ADVERTISEMENT

കോവിഡ് ചികിത്സയ്ക്കായി നിലവിൽ വ്യാപകമായി നിർദേശിക്കപ്പെടുന്ന റെംഡെസിവിര്‍, ടോസിലിസുമാബ് പോലുള്ള മരുന്നുകളുടെ ഉപയോഗം വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്ത് വിട്ട പുതിയ കോവിഡ് ചികിത്സാ മാര്‍ഗരേഖയിലാണ് ഇത് സംബന്ധിച്ച  നിര്‍ദ്ദേശമുള്ളത്. 

 

ഇതു പ്രകാരം ലക്ഷണങ്ങള്‍ തുടങ്ങി 10 ദിവസമെങ്കിലും പിന്നിടുകയും പുറമേ നിന്ന് ഓക്സിജന്‍ ആവശ്യകത ഉണ്ടാവുകയും ചെയ്യുന്ന രോഗികള്‍ക്ക് മാത്രമേ റെംഡെസിവിര്‍ പരിഗണിക്കാവൂ. വെന്‍റിലേറ്ററിലോ എക്സ്ട്രാകോര്‍പോറിയല്‍ മെമ്പറെയ്ൻ  ഓക്സിജനേഷന്‍ ചികിത്സയിലോ ഉള്ള രോഗികള്‍ക്ക് റെംഡെസിവിര്‍ നല്‍കരുതെന്നും മാര്‍ഗരേഖ പറയുന്നു. കോവിഡ് മൂലം ആശുപത്രിയിലായ രോഗികളില്‍ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രമേ ഈ മരുന്ന് നല്‍കാവുള്ളൂ എന്നും ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. 

 

അഞ്ച് മാനദണ്ഡങ്ങള്‍ എങ്കിലും പാലിക്കുന്ന രോഗികള്‍ക്ക് മാത്രമേ ടോസിലിസുമാബ് മരുന്ന് നല്‍കാവൂ എന്നാണ് മാര്‍ഗരേഖയിലെ മറ്റൊരു നിർദേശം. രോഗിക്ക് ക്ഷയമോ, ഫംഗല്‍, ബാക്ടീരിയല്‍ അണുബാധയോ ഉണ്ടാകരുത് എന്നതാണ് ആദ്യ മാനദണ്ഡം. ഓക്സിജന്‍ തെറാപ്പിയിലോ വെന്‍റിലേറ്ററിലോ കഴിയുന്ന കോവിഡ് രോഗി സ്റ്റിറോയ്ഡുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേ ടോസിലിസുമാബ് പരിഗണിക്കാവൂ. രോഗിയുടെ ശരീരത്തിലെ അണുബാധയുടെ തോതിനെ സൂചിപ്പിക്കുന്ന ഇന്‍ഫ്ളമേറ്ററി മാര്‍ക്കറുകള്‍ ഉയര്‍ന്നിരിക്കണമെന്നും മാര്‍ഗരേഖ അടിവരയിടുന്നു. 

 

മിതമായ ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ക്ക് മള്‍ട്ടിവിറ്റമിന്‍ മരുന്നുകളുടെ ആവശ്യമില്ലെന്നും പുതിയ മാര്‍ഗരേഖ പറയുന്നു. ശ്വാസംമുട്ടലോ കുറ‍ഞ്ഞ ഓക്സിജന്‍ തോതോ ഇല്ലാത്ത മിതമായ ലക്ഷണങ്ങളുള്ള രോഗികള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും പനിക്കും ചുമയ്ക്കുമുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്താല്‍ മതിയാകുമെന്ന് ഐസിഎംആര്‍ അഭിപ്രായപ്പെടുന്നു. മിതമായ കേസുകളില്‍ സ്റ്റിറോയ്ഡ് ഇഞ്ചക്‌ഷന്‍ നല്‍കേണ്ട കാര്യമില്ലെന്നും മാര്‍ഗരേഖ കൂട്ടിച്ചേര്‍ക്കുന്നു. മ്യൂകോര്‍മൈകോസിസ് പോലുള്ള സെക്കന്‍ഡറി അണുബാധയ്ക്ക് അനാവശ്യമായ സ്റ്റിറോയ്ഡ് ഉപയോഗം കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. 

 

തീവ്ര ലക്ഷണങ്ങളുള്ള രോഗികളുടെ ലബോറട്ടറി നിരീക്ഷണ പ്രോട്ടോകോളില്‍ രക്തത്തിലെ പഞ്ചസാരയുടെ പരിശോധന കൂടി പുതിയ മാര്‍ഗരേഖ ഉള്‍പ്പെടുത്തുന്നു. നേരത്തെ സിആര്‍പി, ഡി-ഡൈമര്‍, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, കിഡ്നി ഫങ്ഷന്‍ ടെസ്റ്റ്, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, ഐഎല്‍-6 തുടങ്ങിയ പരിശോധനകളായിരുന്നു പ്രോട്ടോകോളില്‍ ഉണ്ടായിരുന്നത്. കോവിഡ് മൂലമുള്ള ചുമ രണ്ടോ മൂന്നോ ആഴ്ചകളില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍ ക്ഷയരോഗ പരിശോധന നടത്തണമെന്നും  ഐസിഎംആർ  മാര്‍ഗരേഖ കൂട്ടിച്ചേര്‍ത്തു. 

English Summary : New COVID-19 treatment rules: India cuts down use of Remdesivir, Tocilizumab, multivitamins, steroids

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com