീണ്ടും അണുബാധ ഏൽക്കാനുള്ള സാധ്യത കുറവെന്ന് സൂചന

covid omicron
SHARE

കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം മൂലമുള്ള കേസുകള്‍ ആഗോള തലത്തില്‍ തന്നെ ദിനം പ്രതി ഉയരുകയാണ്. ഇന്ത്യയില്‍ 3000ലധികം ഒമിക്രോണ്‍ കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്ക പോലുള്ള പല രാജ്യങ്ങളിലും പ്രബല കോവിഡ് വകഭേദമായും ഒമിക്രോണ്‍ മാറി. എന്നാല്‍ ഒമിക്രോണ്‍ മൂലം ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടുമൊരു അണുബാധയ്ക്ക് സാധ്യത കുറവാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ഒമിക്രോണ്‍ ബാധ വീണ്ടുമൊരു ഒമിക്രോണ്‍ രോഗബാധയില്‍ നിന്ന് 14 മടങ്ങ് സംരക്ഷണം നല്‍കുമെന്ന് ദക്ഷിണാഫ്രിക്കയിലെ ആഫ്രിക്ക ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണപഠനത്തിലാണ് കണ്ടെത്തിയത്. അതേ സമയം ഡെല്‍റ്റ ബാധിച്ചവര്‍ക്ക് നാലു മടങ്ങ് സംരക്ഷണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും ഗവേഷകര്‍ പറയുന്നു. ഡെല്‍റ്റയെ മറികടന്ന് ഒമിക്രോണ്‍ പ്രബല വകഭേദമാകുമെന്ന് പഠന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ  ഖദീജ ഖാന്‍ പറഞ്ഞു. രോഗതീവ്രത കുറഞ്ഞ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടന്ന് പ്രബല വകഭേദമാകുന്നതോട് കൂടി കോവിഡ് മഹാമാരി വ്യക്തികള്‍ക്കും സമൂഹത്തിനും ഉയര്‍ത്തുന്ന ഭീഷണി കുറയുമെന്നും ഗവേഷകര്‍ കരുതുന്നു. 

അതേ  സമയം വാക്സീന്‍ എടുത്തവര്‍ക്ക് വരുന്ന ബ്രേക്ക്ത്രൂ അണുബാധകള്‍ സൂപ്പര്‍ പ്രതിരോധശേഷിയിലേക്ക് നയിക്കാമെന്ന് ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സര്‍വകലാശാല നടത്തിയ മറ്റൊരു ഗവേഷണം  ചൂണ്ടിക്കാട്ടി. ഫൈസര്‍ വാക്സീന്‍റെ രണ്ടാമത് ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന ആന്‍റിബോഡികളേക്കാൾ ഫലപ്രദമാണ് ബ്രേക്ക്ത്രൂ ഇന്‍ഫെക്‌ഷനിലൂടെ ഉണ്ടാകുന്ന പ്രതിരോധശേഷിയെന്ന് ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. 

നാലാമത്തെ വാക്സീന്‍ ഡോസ് വേണോ?

മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസിന് ശേഷം നാലാമത്തെ കോവിഡ് വാക്സീന്‍ ഡോസ് ഇസ്രായേല്‍ പോലുള്ള ചില രാജ്യങ്ങളില്‍ കൊടുത്ത് തുടങ്ങി. എന്നാല്‍ ഇങ്ങനെ അടിക്കടി വാക്സീന്‍ നല്‍കുന്നത് അത്ര ഫലപ്രദമാണോ എന്ന കാര്യത്തില്‍ ആരോഗ്യവിദഗ്ധര്‍ പല തട്ടിലാണ്. നാലാമത്തെ ഡോസിന്‍റെ ആവശ്യമില്ലെന്നാണ് യുകെ ആരോഗ്യ ഏജന്‍സിയുടെ നിലപാട്. അമേരിക്ക ഇക്കാര്യത്തില്‍ നിലപാട് എടുത്തിട്ടില്ല. ബൂസ്റ്റര്‍ ഡോസിന് യോഗ്യരായ ജനങ്ങളില്‍ 35 ശതമാനത്തിനും അമേരിക്ക ഇത് നല്‍കി. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 60 ശതമാനത്തിനും അമേരിക്കയില്‍ ബൂസ്റ്റര്‍ ഡോസ് ലഭിച്ചു. എല്ലാത്തരം കോവിഡ് വകഭേദങ്ങള്‍ക്കെതിരെയും സംരക്ഷണം നല്‍കാന്‍ കൃത്യമായ മാസ്ക് ഉപയോഗം മൂലം സാധിക്കുമെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷൻ  ചൂണ്ടിക്കാട്ടി.

English Summary : Omicron variant reinfection chance

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA