ADVERTISEMENT

സ്ത്രീകളില്‍ കാണപ്പെടുന്ന ഗര്‍ഭാശയമുഖ അര്‍ബുദ(സെര്‍വിക്കല്‍ കാന്‍സര്‍) കേസുകള്‍ രാജ്യത്ത് ആശങ്കപ്പെടുത്തുന്ന വിധത്തില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ സ്ത്രീകളില്‍ 18.3 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ നിര്‍ണയിക്കപ്പെടുന്നതായാണ് കണക്ക്. നേരത്തെയുള്ള രോഗനിര്‍ണയം ഈ അര്‍ബുദ ചികിത്സയില്‍ പ്രധാനമാണ്. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ച് ബോധവത്ക്കരണം സൃഷ്ടിക്കുന്നതിന് ജനുവരി  സെര്‍വിക്കല്‍ കാന്‍സര്‍ ബോധവത്ക്കരണ മാസമായി ആചരിക്കുന്നു. 

 

എന്താണ് ഗര്‍ഭാശയമുഖ അര്‍ബുദം?

ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭപാത്രത്തിന്‍റെ ഏറ്റവും അടിവശത്തെ ഭാഗമായ സെര്‍വിക്സിലാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ രോഗം ഉണ്ടാക്കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം ഇടുപ്പിലുണ്ടാകുന്ന വേദന, യോനിയില്‍ നിന്ന് അസ്വാഭാവികമായ സ്രവങ്ങളുടെ പുറന്തള്ളല്‍ എന്നിവയെല്ലാം ഗര്‍ഭാശയമുഖ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. 

 

ചെറുപ്രായത്തിലുള്ള ലൈംഗിക ബന്ധം, പുകവലി, ക്ലമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍, ദുര്‍ബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം ഗര്‍ഭാശയമുഖ കാന്‍സറിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. 

 

പരിശോധന പ്രധാനം

21-65 പ്രായത്തില്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും  ഗര്‍ഭാശയമുഖ കാന്‍സറുണ്ടോ എന്ന് തിരിച്ചറിയാനായി പരിശോധന നടത്തണം. ഗര്‍ഭാശയ മുഖത്ത് നിന്ന് കോശങ്ങള്‍ എടുത്ത് പരിശോധിക്കുന്ന പാപ് സ്മിയര്‍ ടെസ്റ്റാണ് രോഗനിര്‍ണയത്തിന് ഉപയോഗപ്പെടുത്തുന്നത്. ഇതിനൊപ്പം എച്ച്പിവി പരിശോധനയും നടത്താം. 

 

വാക്സീന്‍ ലഭ്യം

സെര്‍വിക്കല്‍ കാന്‍സറിനെ മാത്രമല്ല ലൈംഗികാവയവങ്ങളില്‍ വരുന്ന മുഴകളെയും നിയന്ത്രിക്കാന്‍ വാക്സീന്‍ എടുക്കുന്നത് സഹായിക്കും. പെണ്‍കുട്ടികള്‍ക്ക് 12-13 വയസ്സിനിടയില്‍ എച്ച്പിവി വാക്സീന്‍ നല്‍കുന്നത് ഗര്‍ഭാശയമുഖ അര്‍ബുദ കേസുകള്‍ 90 ശതമാനത്തിനടുത്ത് കുറയ്ക്കുമെന്ന് ലണ്ടന്‍ കിങ്സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

 

 9 മുതല്‍ 45 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് എച്ച്പിവി വാക്സീന്‍ എടുക്കാം. പ്രായപൂര്‍ത്തിയാകും മുന്‍പ് കൗമാര പ്രായത്തില്‍ വാക്സീന്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. 14 വയസ്സിന് മുന്‍പ് വാക്സീന്‍ എടുത്താല്‍ ആറു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് എടുത്താല്‍ മതിയാകും. 14 വയസ്സിന് ശേഷം എടുക്കുന്നവര്‍ മൂന്ന് ഡോസ് വാക്സീന്‍ സ്വീകരിക്കണം. ആദ്യ ഡോസ് എടുത്ത് 1-2 മാസത്തിന് ശേഷം രണ്ടാം ഡോസും ആറ് മാസത്തിന് ശേഷം മൂന്നാം ഡോസും എടുക്കാം. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമല്ല എച്ച്പിവി വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കാനായി 21 വയസ്സിന് മുന്‍പ് ആണ്‍കുട്ടികള്‍ക്കും എച്ച്പിവി വാക്സീന്‍ എടുക്കാവുന്നതാണ്.

English Summary : Women to get regular screening tests for cervical cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com