ADVERTISEMENT

കൊറോണ വൈറസ് നമുക്ക് ചുറ്റും ഇനിയും ഉണ്ടാകുമെങ്കിലും ഒരു മഹാമാരി എന്ന നിലയിലുളള കോവിഡിന്‍റെ പ്രയാണം ഉടന്‍ അവസാനിക്കുമെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം പ്രവചിക്കുന്നു. ഒമിക്രോണ്‍ തരംഗത്തിന് ശേഷം കോവിഡ് തിരികെ വരുമെങ്കിലും നാം രണ്ടു വര്‍ഷമായി കാണുന്ന തരത്തിലുള്ള മഹാമാരി ഇനി ഉണ്ടാകില്ലെന്ന് ലേഖനം പറയുന്നു. ആരോഗ്യ സംവിധാനങ്ങള്‍ക്കും സമൂഹത്തിനും കൈകാര്യം ചെയ്യാവുന്ന മറ്റൊരു സാധാരണ രോഗമായി കോവിഡ് മാറുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷനിലെ(ഐഎച്ച്എംഇ) പ്രഫസര്‍ ക്രിസ്റ്റഫര്‍ മുറേ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടി. 

 

കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്‍റുകളും സമൂഹങ്ങളും സ്വീകരിച്ച് വരുന്ന അനന്യസാധാരണായ നടപടികള്‍ക്ക് വൈകാതെ അവസാനമാകുമെന്നും പ്രഫസര്‍ പറയുന്നു. ഒമിക്രോണ്‍ തരംഗത്തിന്‍റെ വേഗവും തീവ്രതയും കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക അന്വേഷണം പോലുള്ള നടപടികള്‍ പ്രയോജനരഹിതമാണെന്നും നിലവിലെ നിയന്ത്രണ നയസമീപനങ്ങള്‍ മാറണമെന്നും പ്രഫസര്‍ മുറേ അഭിപ്രായപ്പെടുന്നു. 

 

2022 മാര്‍ച്ച് അവസാനത്തോടെ ലോകജനസംഖ്യയില്‍ പാതിയലധികം പേരും ഒമിക്രോണ്‍ ബാധിതരാകുമെന്ന് ഐഎച്ച്എംഇ പഠന മോഡലുകളുടെ അടിസ്ഥാനത്തില്‍ ലേഖനം പറയുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്തവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ എണ്ണം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണില്‍ കൂടുതലാണ്. 2022 ജനുവരി 17ലെ കണക്ക് വച്ച് 25 രാജ്യങ്ങളില്‍ ഒമിക്രോണ്‍ തരംഗം മൂർധന്യത്തില്‍ എത്തിയിട്ടുണ്ട്. ഫെബ്രവുരി രണ്ടാം വാരത്തോടെ പല രാജ്യങ്ങളിലും ഒമിക്രോണ്‍ തരംഗം മൂര്‍ധന്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.

 

കിഴക്കന്‍ യൂറോപ്പ്, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ചില രാജ്യങ്ങളില്‍ ഇനിയും ഒമിക്രോണ്‍ തരംഗം ആരംഭിച്ചിട്ടില്ല. ഇവിടങ്ങളില്‍ കൂടി ഒമിക്രോണ്‍ തരംഗം ആരംഭിച്ച് കഴിഞ്ഞാല്‍ മാര്‍ച്ചിന് ശേഷം സ്ഥിതി മെച്ചപ്പെടുമെന്ന് ലേഖനം കണക്കാക്കുന്നു. ലോകജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിനും പല തവണ വൈറസിനെ അഭിമുഖീകരിക്കേണ്ടി വന്ന സ്ഥിതിവിശേഷവും, വാക്സീനുകളും, ബൂസ്റ്റര്‍ ഡ‍ോസുകളും ആന്‍റി വൈറല്‍ മരുന്നുകളുടെ ആവിര്‍ഭാവവും എല്ലാം ചേര്‍ന്ന് ഭാവിയിലെ തരംഗങ്ങള്‍ക്ക് ശക്തി കുറയുമെന്നും പ്രഫസര്‍ മുറേ വിശ്വാസം പ്രകടിപ്പിക്കുന്നു. മഹാമാരിയെ നേരിടാന്‍ ഭരണകൂടങ്ങളും സമൂഹങ്ങളും സ്വീകരിച്ച നടപടികളെ പ്രശംസിക്കുന്ന ലേഖനം ഇതിലൂടെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനായെന്നും കൂട്ടിച്ചേര്‍ത്തു.

English Summary : Covid will continue, but end of pandemic is near

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com