ADVERTISEMENT

കോവിഡ് ബാധിച്ചതിന് പിന്നാലെ രോഗികളില്‍ നിന്ന് ശേഖരിക്കുന്ന രക്തത്തിലെ ആന്‍റിബോഡികളുടെ തോതും അവയിലെ ചില ഘടകങ്ങളും  രോഗതീവ്രത പ്രവചിക്കാന്‍ സഹായകമാണെന്ന് പഠനം. കോവിഡ് സങ്കീര്‍ണമായി ആരൊക്കെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമെന്ന് നിര്‍ണയിക്കാന്‍ ഇത് വഴി കഴിയുമെന്ന് സ്റ്റാന്‍ഫോര്‍ഡ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

 

സ്റ്റാന്‍ഫോര്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പരിശോധന നടത്തി പോസിറ്റീവ് ആണെന്ന് തെളിഞ്ഞ 178 പേരുടെ രക്തസാംപിളുകളാണ് ഗവേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ചത്. പരിശോധനയുടെ സമയത്ത് ഇവരിലെ രോഗലക്ഷണങ്ങള്‍ മിതമായിരുന്നു. എന്നാല്‍ പിന്നീട് ഇവരില്‍ 15 പേര്‍ രോഗം തീവ്രമായി ആശുപത്രിയുടെ അടിയന്തര ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോവിഡ് പരിശോധനയുടെ സമയത്തും രോഗനിര്‍ണയം നടത്തി 28 ദിവസത്തിന് ശേഷവും എടുത്ത രക്തസാംപിളുകളിലെ ആന്‍റിബോഡികള്‍ വിലയിരുത്തിയതില്‍ നിന്ന് ഗുരുതര രോഗം ബാധിച്ചവരും അല്ലാത്തവരും തമ്മില്‍ തുടക്കം മുതലേ ആന്‍റിബോഡികളുടെ  തോതില്‍ വ്യത്യാസമുണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി. 

 

രോഗകാലഘട്ടം മുഴുവനും മിതമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ തുടക്കത്തില്‍തന്നെ മതിയായ തോതില്‍ വൈറസിനെ നീര്‍വീര്യമാക്കുന്ന ന്യൂട്രലൈസിങ് ആന്‍റിബോഡികള്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍ പറയുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ സങ്കീര്‍ണമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ തുടക്കത്തില്‍ കാര്യമായ തോതില്‍ ന്യൂട്രലൈസിങ് ആന്‍റിബോഡി സാന്നിധ്യം കണ്ടെത്താനായില്ല. ഇവരിലും അണുബാധ രൂക്ഷമായപ്പോള്‍ ന്യൂട്രലൈസിങ് ആന്‍റിബോഡികള്‍ പിന്നീട് ഉത്പാദിപ്പിക്കപ്പെട്ടു. മാത്രമല്ല രോഗം തീവ്രമായവരുടെ ആന്‍റിബോഡിയില്‍ ഫ്യൂക്കോസ് എന്ന പഞ്ചസാര തന്മാത്ര ഇല്ലായിരുന്നെന്നും  ഗവേഷകര്‍ പറയുന്നു. 

 

ഫൈസര്‍ വാക്സീന്‍റെ ഒന്നും രണ്ടും ഡോസ് വാക്സീന്‍ എടുത്ത 29 പേരിലുണ്ടായ ആന്‍റിബോഡി പ്രതികരണവും ഗവേഷകര്‍ വിലയിരുത്തി. ഇവരിലെ ആന്‍റിബോഡികളെ രോഗതീവ്രത ഉണ്ടാകാത്ത കോവിഡ് രോഗികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെയും ആന്‍റിബോഡികളുമായി താരതമ്യപ്പെടുത്തി. രണ്ട് ഡോസ്  വാക്സീന്‍  എടുത്തവരില്‍ ഉയര്‍ന്ന തോതിലുള്ള ന്യൂട്രലൈസിങ് ആന്‍റിബോഡി തോത് കണ്ടെത്തി. വാക്സീന്‍ എടുത്തവരിലും രോഗതീവ്രത ഉണ്ടാകാത്തവരിലും കാണപ്പെട്ട ആന്‍റിബോഡികളില്‍ ഫ്യൂക്കോസ് ഉയര്‍ന്ന തോതില്‍ ഉണ്ടായിരുന്നപ്പോള്‍ ആശുപത്രിയിലായിരുന്നവരില്‍ ഇതിനെ അപേക്ഷിച്ച് ഫ്യൂക്കോസ് വളരെ താഴ്ന്ന തോതിലായിരുന്നെന്നും  ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 

 

80 ശതമാനം കൃത്യയതയോടെ കോവിഡ‍് തീവ്രത പ്രവചിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കതിയ സ്റ്റാന്‍ഫോര്‍ഡ് അസിസ്റ്റന്‍റ് പ്രഫസര്‍ ടിയ വാങ് പറഞ്ഞു. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

English Summary : Antibodies in blood soon after COVID-19 onset may predict severity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com